കൊച്ചി: പോയകാല സ്മരണകളെ മനസ്സിൽ കളം വരച്ചിരുത്തി തുമ്പി തുള്ളിപ്പിക്കുന്ന ദൃശ്യാനുഭവവുമായി ശ്രദ്ധേയമാകുകയാണ് 'തുമ്പി' എന്ന സംഗീത വിഡിയോ. പഴയൊരു നാടൻ ഓണക്കാലത്തിെൻറ പത്തരമാറ്റ് ദൃശ്യങ്ങളാണ് 'തുമ്പി'യെ വ്യത്യസ്തമാക്കുന്നത്. പാട്ടിെൻറയും ദൃശ്യത്തിെൻറയും ചടുലതാളത്തിലൂടെ, വിസ്മൃതിയിലായ പല നാടൻ കാഴ്ചകളെയും തനിമ ചോരാതെ അനുഭവപ്പെടുത്തി ഇൗ മ്യൂസിക്കൽ ഫോക്ലോർ ഡ്രാമ വേറിട്ടു നിൽക്കുന്നു.
'ചതിക്കപ്പെട്ട ചക്രവർത്തിക്ക് സമർപ്പണം' എന്നെഴുതിക്കൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. ഒരു തനി നാട്ടിൻപ്രദേശത്തെ ഓണക്കാലത്തെ എല്ലാ ചേരുവകളും എട്ട് മിനിറ്റ് 16 സെക്കൻറ് ദൈർഘ്യമുള്ള വിഡിയോയിൽ കോർത്തിണക്കിയിട്ടുണ്ട്. 'ഒരെല മൂവെല വിരിയും മുമ്പേ പിള്ളേര്‍ നുള്ളി കളിച്ചയ്യോ, ഒന്നാമൻ കൂര്‍ക്ക പറമ്പിൽ കൂര്‍ക്ക നട്ട് നനച്ചയ്യോ' എന്ന് തുടങ്ങുന്ന പാട്ടിെൻറ അകമ്പടിയിലാണ് പ്രണയത്തിെൻറയും ചതിയുടെയും വേർപെടലിെൻറയും ദൃശ്യങ്ങള്‍ മിന്നിമായുന്നത്.
പൂക്കളമൊരുക്കാൻ പല വീടുകളിൽ നിന്ന് പൂക്കൾ മോഷ്ടിക്കാൻ നടക്കുന്ന കുട്ടികളും തുമ്പി കളിക്കാൻ ഒരുങ്ങുന്ന പെൺകുട്ടിയും അവൾക്ക് വളയും കൺമഷിയും സമ്മാനിക്കുന്ന മാവേലി വേഷം കെട്ടാൻ പോകുന്നയാളും മൈതാനത്ത് വട്ടു കളിക്കുന്നവരും പുലികളിക്കൊരുങ്ങുന്നവരും പുഴയരികിലിരുന്ന് കള്ള് മോന്തുന്നവരുമെല്ലാം ചടുല ദൃശ്യങ്ങളിൽ വന്നുപോകുന്നു. നാടൻപാട്ടിെൻറ പശ്ചാത്തലത്തിൽ ആളുകളുടെ സംഭാഷണങ്ങളും ഇടകലർന്ന് പോകുന്നുണ്ട്. പാട്ടിെൻറ അവസാനം ഒരു നെടുവീർപ്പും പ്രേക്ഷകരിൽ നിന്നുയരും.
ആട്ടം കലാസമിതിയുടേയും വീ ആർ പച്ചയുടേയും സഹകരണത്തോടെ ജോഷ് ആണ് തുമ്പി എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീജിത്ത് പെരിങ്ങാടും അജിത് നായരും ചേർന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം അശോക് വിഷ്ണുവാണ്. മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. രോഹിത് വി.എസ് വാരിയത്താണ് എഡിറ്റർ.
മാളു, മണികണ്ഠൻ അയ്യപ്പ, ഉഷ, വിശാലം, സുധ, സുനിത, ഇന്ദിര എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആട്ടം ശരത്, ദിൽഷാന, അജിത് നായർ, ശ്യാം ഗംഗോത്രി, ആദിത്യൻ, ഫവാസ് അലി, ബാലതാരങ്ങളായ ഷഹൽ ഷവാസ്, വൈഗ, മുകിൽവർണൻ തുടങ്ങി നിരവധി പേർ അഭിനയിച്ചിട്ടുണ്ട്. കൊള്ളന്നൂർ, കൊല്ലങ്കോട് പ്രദേശത്തെ നിവാസികളും വിഡിയോയിൽ അണിനിരക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.