തട്ടിക്കൂട്ടല്ല, പറയാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത ഒരു ജീവിതമുണ്ട് - തട്ടാശ്ശേരി കൂട്ടം റിവ്യൂ

സമൂഹത്തിന്റെ വാർപ്പ് മാതൃകകളെ ഒറ്റ ഡയലോഗിൽ വെല്ലുവിളിച്ചാണ് പ്രണയത്തിന് വ്യത്യസ്തതകളുണ്ടെന്ന് 'തട്ടാശ്ശേരി കൂട്ടം' പറയുന്നത്. മനസ്സിലെ പ്രണയ സങ്കൽപങ്ങൾക്ക് ഏറെ തലങ്ങളുണ്ടെന്നും ചിത്രം അടിവരയിടുന്നു. ട്രാൻസ് ജെൻഡർ ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിലുണ്ട്. ആ മനുഷ്യർ അനുഭവിക്കുന്ന വെല്ലുവിളികൾ ഏറെക്കുറെ തുറന്നു കാണിക്കാനും അത്തരം ചിത്രങ്ങൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ വ്യത്യസ്തമായ അവരുടെ പ്രണയ സങ്കൽപ്പങ്ങളെ ഒരു കഥയും സ്പർശിച്ചതേയില്ല. അവരും പ്രണയിക്കപ്പെടേണ്ടവരാണെന്ന ബോധ്യത്തെ ആദ്യമായി പ്രതിഫലിപ്പിച്ച ഇടമാണ് 'തട്ടാശ്ശേരി കൂട്ടം'.

അഞ്ച് കൂട്ടുകാരിൽ രണ്ടുപേർ ഒരേ പെൺകുട്ടിയെ സ്നേഹിക്കുന്നതിലൂടെയാണ് ചിത്രം അതിന്റെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. തങ്ങൾ സ്നേഹിച്ചയാൾ ട്രാൻസ് ജെൻഡർ ആണെന്ന് ഒരു വാർത്തയിലൂടെ അറിയുന്നു. തുടർന്ന് അവർ തമ്മിലുള്ള സംഭാഷണങ്ങളാണ് ശ്രദ്ധേയമാകുന്നത്. ട്രാൻസ്ജെൻഡർ സമൂഹത്തോട് നീതി പുലർത്താൻ സാധിച്ച ഏതാനും ചിത്രങ്ങളുടെ മുൻനിരയിൽ ഇനി തട്ടാശ്ശേരി കൂട്ടത്തെയും ചേർത്തു തുന്നാവുന്നതാണ്.

മധുര സിക്കൽ വില്ലേജിൽനിന്ന് ശബരിമലക്ക് പുറപ്പെടുന്ന അയ്യപ്പ ഭക്തരിൽ നിന്നാണ് ചിത്രത്തിന്റെ തിരശീല ഉയരുന്നത്. കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലേക്കും സുഹൃദ് വലയത്തിന്റെ ഒത്തുചേരലിലേക്കും ഒരുപോലെ ചിത്രം ഒഴുകുന്നുണ്ട്. ഒരു സാമാന്യ ചിത്രത്തിനുവേണ്ട എല്ലാ ചേരുവകളും തട്ടാശ്ശേരി കൂട്ടത്തിൽ കൃത്യമാണ്. ആദ്യാവസാനം ചിരിപടർത്താനും ഓരോ സീനുകളെയും ജീവസുറ്റതാക്കാനും അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

ഒരുകൂട്ടം തട്ടാന്മാരുടെ ചിത്രമാണിത്. ആഭരണങ്ങൾക്ക് പുറകിലെ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന അധ്വാനത്തിന്റെ രൂപം കൃത്യമായി വരയ്ക്കാൻ ചിത്രത്തിനായിട്ടുണ്ട്. തട്ടാൻ കൃഷ്ണന്റെയും അനന്തരവനായ സഞ്ജുവിന്റേയും ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. മക്കളില്ലാത്ത തന്റെ പിന്തുടർച്ചാവകാശിയായി കൃഷ്ണൻ കാണുന്നത് സഞ്ജുവിനെയാണ്. കുട്ടിക്കാലം മുതലെ അത് മനസ്സിൽ കണ്ട് സ്വർണ്ണപ്പണിയുടെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചതുമാണ്. എന്നാൽ വളർന്നപ്പോൾ തട്ടാൻ പണിയോട് സഞ്ജു ഒരിക്കൽ പോലും താൽപര്യം കാണിക്കുന്നില്ല. ഐ.എ.എസ് എഴുതിയെടുത്ത് കലക്ടർ ആകണമെന്നാണ് സഞ്ജുവിന്റെ ആഗ്രഹം. അപ്പോഴും അതിയായ ആത്മാർത്ഥത പഠനത്തോട് പുലർത്തുന്നതായും കാണാൻ സാധിക്കുന്നില്ല.


