രണ്ട് മുതിർന്ന വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങൾ എങ്ങനെയായിരിക്കണം എന്നത് അവരുടെ രണ്ടുപേരുടെയും തെരഞ്ഞെടുപ്പാണ്. എന്നാൽ പങ്കാളികളിൽ ഒരാൾ, മറ്റേയാളുടെ അനുവാദമില്ലാതെ ശരീരികമായും മാനസികമായും അയാളിൽ അധികാരം സ്ഥാപിക്കുന്നുവെങ്കിൽ അത് ക്രൂരതയാണ്. ഇത്തരത്തിൽ അസ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളും പെരുമാറ്റങ്ങളും ഫാന്റസികളും പുലർത്തുന്ന, രതിവൈകൃതം ബാധിച്ച വിവേകാനന്ദന്റെ കഥ പറയുന്ന ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്.
കമൽ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് കേന്ദ്രകഥാപാത്രമായ വിവേകാനന്ദനായി വന്നിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ വിവേകാനന്ദൻ തരക്കേടില്ലാത്ത കുടുംബപശ്ചാത്തലമുള്ളയാളാണ്. ഭാര്യയും ഒരു മകളും അമ്മയുമൊക്കെയടങ്ങുന്ന സന്തുഷ്ട കുടുംബത്തോടൊപ്പം ജീവിക്കുന്ന വിവേകാനന്ദൻ പൊതുസമൂഹത്തിൽ അങ്ങേയറ്റം മാന്യനുമാണ്. മദ്യപാനമില്ലാത്ത, പുറത്തു നിന്ന് ഭക്ഷണം പോലും വാങ്ങി കഴിക്കാൻ മടിക്കുന്ന അയാളെ പോലൊരാളെ പറ്റി ആർക്കുമൊരു കുറ്റവും പറയാനില്ല എന്നതാണ് വാസ്തവം. എന്നാൽ ഏറ്റവും സ്വകാര്യമെന്ന് പറയാവുന്ന ഒരിടത്തു മാത്രം വിവേകാനന്ദൻ ഒട്ടും മാന്യനല്ല. അവിടെ അയാൾ തികച്ചും വ്യത്യസ്തനായ മറ്റൊരാളാണ്. ക്രൂരൻ എന്നല്ല, അധിക്രൂരൻ എന്ന് പറയാവുന്ന ഒരാൾ. അത് തന്റെ കിടപ്പറയിലാണ്. അതിന് ഇരകളാക്കപ്പെടുന്നവരാകട്ടെ രണ്ട് സ്ത്രീകളും. ഡയാനയും,സിതാരയും.
വിവാഹേതര ബന്ധങ്ങളില്‍ താല്‍പര്യമുള്ള, ആകര്‍ഷകത്വം തോന്നുന്ന സ്ത്രീകളെ വീഴ്ത്താന്‍ പരിശ്രമിക്കുന്ന, ആഴ്‌ചയിൽ ഒരിക്കൽ മാത്രം വീട്ടിലെത്തുന്ന അയാൾ തന്റെ വൈകൃതങ്ങൾ ഭാര്യയായ സിതാരക്ക് മുകളിലും, അല്ലാത്ത ബാക്കി ദിവസങ്ങളിൽ ലിവിങ് ടുഗദർ പങ്കാളിയായ ഡയാനക്ക് മുകളിലുമാണ് തീർക്കുന്നത്. വിവേകാനന്ദനെ സംബന്ധിച്ചിടത്തോളം ആ രണ്ടു സ്ത്രീകളും അയാളുടെ അടിമകളാണ്. ഭാര്യ തന്റെ ആജീവനാന്ദ അടിമയാണെന്നയാൾ വിശ്വസിക്കുമ്പോൾ പാർട്ണറായ ഡയാനയെ അയാൾ ഭീഷണിപ്പെടുത്തിയും, ഇമോഷണലി ദുർബലയാക്കിയൊക്കെയാണ് അടിമപ്പെടുത്തുന്നത്. ഇത്തരത്തിൽ ഭാര്യയായ സിതാരയും ലിവിങ് പാർട്ണറായ ഡയാനയും അയാളിൽ നിന്ന് ഒരേ പ്രശ്നമനുഭവിക്കുമ്പോൾ, ഇരുവർക്കും എത്ര നാൾ ആ പ്രശ്നത്തെ പുറംലോകമറിയാതെ കൊണ്ട് പോകാൻ കഴിയുമെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് സംവിധായകനിവിടെ. അതിനായി വ്ലോഗറായ ഐഷു എന്ന സ്ത്രീ കഥാപാത്രത്തെ കൂടി സംവിധായകൻ പരിചയപ്പെടുത്തുന്നു. ഐഷു പുതിയ കാലത്തിന്റെ പ്രതിനിധി കൂടിയാണ്. മൂന്ന് സ്ത്രീകൾ ഒരു പ്രശ്നത്തോട് എങ്ങനെ പോരാടുന്നു എന്നതാണ് സിനിമയുടെ കാതൽ.
