തച്ചുടക്കപ്പെട്ട മനുഷ്യന്റെ അവസാന ഇടമാണല്ലോ കോടതികൾ. അന്നേവരെ ലഭ്യമാകാത്ത നീതിതേടിയാണ് മനുഷ്യൻ ആ വരാന്തകളിൽ നിശ്ശബ്ദനാകുന്നത്. കറുത്ത ഗൗണിട്ട വക്കീലന്മാരും കണ്ണുകെട്ടിയ നീതി ദേവതയും അരികുവൽക്കരിക്കപ്പെട്ടവന്റെ അവസാന അത്താണിയാണ്. കോടതി മുറികളിലെ കറുത്ത ഗൗണുകൾ നിശ്ശബ്ദനാക്കപ്പെട്ട മനുഷ്യന് കൊടുക്കുന്ന പ്രതീക്ഷ ചെറുതല്ല. എന്നാൽ കച്ചവടത്തിന്റെ ഈ കാലത്ത് കുറച്ചുപേരെയെങ്കിലും പണത്തിന് അപഹരിക്കാൻ സാധിക്കുന്നുണ്ട്. നീതി നടപ്പാക്കേണ്ട മനുഷ്യർ മറ്റൊരു വഴി തിരിയുമ്പോൾ എന്ത് സംഭവിക്കുന്നു എന്ന ചോദ്യമാണ് 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രം.
കണ്ടു ശീലിച്ച നന്മ നിറഞ്ഞ കഥാനായക പരിവേഷത്തിലല്ല വിനീത് ശ്രീനിവാസൻ ചിത്രത്തിലെത്തുന്നത്. സാമൂഹിക യാഥാർഥ്യങ്ങൾ കയ്യടി ആഗ്രഹിക്കാതെ തുറന്നു കാണിക്കാനാണ് നായകനിലൂടെ ശ്രമിക്കുന്നത്. ഓരോ നിഴലനക്കത്തിലും വിനീത് കഥാപാത്രമായി ഞെട്ടിക്കുന്നു. ഡയലോഗുകൾ പലതും മനസിൽ പറയുന്ന രീതിയിലാണ്. എന്നാൽ മാനറിസത്തിലൂടെ അണുവിട തെറ്റാതെ വിഷയം പ്രേക്ഷകനിലെത്തിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. കണ്ണുകളിൽ പോലും കള്ളങ്ങൾ ഒളിപ്പിച്ച മുകുന്ദൻ ഉണ്ണി എന്ന വക്കീലിലേക്ക് അത്രമേൽ ആഴത്തിൽ പ്രവേശിക്കാൻ വിനീതിനായിട്ടുണ്ട്.
ചതിയും വഞ്ചനയും ഉൾച്ചേർന്നതാണ് സമൂഹമെന്ന് പറയുന്നതിലും കൃത്യം ലക്ഷ്യത്തിൽ തറച്ച ചിത്രമാണിത്. പൊതുസമൂഹത്തിന് അത്ര അറിവില്ലാത്ത കേസുകൾക്ക് പുറകിലെ കള്ളക്കളികൾ തുറന്നു കാണിക്കുന്നുണ്ട്.
വയനാട്ടിലെ കൽപ്പറ്റയിലാണ് കഥ പുരോഗമിക്കുന്നത്. മുന്നിലെത്താനുള്ള മനുഷ്യരുടെ ഓട്ടത്തിടയിൽ ഏറെ മുന്നിലെത്താൻ ഓടുന്നവനാണ് അഡ്വക്കറ്റ് മുകുന്ദനുണ്ണി. ഏത് തടസങ്ങളും അതിനായി മനസാക്ഷിയില്ലാതെ വെട്ടിക്കളയാൻ വക്കീൽ ഒരുക്കമാണ്. നമ്മുടെയൊക്കെ ഉള്ളിൽ അത്തരമൊരു കഥാപാത്രം ഉണ്ടെന്ന് തോന്നിപ്പിക്കാൻ ചിത്രത്തിനായിട്ടുണ്ട്. ആ ചിന്തതന്നെയാണ് കൈയടി അർഹിക്കുന്ന ഒന്നായി ചിത്രത്തെ മാറ്റുന്നത്.
