സന്ദർഭത്തിനനുസരിച്ച് പാട്ടെഴുതുന്ന രീതിയുടെ ജൈവികമായ കാന്തിയും കരുത്തുമാണ് ബിച്ചുതിരുമലയെ വ്യത്യസ്തനാക്കുന്നത്. പാട്ടെഴുത്തിന്റെ മാന്ത്രികവേഗംകൊണ്ടും ലാളിത്യംകൊണ്ടും വിസ്മയിപ്പിക്കുന്ന ബിച്ചുസ്പർശനത്തിന് ആസ്വാദകലോകത്തിൽ വലിയ പ്രിയതയും സ്വീകാര്യതയുമുണ്ട്. വൈവിധ്യത്തിന്റെ വലിയൊരു വികാരലോകമാണ് ബിച്ചുതിരുമല പാട്ടിൽ നിർമിച്ചെടുത്തത്. മനസ്സിൽനിന്നും മനസ്സിലേക്കുള്ള മൗനസഞ്ചാരമായിരുന്നു അത്. സ്വപ്നത്തിൻ ചിറകിൽ സ്വയം തേടിയലയുന്ന സ്വർഗീയ മാനങ്ങൾ ഉണ്ടായിരുന്നു ആ ഗാനങ്ങളിൽ. മനസ്സിനൊരു മൗനവാതിലുണ്ടെന്നും അത് തുറന്നുവരുന്നതാണ് പ്രണയമെന്നും അദ്ദേഹം വിശ്വസിച്ചു. പ്രണയിനിയുടെ നിറഞ്ഞ മൗനം പാടുന്ന പാട്ടിന്റെ താളമായി മാറുന്ന ഒരു പ്രണയിയെ ബിച്ചുതിരുമല തന്റെ ഗാനങ്ങളിൽ കൊണ്ടുവന്നു. ഏതോ മൗനം വന്നു കൂടണയുകയാലിരുന്നു ആ ഗാനങ്ങളിൽ. ‘നീ എന്റെ മൗനം മാത്രം’ എന്ന് അദ്ദേഹം ഒരു പാട്ടിലെഴുതിവെച്ചു. ആകാശ മൗനവും വാചാലമാകും താരങ്ങൾ കൺചിമ്മുന്ന തീരങ്ങളുമൊക്കെ ബിച്ചുവിന്റെ പാട്ടുകളിൽ നിറഞ്ഞുകിടന്നു. ശബ്ദതലത്തിന്റെ പ്രാഥമികതയിൽനിന്ന് മൗനാർഥത്തിന്റെ നൈരന്തര്യങ്ങളിലേക്ക് സഞ്ചരിക്കുന്ന പാട്ടിന്റെ പദവിന്യാസം ബിച്ചുതിരുമലയുടെ പാട്ടിൽ വരുന്നതിങ്ങനെ;
‘‘ഒരു മൗനമായ് പിന്നെയും വന്നുതേങ്ങി, ചിരിച്ചില്ലയിൽ നൊമ്പരം.’’
പാട്ടിൽ ഭാവുകത്വ നിർമിതിക്ക് സഹായിക്കുന്നത് ഇത്തരം മൗനമൊരുക്കുന്ന ഒരു സ്വപ്നഭൂമികയാണ്. ഇവിടെ ഹൃദയം നിറയുന്ന അനുരാഗത്തെ അറിയുവാൻ കെൽപുണ്ടാക്കുന്നത് പാട്ടിൽ പ്രകാശിച്ചുനിൽക്കുന്ന സാന്ദ്രമൗനമാണ്. ആശയപരമായും അനുഭൂതിപരമായും ഉള്ള ഒരു ആണ്ടുമുങ്ങൽ മൗനത്തിലുണ്ട്. പാട്ടിൽ ഭാവപ്പൊരുളുകൾ അടയാളപ്പെടുത്തുന്നത് മൗനമായിരുന്നു. ഒരു നല്ല പാട്ട് മൗനത്തെ വീണ്ടെടുക്കുന്നുണ്ടാകും.
‘‘ഒരു കോടി മാമ്പൂകിനാക്കൾ ഒരു മഞ്ഞുകാറ്റിൽ കൊഴിഞ്ഞോ, അതിലെന്റെ പേരുള്ള പൂവിൽ ഒരു മൗനമുണ്ടായിരുന്നു.’’
എന്ന ബിച്ചു തിരുമലയുടെ പാട്ട് അങ്ങനെ മൗനസാന്ദ്രമാകുന്നു. പ്രണയിനിയുടെ മൗനത്തിൽ കൊഞ്ചൽ പളുങ്കൊച്ചകൾക്ക് എന്തു ചന്തമാണെന്ന് കവി അതുപോലെ തിരിച്ചറിയുന്നു.
‘‘മൗനപ്പന്തലിൻ മഞ്ചലിൽ മൗനമായി നീ, മയങ്ങുന്നതും കാത്തു ഞാൻ കൂട്ടിരുന്നു’’ എന്ന വരിയിൽ അനുരാഗവും സാന്ത്വനവും സംഗീതവും എല്ലാ മൗനത്തിലുണർന്നുവരികയാണ്. ആന്തരബോധത്തിന്റെ കാഴ്ചകൾ ആവിഷ്കരിക്കാൻ നിത്യഭാഷ കൈവശമില്ലാതെ വരുമ്പോൾ മൗനമെന്ന മറുഭാഷയുടെ നിർമാണം നടക്കുന്നു.