ചിത്രത്തിന്റെ ആദ്യപകുതി വിവേകാനന്ദൻ എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ പ്രേക്ഷകരിലേക്കെത്തിക്കാനായി ശ്രമിക്കുമ്പോൾ തിരക്കഥ കൊണ്ട് മുന്നിട്ട് നിൽക്കുകയാണ് ചിത്രം. വിവേകാനന്ദൻ എന്ന കഥാപാത്രത്തിന്റെ നിർമ്മിതി അത്രയും നല്ല രീതിയിലാണ് സംവിധായകൻ തിരക്കഥ രൂപത്തിൽ പറഞ്ഞു ഫലിപ്പിക്കുന്നത്. പ്രവചനാതീതമായ കഥ പറച്ചിലുമായി ആദ്യപകുതി പ്രേക്ഷകരെ പിടിച്ചിരുത്തുമ്പോൾ സിനിമയുടെ താളം മൊത്തത്തിൽ തെറ്റിക്കുന്നത് രണ്ടാംപകുതിയാണ്. ദുർബലമായ തിരക്കഥ, ബോധപൂർവം പറയാൻ ശ്രമിക്കുന്ന പുരോഗമന ചിന്തകൾ /ആശയങ്ങൾ, സ്ത്രീ വാദം,പുരുഷ വാദം, ഫെമിനിസം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളാൽ രണ്ടാം പകുതി തിരക്കഥയുടെ പെർഫെക്ഷനിൽ നിന്നും തെന്നി മാറുന്നു. ‘എന്റെ ശരീരം, എന്റെ അവകാശം‘ എന്ന ആശയം സിനിമയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുവാൻ സംവിധായകൻ കഷ്ടപ്പെടുന്ന കാഴ്ചയാണ് പിന്നെ കാണാൻ സാധിക്കുന്നത്. തിരക്കഥ ഇത്തരത്തിൽ ദുർബലപ്പെട്ട് പോയ ഒന്നാണെങ്കിലും ഒരേ സമയം പകൽ മാന്യ വേഷവും പെർവേർട്ട് വേഷവും ഭംഗിയായി ചെയ്ത ഷൈൻ ടോം ചാക്കോ തന്റെ പെർഫോർമൻസിൽ തികഞ്ഞ കൈയടി അർഹിക്കുന്നു. ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം, ജിസ് ജോയ് സംവിധാനം ചെയ്ത കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ സിനിമകളിലൂടെ പറയാൻ ബാക്കി വെച്ച വിഷയമാണ് ഇവിടെ സംവിധായകൻ പൂർത്തീകരിക്കുന്നത്. ഇമേജുകളെ കുറിച്ച് ചിന്തിക്കാതെ, ഏറ്റവും ധീരമായ നിലപാടോടെയാണ് ഷൈൻ ടോം ഈ കഥാപാത്രം ചെയ്തതെന്ന് കൈയ്യടി അർഹിക്കുന്നു.
കമലിന്‍റെ സംവിധാന സഹായിയായി സിനിമയിലേക്ക് വന്നയാളാണ് ഷൈന്‍ ടോം. ഷൈൻ ആദ്യമായി നടനായി അഭിനയിച്ചത് കമലിന്റെ സിനിമയിലാണ്. ഇപ്പോൾ തന്റെ നൂറാമത്തെ ചിത്രമായ വിവേകാനന്ദന്‍ വൈറലാണ് സിനിമയുടെ സംവിധായകനും കമലാണ്. അത്യപൂർവ്വമായ ഒരു നേട്ടമാണ് ഷൈനിന് ലഭിച്ചിരിക്കുന്നത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽ സംവിധാനം ചെയ്ത ഈ സിനിമ, ഗുരുതരമായ ഒരു പ്രശ്നത്തെ കടുപ്പമായി അവതരിപ്പിക്കാനുള്ള അവസരം നിരാശാജനകമായി നഷ്‌ടപ്പെടുത്തി എന്ന് വേണം പറയാൻ. ധീരവും പ്രസക്തവുമായി ഇടപെടേണ്ടിയിരുന്ന ഒരു വിഷയത്തെ ഉൾകൊള്ളാൻ തിരക്കഥക്ക് കഴിയുന്നില്ല എന്നതാണ് ചിത്രത്തിന്റെ പരിമിതി. ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ശരത് സഭ, അൻഷാ മോഹൻ, പ്രമോദ് വെളിയനാട്, സ്‌മിനു സിജോ, നിയാസ് ബക്കർ തുടങ്ങിയ താരങ്ങൾ തങ്ങളുടെ കഥാപാത്രം ഭംഗിയായി ചെയ്തിട്ടുണ്ട്. പ്രകാശ് വേലായുധന്റെ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിങ്ങും ചിത്രത്തെ മികച്ചതും ആകർഷകവുമാക്കാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.