പ്രണയത്തിന്റെ കലർപ്പില്ലാത്ത കാഴ്ചയാകുന്ന തിരുച്ചിദ്രമ്പലം - റിവ്യൂ

"വരൂ, വരൂ,
എന്നെപ്പോലൊരു തോഴനെ എവിടെക്കിട്ടാൻ?
ഈ ലോകത്തു വേറുണ്ടോ എന്നെപ്പോലൊരു കാമുകൻ?
അലഞ്ഞും തിരഞ്ഞും കാലം കളയരുതേ.
വരണ്ട പാഴ്നിലമാണു നീ,
അതിൽ പെയ്തിറങ്ങേണ്ട മഴയാണു ഞാൻ.
നിലം പൊത്തിയ നഗരമാണു നീ,
അതു പുതുക്കിപ്പണിയേണ്ട തച്ചൻ ഞാനും.
വരൂ, വരൂ...."

വിശ്വപ്രസിദ്ധനായ റൂമിയുടെ വരികളാണിത്. ഇലാഹി പ്രണയത്തിന്റെ ഹൃദയത്തിൽ നിന്നു പകുത്തെടുത്തതാണ് ഇവ ഓരോന്നും. പതിമൂന്നാം നൂറ്റാണ്ടിലെ റൂമിയുടെ വിശുദ്ധ ജീവിതം ഇന്നും അക്ഷരം തെറ്റാതെ കാലം ഓർക്കുന്നു. അത്രമേൽ ആഴത്തിൽ പ്രണയത്തെ കാലാതീതമായ ചിന്തയാക്കി മാറ്റാൻ ആ വിശുദ്ധ ജീവിതത്തിന് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ പ്രണയത്തിന്റെ നൈതികതയാണ് 'തിരുച്ചിദ്രമ്പല'ത്തിലൂടെ വീണ്ടും പങ്കുവക്കപ്പെടുന്നത്. മനസ്സുനിറക്കുന്ന നവ്യമായ പ്രണയ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

നമുക്ക് ചുറ്റുമുള്ള ഒരാൾ. ഇടയ്ക്കൊക്കെ നമ്മൾ തന്നെ. അത്തരത്തിൽ ഇന്നിന്റെ യൗവന ജീവിതത്തെ അടയാളപ്പെടുത്തിയ ചിത്രമാണ് തിരുച്ചിദ്രമ്പലം. ഒരു മനുഷ്യൻ കടന്നുപോകാൻ സാധ്യതയുള്ള പ്രണയ കാലത്തെ പല ഏടുകളായി ചിത്രത്തിലൂടെ വായിച്ചെടുക്കാൻ സാധിക്കും. അനായാസമായി കഥ പറഞ്ഞ് ഒഴുകിയ ചിത്രത്തിന്റെ ഓരോ അടുത്തനിമിഷവും പ്രതീക്ഷക്ക് ഉള്ളിലാണ്. അപ്പോഴൊക്കെയും കാഴ്ചക്കാരനെ പിടിച്ചിരുത്തിയത് അഭിനയ മികവാണ്.

മത്സരിച്ച് അഭിനയിച്ച താരങ്ങളാണ് ചിത്രത്തിന്റെ നട്ടെല്ല്. തിരക്കഥയുടെ ബലം നഷ്ടപ്പെട്ട് തളർന്നു പോകുന്ന സമയത്തെല്ലാം ഉയർത്തി എടുത്തത് അവരാണ്. ഡെലിവറി ബോയിയായി എത്തുന്ന ധനുഷ് തന്റെ കരിയറിലെ മികച്ച പ്രകടനമാണ് നടത്തിയത്. പഴം എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പുറകിൽ മറ്റൊരു കഥകൂടെയുണ്ട്. അപ്പോഴും ചിത്രത്തിൽ അപ്രതീക്ഷിതമായ മുഹൂർത്തങ്ങൾ ഒന്നുംതന്നെയില്ല. തിരക്കഥയുടെ ഒഴുക്കുനിലക്കാതെ കാത്തത് അഭിനയ മികവുകൊണ്ടാണ്. കാസ്റ്റിങ്ങിൽ കാണിച്ച തന്ത്രപരമായ കൈയടക്കവും ചിത്രത്തിന് ഇരട്ടി കരുത്തായി.