അബ്ബാസ്, കലേഷ്, ചീക്കുട്ടൻ, സുബ്ബു എന്നിവരാണ് സഞ്ജുവിന്റെ സുഹൃത്തുക്കൾ. നിഴലുപോലെ പിന്തുടരുന്ന കൂട്ടുകാരാണ് ദുർബലതയും, കരുത്തും. അലസമായി ദിവസങ്ങൾ തള്ളി നീക്കുന്ന സഞ്ജുവിന്റെ ജീവിതത്തിലേക്ക് പ്രണയത്തിളക്കം വരുന്നതോടെയാണ് കഥ ചിറകുവിരിക്കുന്നത്. ചിലപ്പോഴൊക്കെ ഇഴച്ചിൽ അനുഭവപ്പെട്ടെങ്കിലും കഥ വീണ്ടെടുത്ത് മുന്നോട്ട് പോകാൻ സാധിക്കുന്ന അപ്രതീക്ഷിത മുഖങ്ങൾ കാണാൻ സാധിക്കും. അത് തിയറ്ററിൽ കണ്ടറിയേണ്ടതാണ്.

അർജുൻ അശോകനാണ് കഥാനായകൻ. അച്ഛൻ ഹരിശ്രീ അശോകന്റെ അഡ്രസ്സിൽ നിന്ന് മാറി സ്വന്തമായൊരു ഇടം സൃഷ്ട്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഓരോ സീനും വളരെ കൈയടക്കത്തോടെ പ്രതിഫലിപ്പിക്കാൻ അർജുൻ കാണിച്ച മികവ് പ്രശംസനീയമാണ്. വ്യത്യസ്തമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു ചെറുപ്പക്കാരന്റെ സാഹചര്യം കൃത്യമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. തമാശക്കൊപ്പം തന്നെ വൈകാരിക രംഗങ്ങളും അർജുന്റെ കൈയൽ ഭദ്രമായിരുന്നു. തട്ടാൻ കൃഷ്ണയായി വന്ന വിജയ രാഘവനും അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചത്. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ നൂലുപൊട്ടാതെ മനോഹരമാക്കുന്നതിലും ചിത്രം ഏറെ വിജയിച്ചിട്ടുണ്ട്.

കണ്ടു ശീലിച്ച പല ചിത്രങ്ങളുടെയും ആവർത്തനം ഇവിടെയും ഉണ്ട്. എങ്കിലും കുടുംബമായി ആസ്വദിക്കാവുന്ന ഒരു നല്ലചിത്രമാണ് അനൂപ് പത്മനാഭന്റെ തട്ടാശ്ശേരി കൂട്ടം. ശ്രീലക്ഷ്മി, സ്വർണലത, മാമുക്കോയ, നിസ്താർ സേട്ട് തുടങ്ങിയവർക്കൊപ്പം ജ്വല്ലറി ഉടമയായി സിദ്ദീഖും പ്രകടനത്തിൽ സുവർണ്ണ ശോഭയോടെ ജ്വലിച്ചു.

ജിതിന്റെ ക്യാമറാ കാഴ്ച്ചകളും റാം ശരത്തിന്റെ സംഗീതവും ചിത്രത്തിന് നൽകിയ കരുത്ത് ചെറുതല്ല. ഗ്രാൻഡ് പ്രൊഡക്‌ഷൻസാണ് നിർമ്മാണം. ജിയോ പി.വിയുടെ കഥയും സന്തോഷ് ഏച്ചിക്കാനത്തിന്റെ സംഭാഷണവുമാണ് ചിത്രത്തിന്‍റെ ആത്മാവ്. വ്യത്യസ്തമായ ചിന്തകളുമായി ജനപ്രിയചിത്രങ്ങൾ ഇനിയുമേറെ അനൂപിൽ നിന്ന് ആഗ്രഹിച്ചു കൊണ്ടല്ലാതെ പ്രേക്ഷകർ തിയറ്റർ വിട്ടിറങ്ങികാണില്ല.

Tags:    
News Summary - thattassery koottam movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.