അന്വേഷണതികവ് , കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാര്യക്ഷമത, ക്രമസമാധാന പാലനം തുടങ്ങിയ മികവുകൾ കൊണ്ട് തന്റെ സർവീസ് കാലയളവിനിടയിൽ തന്നെ നല്ല പേര് നേടിയ ഡി.സി.പി ഹരീഷ് മാധവിന്റെയും ( സുരേഷ് ഗോപി) , അയാൾ കാരണം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്ന നിഷാന്ത് എന്ന കോളജ് അധ്യാപകന്റെയും ദ്വന്ദ നായക കൈകോർക്കലാണ് ഗരുഡൻ.
മിഥുൻ മാനുവൽ തോമസിന്റെ കെട്ടുറപ്പുള്ള തിരക്കഥയില്‍ അരുൺ വർമ്മ സംവിധാനം ചെയ്ത ഗരുഡൻ മികച്ച സിനിമയാണ് എന്ന് തന്നെ വേണം പറയാൻ. കുറ്റാന്വേഷണത്തിന്റെതായ ത്രില്ലർ സ്വഭാവവും അതേസമയം തന്നെ കോര്‍ട്ട് റൂം ഡ്രാമ സ്വഭാവവും നിലനിർത്തുന്ന ചിത്രം പതിവ് സൈക്കോ കില്ലർ സിനിമകളിൽ നിന്നും ഒരു പടി കൂടി വ്യത്യസ്തമാകുന്നുണ്ട്. സിനിമ തുടങ്ങി ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ പ്രേക്ഷകർക്ക് ആ വ്യത്യസ്ത അനുഭവപ്പെട്ടു തുടങ്ങും .
ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശി എന്നിങ്ങനെയുള്ള സച്ചി സിനിമകളിൽ പ്രത്യേകമായ മാത്രം കണ്ടുവരുന്ന ദ്വന്ദ നായക കൈകോർക്കൽ തന്നെയാണ് ഇവിടെ തിരക്കഥയിൽ മിഥുൻ മാനുവൽ ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ പതിവ് സീരിയൽ കില്ലർ സിനിമകളെ പൊളിച്ചെഴുതാൻ ശ്രമിച്ചിട്ടുമുണ്ട്. ത്രില്ലർ സിനിമകളുടെതായ അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ സസ്പെൻസുകളോ സിനിമയിലൂടനീളം പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും, ഏറ്റവും അവസാനത്തെ ട്വിസ്റ്റ് വരെയും പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമക്കാവുന്നുണ്ട്. രണ്ട് നായകതാരങ്ങളെ നായക പ്രതിനായക കഥാപാത്രങ്ങളായി അവതരിപ്പിച്ച് നായക-പ്രതിനായക ദ്വന്ദ്വത്തെ കെട്ടുറപ്പുള്ളതാക്കുമ്പോൾ തന്നെ ചിത്രത്തിലെ സംഭാഷണങ്ങൾ തിയറ്ററുകളിൽ ആവേശം വിതറുന്നുണ്ട്.
തലൈവാസല്‍ വിജയിയുടെ കേണല്‍ ഫിലിപ്പ്, അഭിരാമിയുടെ ശ്രീദേവി, ദിവ്യപിള്ളയുടെ ഹരിത, ദിലീഷ് പോത്തന്റെ ഐ ജി പി സിറിയക് തോമസ്, നിഷാന്ത് സാഗറിന്റെ നരിസുനി, ജഗദീഷിന്റെ സലാം, ജയന്‍ ചേര്‍ത്തലയുടെ മന്ത്രി മാത്യു, മേജര്‍ രവിയുടെ ലബോറട്ടറി മാനേജര്‍, ദിനേശ് പണിക്കരുടേയും മഹേഷിന്റെയും ജഡ്ജ് തുടങ്ങിയ കഥാപാത്രങ്ങളെല്ലാം മികച്ചുനിൽക്കുന്നു. സുരേഷ് ഗോപിയോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലെത്തുന്ന കോളജ് പ്രഫസറായ നിശാന്ത് എന്ന കഥാപാത്രം ബിജു മേനോന്റെ കരിയറിലെ വ്യത്യസ്ത വേഷപ്പകർച്ച കൂടിയാണ്.
ഒരു ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്കെത്തുന്ന നടി അഭിരാമിയുടെ അഭിനയവും മികച്ചതാണ്. സമീപകാലത്തായി വ്യത്യസ്തമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ജഗദീഷ് ഗരുഡനിലും തന്റെ കഥാപാത്രത്തെ മികച്ച പ്രകടനം കൊണ്ട് അഭിനന്ദനാർഹനാക്കുന്നു. നഹാസ് സംവിധാനം ചെയ്ത ആർ ഡി എക്സിനു ശേഷം മറ്റൊരു നല്ല കഥാപാത്രവുമായിട്ടാണ് ഗരുഡനിൽ നിഷാന്ത് സാഗർ എത്തിയിരിക്കുന്നത്.
തിരക്കഥയിലെ കൈയടക്കം പോലെ തന്നെ പ്രത്യേകം പറയേണ്ടതാണ് ചിത്രത്തിന്റെ ഛായാഗ്രഹണത്തെക്കുറിച്ചും എഡിറ്റിങ്ങിനെപ്പറ്റിയുമാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ കാമറയും ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിങ്ങും സിനിമയുടെ ക്വാളിറ്റി ഒന്നുകൂടി ഉറപ്പ് വരുത്തുന്നു. ചിത്രത്തെ ത്രില്ലടിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിൽ ജേക്‌സ് ബിജോയിയുടെ സംഗീതത്തിനും വലിയ പങ്കുണ്ട്.
സൈക്കോ ത്രില്ലർ എന്ന് കേൾക്കുമ്പോൾ തന്നെ രാക്ഷസൻ, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുമെങ്കിലും അത്തരത്തിലൊന്ന് മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ നിന്നും പ്രതീക്ഷിച്ചു ഗരുഡൻ കാണാൻ പോകേണ്ടതില്ല. അതിലും അല്പം വ്യത്യസ്തമാണ് ഗരുഡൻ. എങ്കിലും ത്രില്ലർ സിനിമകളുടെ ചില പതിവ് രീതികൾ ഇവിടെയും ചേർക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അതൊരിക്കലും പ്രേക്ഷകരെ മടുപ്പിക്കുന്നില്ല. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ഗരുഡന്‍ നിരപരാധിയും കുറ്റവാളിയും തമ്മിലുള്ള ഉൾപ്പോരിന്റെ കഥ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.