'മറവികളെ പറയൂ...'! 'ബോഗയ്‌ന്‍വില്ല'യിലെ രണ്ടാമത്തെ വീഡിയോ ഗാനം

ഇതിനകം തരംഗമായി മാറിയ 'സ്തുതി' ഗാനത്തിന് പിന്നാലെ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബോഗയ്‌ന്‍വില്ല'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'മറവികളെ പറയൂ...' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലിറിക്ക് വീഡിയോ പുറിത്തിറങ്ങിയിരുന്നു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രം ഒക്ടോബർ 17നാണ് തിയറ്ററുകളിലെത്തുന്നത്.

സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ 'സ്തുതി' എന്ന ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടാമത്തെ ഗാനം എത്തിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്‍റെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകി മധുവന്തി നാരായണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ദുഃഖം തളംകെട്ടി നിൽക്കുന്ന വരികളും ഈണവും ആലാപനവുമായി 'സ്തുതി'യിൽ നിന്നും തികച്ചും വേറിട്ട രീതിയിലുള്ളതാണ് ഈ ഗാനം.

സൂപ്പർ ഹിറ്റായി മാറിയ 'ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബോഗയ്‌ന്‍വില്ല'. സുഷിൻ ശ്യാമിന്‍റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനങ്ങളാണ് ചിത്രത്തിലേതെന്ന് പുറത്തിറങ്ങിയിരിക്കുന്ന രണ്ട് ഗാനങ്ങളും അടിവരയിടുന്നുണ്ട്.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ ഒഫീഷ്യൽ പോസ്‌റ്ററിന് മുമ്പ് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടർ പോസ്റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരത്തിനുള്ളിൽ സോഷ്യൽമീഡിയ ഏറ്റെടുക്കുകയുണ്ടായി. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്നർ. റിലീസ് ഡേറ്റ് അനൗൺസ്‍മെന്‍റ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു.

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയി എത്തുന്നത്. 'സ്തുതി' ഗാനരംഗത്തിലും ജ്യോതിർമയിയുടെ ഗെറ്റപ്പ് ചർച്ചയായിരുന്നു. 'മറവികളേ' ഗാനത്തിലും വ്യത്യസ്തമായ വേഷത്തിലാണ് ജ്യോതിർമയിയെ കാണിച്ചിരിക്കുന്നത്.

ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്‌മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ: തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ.


Full View


Tags:    
News Summary - Bougainvillea movie Maravikale Video Song Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.