തന്റെ ആരോഗ്യ വിവരങ്ങൾ പങ്കുവച്ച് ഗായിക ബോംബെ ജയശ്രീ. അപകട നില തരണം ചെയ്ത് താൻ സുഖമായി വരുകയാണെന്നാണ് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘നിങ്ങളുടെ പ്രാർത്ഥനകൾ ഫലം കണ്ടു, ഞാൻ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ്’ എന്നാണ് കുറിപ്പിൽ പറയുന്നത്.
മാർച്ച് 24നാണ് പ്രശസ്ത കർണാട്ടിക് സംഗീതജ്ഞയും പിന്നണി ഗായികയുമായ ബോംബേ ജയശ്രീയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. തുടർന്ന് സർജറിയ്ക്ക് വിധേയയാകുകയും ചെയ്തു.
58 വയസ്സുള്ള ഗായിക ലണ്ടനിലെ ടങ്ക് ഓഡിറ്റേറിയത്തിൽ ഷോ അവതരിപ്പിക്കാനിരിക്കെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. നിരവധിപേർ ഗായികക്ക് ആശംസകൾ നേർന്ന് കമന്റ് ബോക്സിൽ എത്തി. ഒരുപാട് സന്തോഷം ദൈവം വലിയവനാണ് തുടങ്ങിയ കമന്റുകൾ പോസ്റ്റിനു താഴെ നിറഞ്ഞു.
ഹാരിസ് ജയരാജിന്റെ ‘വസീഗര’ എന്ന് തുടങ്ങുന്ന ഗാനമാണ് ബോംബെ ജയശ്രീയെ ഏറെ പ്രശസ്തയാക്കിയത്. ഒരേ കടൽ, ഒരുത്തീ, പൈതൃകം, കോളാമ്പി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. സംഗീത അക്കാദമിയുടെ ‘സംഗീത കലാനിധി’ പുരസ്കാരം കുറച്ചു നാളുകൾക്കു മുൻപ് ജയശ്രീയെ തേടിയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.