നിത്യ മേനോൻ, പ്രകാശ്‌രാജ്, ഭാരതി രാജ... തുടങ്ങിയവരാണ് ചിത്രത്തിന്റെ ആത്മാവായത്. ധനുഷിന്റെ നിഴലായി നടക്കുന്ന സുഹൃത്താണ് നിത്യ വേഷമിട്ട ശോഭന. അപേക്ഷാ ഫോം വാങ്ങുന്നത് മുതൽ ചെറുതും വലുതുമായ എന്തിനും ശോഭന വേണം. തന്റെ ജീവിതത്തിലെ എല്ലാം പങ്കുവെക്കുന്നതും ശോഭനയോടാണ്. അവർ തമ്മിലുള്ള അഭിനയ മുഹൂർത്തങ്ങളും അവിസ്മരണീയമാണ്.

പറയാതെ കാത്തുവച്ചതൊക്കെയും തനിക്കായി മാത്രമായിരുന്നു എന്ന പ്രണയകവിതയോട് ചിത്രത്തെ ചേർത്തു തുന്നാം. അപ്പോൾ പ്രണയം കവിതയായി മൂളുന്നത് ഹൃദയത്തിൽ കേൾക്കാം. റൂമി മുതൽ നന്ദിത വരെ ഹൃദയത്തിൽ സ്നേഹം പൊഴിക്കും. മനസ്സിൽ ഒരൽപ്പം പ്രണയമവശേഷിച്ചു ടിക്കറ്റ് കീറിയാൽ ചിത്രം നവ്യമായ അനുഭവമാകും.

സിനിമക്കായുള്ള ഏച്ചുകെട്ടലില്ലാതെ അവതരിപ്പിച്ച കുടുംബ ബന്ധവും ചിത്രത്തിന്റെ മറ്റൊരു ഏടാണ്. മൂന്നു തലമുറകളുടെ കഥയാണ് ചെറിയ ഫ്ളാറ്റിലെ അരണ്ട വെളിച്ചത്തിൽ പറയുന്നത്. മുത്തച്ഛൻ - അച്ഛൻ - മകൻ എന്നിങ്ങനെ പുരുഷൻമാർ മാത്രമുള്ള കുടുംബത്തിന്റെ താളവും അവതാളവും തിരക്കഥ ചർച്ചചെയ്യുന്നുണ്ട്. അച്ഛനായി വേഷമിട്ടത് പ്രകാശ് രാജാണ്, മുത്തച്ഛൻ ഭാരതി രാജ. ഇരുവരും ക്യാമറിയിലേക്ക് ജീവിതം പറിച്ചു നടാൻ അസാധ്യ കഴിവുള്ള പ്രതിഭകളാണ്. അത് അടിവരയിടുന്ന പ്രകടനമാണ് തിരുച്ചിദ്രമ്പലം.


മിത്രൻ ജവഹറാണ് പ്രതിഭകളെ നൂലിൽ കോർത്ത് സംവിധാനം ചെയ്തത്. മുൻ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ മാജിക് ഇവിടെയും ആവർത്തിച്ചു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ചിത്രത്തിൻറെ മുന്നോട്ട് പോക്കിന് ഇന്ധനമായി. ഓം പ്രകാശിന്റെ ഛായാഗ്രഹണവും പ്രസന്ന ജി.കെയുടെ എഡിറ്റിങ്ങും ഒഴുക്കുനിലക്കാതെ നവ്യമായ അനുഭവമാക്കുന്നു.

കുടുംബ ബന്ധങ്ങളുടെ ഉർവ്വരതയും പ്രണയത്തിന്റെ ആഴവും ബിഗ്‌സ്‌ക്രീനിൽ കണ്ടറിയേണ്ടതാണ്. പറഞ്ഞു തീർത്ത അക്ഷരങ്ങൾക്കപ്പുറം അതൊരു അനുഭവമാണ്. വരണ്ട മനസ്സിലും പ്രണയം പൂക്കാനുള്ള ഊർജ്ജമുണ്ട് ചിത്രത്തിൽ. അമാനുഷികനായി മസിലുപെരുപ്പിച്ചു കഥ പറയുന്ന തമിഴ് ശൈലി പാടെ തകർക്കാൻ ചിത്രത്തിനായതും പ്രേക്ഷകന് നവ്യമായ അനുഭവമായി. സ്ക്രീനിനു പുറത്തും ജീവിതത്തത്തോട് ചേർത്തുവെക്കാൻ സാധിക്കുന്നത് അതുകൊണ്ടാണ്. പ്രണയത്തിന്റെ കലർപ്പില്ലാത്ത കാഴ്ചകൾക്കൊപ്പം റൂമിയുടെ വരികൾ ഓർക്കപ്പെടുന്നതും ഇക്കാരണത്താലാണ്.

Tags:    
News Summary - Thiruchitrambalam movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.