തുടർച്ചയായി ആധാർ തിരുത്തിയാണ് മുകുന്ദനുണ്ണി തന്റെ കുടിലതകൾ കൂടുതൽ വ്യക്തമാക്കുന്നത്. ഏത് തട്ടിപ്പും വ്യക്തിപരമായ ഉയർച്ചക്ക് വേണ്ടി നീതീകരിക്കാവുന്ന ഒന്നാക്കി മാറ്റുകയാണ്. തന്റെ മുന്നിലെത്തുന്ന ഓരോ കേസിനോടുള്ള സമീപനവും സമാനമാണ്. ഏഴ് വർഷമായി ഈ വിധം ആധാർ തിരുത്തുന്നുണ്ട്. മുകുന്ദനുണ്ണിയും സുധി കോപ്പയുടെ റോബിനും ചേരുന്നതാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. എന്നാൽ തന്റെ കൂടെയുള്ള റോബിനെയും ഒരു തരത്തിലും ഉയരാൻ അനുവദിക്കുന്നില്ല. ചുറ്റുപാടുകളെല്ലാം സ്വന്തം താൽപര്യത്തിന് വഴങ്ങണം എന്ന കൗശലക്കാരനായ മുകുന്ദനുണ്ണിയെ ഓരോ സീനിലും കാണാം.
ക്രിമിനൽ ചിന്തയുള്ള ഒരാളാണ് മുകുന്ദനുണ്ണിയെന്ന് ആദ്യ സൂചനകളിലൂടെതന്നെ വ്യക്തമാക്കുന്നുണ്ട്. എങ്കിലും വ്യത്യസ്തമായ രീതിയിലാണ് കഥയുടെ അവതരണം. അതുകൊണ്ടാണ് അത്തരം ഗൗരവ സ്വഭാവമുള്ള സീനുകൾ ചിരി പടർത്തുന്നത്. എഡിറ്റർ ആയിരുന്ന അഭിനവ് സുന്ദര്‍ നായകാണ് സംവിധായകൻ. കയ്യടക്കത്തോടെ ഓരോ സീനുകളും കൃത്യമായി പടുത്തു വക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. വ്യത്യസ്തമായ പല പരീക്ഷണങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.
സ്‍ക്രീൻ മുഴുവൻ വേണ്ട എന്ന് വിനീതിനെക്കൊണ്ട് പറയിപ്പിച്ചാണ് ചിത്രം തുടങ്ങുന്നത്. അതോടെ സ്ക്രീനിൽ ദൃശ്യങ്ങൾ അൽപ്പം ചുരുങ്ങുന്നു. പിന്നീട് മുകുന്ദനുണ്ണിയുടെ വരവാണ്. വിമല്‍ ഗോപാലകൃഷ്‍ണനൊപ്പം തിരക്കഥയിലും അഭിനവ് സുന്ദറിന്റെ കൈയൊപ്പ്.
ജോയ് മൂവി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിൻ്റെ അഡ്വ. വേണുവും സുധീഷിൻ്റെ രാഷ്ട്രീയക്കാരന്‍ ജോര്‍ജ്ജ് ഇല്ലിക്കലും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. മണികണ്ഠന്‍ പട്ടാമ്പിയുടെ മണി, അല്‍ത്താഫ് സലീമിന്റെ ആംബുലന്‍സ് ഡ്രൈവര്‍ സുരേഷ്, തന്‍വി റാമിന്റെ അഡ്വ. ജ്യോതി ലക്ഷ്മി, ആര്‍ഷ ചാന്ദ്നി ബൈജുവിന്റെ മീനാക്ഷി, ജോര്‍ജ്ജ് കോരയുടെ ഡോ. വിന്‍സെന്റ് തുടങ്ങി ഒട്ടേറെ പ്രതിഭകൾ ചിത്രത്തിന് ഇരട്ടി കരുത്താണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.