കൗമാരക്കാരുടെ ഇടയിൽ ഹരമായ കൊറിയൻ ഗായകസംഘമാണ് ബി.ടി.എസ്. ലോകത്താകമാനം കോടിക്കണക്കിന് ആരാധകരാണ് ബി.ടി.എസിന് ഉള്ളത്. ബി.ടി.എസിലെ ഗായകൻ ‘സുഗ’ നിർബന്ധിത സൈനിക സേവനത്തിലേക്ക് പോകുന്നതായ വാർത്ത ‘ബിഗ് ഹിറ്റ്’ മ്യൂസിക് കമ്പനിയാണ് പുറത്തുവിട്ടത്.
ബി.ടി.എസിൽ നിന്ന് സൈനിക സേവനത്തിന് പോകുന്ന മൂന്നാമത്തെ അംഗമാണ് സുഗ എന്ന മിൻ യോംകിം. നേരത്തേ ജിൻ, ജെ-ഹോപ്പ് എന്നിവർ അവരുടെ നിർബന്ധിത സൈനിക സേവനം ചെയ്തിരുന്നു. സുഗയുടെ സൈനിക സേവനം സെപ്റ്റംബർ 22 ന് ആരംഭിക്കും. ‘അദ്ദേഹത്തിന്റെ സേവന കാലയളവിൽ സുഗയുടെ ജോലിസ്ഥലം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ഞങ്ങൾ ആരാധകരോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ ഊഷ്മളമായ ആശംസകളും പ്രോത്സാഹനവും നിങ്ങളുടെ ഹൃദയത്തിൽ മാത്രം സൂക്ഷിക്കുക’ ‘ബിഗ് ഹിറ്റ്’ മ്യൂസിക് അഭ്യർഥിച്ചു.
സുഗയുടെ സൈനിക സേവന വാർത്ത പുറത്തുവന്നതോടെ ‘ആർമി’ എന്നറിയപ്പെടുന്ന ബി.ടി.എസ് ആരാധക സംഘം കടുത്ത നിരാശയിലാണ്. ‘സുഗ തന്റെ സേവനം പൂർത്തിയാക്കി മടങ്ങിവരുന്നതുവരെ നിങ്ങളുടെ സ്നേഹവും പിന്തുണയും ഞങ്ങൾ അഭ്യർഥിക്കുന്നു. ഈ സമയത്ത് അദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ഞങ്ങളുടെ കമ്പനിയും പരിശ്രമിക്കും. നന്ദി’- ബിഗ്ഹിറ്റ് മ്യൂസിക് സോഷ്യൽ മീഡിയയിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.