ഇന്ത്യയിലെതന്നെ ഏറ്റവും വിപണിമൂല്യമുള്ള സംഗീത സംവിധായകരില്‍ ഒരാളായ അനിരുദ്ധ് രവിചന്ദറിനെതിരേ കോപ്പിയടി വിവാദം. ഏറ്റവും പുതിയ സിനിമയായ ലിയോയിലെ ഗാനത്തെചൊല്ലിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ചിത്രത്തിലെ അനിരുദ്ധിന്‍റെ ഒരു ട്രാക്ക് കോപ്പിയടി ആണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
ലിയോയിലെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി ഇംഗ്ലീഷ് വരികളുള്ള ചില ട്രാക്കുകള്‍ കടന്നുവരുന്നുണ്ട്. അതിലൊന്നായ ‘ഓര്‍ഡിനറി പേഴ്സണ്‍’ എന്ന ട്രാക്ക് ആണ് ആരോപണവിധേയം ആയിരിക്കുന്നത്. ഇത് പ്രശസ്ത ബ്രിട്ടീഷ് ടെലിവിഷന്‍ സിരീസ് ആയ പീകി ബ്ലൈന്‍ഡേഴ്സിലെ ഒരു ട്രാക്കിന്‍റെ പകര്‍പ്പ് ആണെന്നാണ് വിമർശകർ പറയുന്നത്. ബെലറൂസിയന്‍ സംഗീത സംവിധായകനായ ഓട്നിക്ക എന്ന് അറിയപ്പെടുന്ന അലക്സേ സ്റ്റാനുലേവിച്ചും ആര്‍ടെ മിഖായേന്‍കിന്നും ആണ് പീകി ബ്ലൈന്‍ഡേഴ്സിലെ പ്രസ്തുത ട്രാക്കിന്‍റെ സൃഷ്ടാക്കള്‍. ഒറ്റ്നിക്കയുടെ ‘വെയർ ആർ യു’ എന്ന പാട്ട് കോപ്പിയടിച്ചാണ് അനിരുദ്ധ് ‘ഓർഡിനറി പേഴ്സൺ’ ഒരുക്കിയതെണ് ഉയരുന്ന ആരോപണം.
ഒറ്റ്നിക്കയെ ടാഗ് ചെയ്തുകൊണ്ടാണ് കോപ്പിയടി സംബന്ധിച്ച നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇതേത്തുടര്‍ന്ന് ഓട്നിക്ക തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. ‘ലിയോയെക്കുറിച്ചുള്ള മെസേജുകള്‍ക്ക് നന്ദി. ഞാന്‍ എല്ലാം കാണുന്നുണ്ട്. പക്ഷേ എല്ലാവര്‍ക്കും മറുപടി തരിക സാധ്യമല്ല. ഇമെയിലും ഇന്‍സ്റ്റഗ്രാമും ഇത് സംബന്ധിച്ച മെസേജുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതുപോലെ യുട്യൂബില്‍ വേര്‍ ആര്‍ യു എന്ന ട്രാക്കിന്‍റെ കമന്‍റ് ബോക്സും. കാര്യങ്ങള്‍ അവ്യക്തമാണ് ഇപ്പോള്‍. ഞങ്ങള്‍ ഇത് പരിശോധിക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞ് കാര്യങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കാം എന്ന് കരുതുന്നു. പക്ഷേ ഇതുവരെ ഞാന്‍ ആര്‍ക്കെതിരെയും ആരോപണം ഉയര്‍ത്തിയിട്ടില്ല’- ഓട്നിക്ക ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
കോളിവുഡില്‍ നിന്ന് അടുത്തിടെ വലിയ ഹിറ്റ് ആയ സിനിമകളിലെല്ലാം അനിരുദ്ധിന്‍റെ സംഗീതം സാന്നിധ്യമുണ്ടായിരുന്നു. പാട്ടുകള്‍ക്കൊപ്പം പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ് ഒരുക്കുന്ന പശ്ചാത്തലസംഗീതവും അനിരുദ്ധിനെ സംവിധായകരുടെ പ്രിയ മ്യൂസിക് ഡയറക്ടര്‍ ആക്കുന്നു. വിക്രം, ജയിലർ, ജവാൻ തുടങ്ങി അനിരുദ്ധിന്‍റെ അടുത്തകാലത്തിറങ്ങിയ സിനിമകൾ എല്ലാം വിജയമായിരുന്നു.
2019ലാണ് ഒറ്റ്നിക്കയുടെ ‘വെയർ ആർ യു’ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. നിലവിൽ 61 മില്യൻ പ്രേക്ഷകരെയാണ് പാട്ട് നേടിയിരിക്കുന്നത്. ഹെയ്സൻബർഗ് ആണ് ലിയോയിലെ ‘ഓർഡിനറി പേഴ്സൺ’ പാട്ടിനു വരികൾ കുറിച്ചത്. നിഖിത ഗാന്ധി ഗാനം ആലപിച്ചു. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചകള്‍ക്ക് അനിരുദ്ധിന്‍റെയോ ലിയോ അണിയറക്കാരുടേയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.