കോട്ടയത്തെ ഉൾനാടൻ ഗ്രാമത്തിൽ ബിരിയാണി ഉണ്ടാക്കാൻ പോകുന്ന ഒരുകൂട്ടം ചെറുപ്പക്കാർക്കിടയിലേക്ക് കോഴിക്കോട് ദം ബിരിയാണിയുടെ മേൽക്കോയ്മയുമായി ഒരാൾ കടന്നുവരുന്നതും അതിനെത്തുടർന്നുണ്ടാകുന്ന ചിരിയുടെ മേമ്പോടിയിൽ നടക്കുന്ന തുടർ സംഭവങ്ങളുമാണ് ജിയോ ബേബിയുടെ പുതിയ ചിത്രം 'ശ്രീധന്യ കാറ്ററിങ് സർവീസ്'. നീരൂപക ശ്രദ്ധ ഏറെ പിടിച്ചുപറ്റിയ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'നുശേഷം വീണ്ടും അടുക്കള രാഷ്ട്രീയവുമായാണ് സംവിധായകന്റെ വരവ്. കൃത്യമായി പറഞ്ഞാൽ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ന്റെ തുടർച്ച എന്നുതന്നെ ഈ ചിത്രത്തെ പറയാം. ആദ്യ ചിത്രത്തിൽ സ്ത്രീയുടേതെങ്കിൽ ഇപ്പോൾ പുരുഷൻമാരുടെ അടുക്കള രാഷ്ട്രീയമാണ് ചർച്ചയാവുന്നത്.
ശ്രീധന്യ കാറ്ററിങ് സർവീസ് മുതലാളി ഷിനോ മകളുടെ ഒന്നാം പെരുന്നാളിന് ബിരിയാണി വെച്ച് വിളമ്പാൻ തീരുമാനിക്കുന്നു. പരിപാടി കൊഴുപ്പിക്കാൻ മദ്യം വിളമ്പുന്നതുമുതൽ ലഹരി കണക്കെ സാവധാനത്തിൽ തുടങ്ങി മൂർധന്യാവസ്ഥയിലേക്ക് എത്തുന്നവരെയുള്ള സിംപ്ൾ ട്രാക്കാണ് ചിത്രത്തിൽ സംവിധായകൻ ചെയ്തിരിക്കുന്നത്.
ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലേതു പോലെ ബോൾഡ് ആയി സ്ത്രീ കഥാപാത്രങ്ങളാണ് ഇവിടെയും. സുഹൃത്തുകൾക്ക് സർപ്രൈസ് കൊടുക്കാൻ വരുന്ന വ്ലോഗർ പെൺകുട്ടി, രാത്രി പഞ്ചറൊട്ടിക്കാനെത്തുന്ന ഫാത്തിമ, പെട്ടി ഓട്ടോ ഓടിക്കുന്ന രാജേഷിന്റെ ഭാര്യ -ഇവരെല്ലാം ജിയോ ബേബിയുടെ രാഷ്ട്രീയവശങ്ങളിലെ വലിയ തൂണുകളാണ്.
നായക-നായിക സങ്കൽപമില്ലാതെ ചിത്രത്തിലെ എല്ലാവരും, സിനിമ കാണാനെത്തിയ പ്രേക്ഷകരെ വരെ പ്രഥാന കഥാപാത്രമാക്കുന്ന തരത്തിൽ ഇൻവോൾവ് ചെയ്യിപ്പിക്കുന്ന തിരക്കഥയാണ് ചിത്രത്തിന്റേത്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത 'തിങ്കളാഴ്ച നിശ്ചയ'ത്തിലാണ് ഇതിനുമുമ്പ് ഇത്തരത്തിൽ പ്രേക്ഷകനെ ഇൻവോൾവ് ചെയ്യിപ്പിക്കുന്ന തിരക്കഥ കണ്ടത്.
സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഏറെ ചർച്ചയായ ഒരു കണ്ണൂർ കല്യാണ രാത്രിയെ ചിലപ്പോൾ ചിത്രം ഓർമ്മിപ്പിക്കും. നാട്ടിൻപുറത്തെ തമാശവർത്തമാനവും മദ്യലഹരിയിലെ നർമ മുഹൂർത്തങ്ങളും പ്രണയവും എല്ലാം ജിയോ ബേബി കൃത്യമായി വരച്ച് ചേർത്തിട്ടുണ്ട്.
ചിത്രത്തിൽ സിബി എന്ന കഥാപാത്രമായി സംവിധായകൻ തന്നെ വേഷമിട്ടിരിക്കുന്നു. പ്രശാന്ത് മുരളി, യുവതാരം മൂർ, ജിലു ജോസഫ്, കുഞ്ഞില മാസിലാമണി, അന്ന ഫാത്തിമ തുടങ്ങി മറ്റു താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
റിയലിസ്റ്റിക് സ്വാഭാവമുള്ള ചിത്രത്തെ സാലു കെ. തോമസ് ആണ് തനിമ നഷ്ടപ്പെടാതെ ഒപ്പിയെടുത്തത്. ബേസിൽ, മാത്യൂ പുളിക്കലിന്റെ സംഗീതം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. കൂടുതൽ ചിന്തകൾക്ക് വിടാതെ ലളിത ആസ്വാദമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ 'ശ്രീധന്യ കാറ്ററിങ് സർവീസി'ന്‍റെ ഈ ദം ബിരിയാണിക്ക് പോകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.