‘‘മൗനംപോലും മധുരം കോകിലേ’’
എന്ന് ഒരു പാട്ടിന്റെ പല്ലവി വികസിക്കുമ്പോൾ മൗനമെത്ര ഉയർന്ന സംഗീതമാണെന്ന് നാമോർമിക്കുന്നു.
‘മധുരമായൊരു മൗനം’’പീലിവിടർത്തുന്നുണ്ട് ബിച്ചുവിന്റെ പാട്ടുകളിൽ. മൗനത്തിന്റെ മനോരാജ്യത്തിൽ പാട്ട് പടർന്നുപന്തലിക്കുന്നു. അവിടെ ഈണത്തിനും താളത്തിനും പ്രാധാന്യമേറെയുള്ള, ചിലനേരം വാമൊഴിത്തമുള്ള ഗദ്യത്തിൽപോലും ബിച്ചു തിരുമല പാടുണ്ടാക്കുന്നു. പാട്ടിലെ ഈ അയവാർന്ന ഘടനയിൽ മൗനമെന്ന അമൂർത്ത ഇമേജിനും അതിന്റേതായ സ്ഥലികൾ അദ്ദേഹം കൽപിച്ചുകൊടുത്തു. മൗനത്തിനുള്ളിലെ മൗനംപോലുമുണ്ടതിൽ. ബിച്ചു തിരുമലയുടെ പാട്ടിലെ ആധാരശ്രുതിയായിട്ടില്ല ഈ മൗനം. മൗനമെന്ന വാക്കിൽ ഒരനുഭവ പരിസരമുണ്ടാക്കുന്ന രീതിയായിരുന്നു അത്. മൗനത്തിന്റെ ലളിതമായ ഒരിടപെടൽ പാട്ടിൽ മാറ്റങ്ങൾ തീർക്കുന്നു. മൗനത്തെയും മനോരാജ്യത്തെയും പാട്ട് ഒരുപോലെ കൂട്ടിയിണക്കുന്നു. ജീവിതാവസ്ഥകൾക്കും അഭിലാഷത്തിനുമിടയിൽ നിറയുന്നതാണ് ഈ മൗനം. മൗനസമാധിയുടെ മന്ത്രമധുരമായ ഒരിടം ബിച്ചു തിരുമലയുടെ പാട്ടിലുണ്ടായിരുന്നു. അതിലേക്ക് ഏതെങ്കിലും ഒരു ഇന്ദ്രിയാനുഭവം പ്രത്യേക ഭാവതലത്തിന്റെ ശ്രുതിയുണർത്തുംവിധം ഏകാഗ്രമാകുന്നു. മൗനമെന്നത് നൊമ്പരമെന്നോ ആഹ്ലാദമെന്നോ വേർപെടാത്ത സംഗീതം പോലെയാകുന്നു. പാട്ടിൽ നീണ്ടുപടർന്നു ഘനമാകുന്ന മൗനപ്പടർച്ചകൾ. മൗനത്തിൽനിന്ന് മൊഴിയിലേക്കുള്ള ദൂരമളന്നിടാനാവും ആ ഗാനങ്ങളിൽ. മൗനമെന്നത് ബിച്ചുവിന്റെ ഗാനങ്ങളിൽ നിബിഡമായ ഒരു മാനസികാനുഭവമാകുന്നു. പാട്ടിലെ പ്രേമസമയങ്ങൾ പകുത്തുതരുന്ന മൗനവിതാനങ്ങൾ പലതായിരുന്നു. ഭാവഗീതത്തോട് അടുത്തുനിൽക്കുന്ന പാട്ടുഭാഷയായിരുന്നില്ല അത്, പകരം മൗനത്തിന്റെ കനം ചേർത്തുവെച്ച് പാട്ടിൽ ഒരാശയത്തിന്റെ സൗമ്യ ഗോപുരം പണിയൽ ആയിരുന്നു. മൗനം എന്നത് പാട്ടിൽ മൂർത്തതയുടെ ലിപിയായി ആഖ്യാനഘടനയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. മൗനബദ്ധമായിത്തീരുന്ന ജീവിതനിമിഷങ്ങളെ എവിടെ നിന്നൊക്കെയോ വിസ്മയകരമാംവിധം ചേർത്തുവെച്ച് വിസ്തൃതമായൊരു ഭാവസ്ഥലിയുണ്ടാക്കുന്നു ബിച്ചു തിരുമല തന്റെ ഗാനങ്ങളിൽ. അനുരാഗത്തിന്റെ ആത്മഹർഷങ്ങൾ നിറക്കുവാൻ ഈ മൗനങ്ങൾ ബിച്ചു തിരുമലയെ സഹായിച്ചു. മൗനത്തിന്റെ ആഴത്തേക്കാൾ അതിന്റെ പടർച്ചകൾക്കാണ് അദ്ദേഹം പാട്ടിൽ സ്ഥാനം നൽകിയത്.
‘‘മൗനമേ, മൗനമേ നിൻ മടിയിൽ ഞങ്ങൾ മഞ്ഞുതുള്ളികളായിരുന്നു’’
എന്ന പാട്ടിലെ മൗനത്തിന്റെ ദർശനവ്യാസം അതിനെ അത്രയ്ക്കും ഭാവഭദ്രമാക്കുന്നു എന്നത് ശ്രദ്ധേയം.
‘‘തുഴയാം മൗനാനുരാഗക്കിളികളായ് പ്രേമസാഗരം’’
എന്ന വരിയിൽ എത്രയോ ജന്മങ്ങളായ് പരസ്പരമറിയുന്ന അനുരാഗികളെ കാണാം. മിഴികളിലും മൊഴികളിലും തളിരിടുന്ന മൗനങ്ങൾ തിരമാലകൾപോലെ വളരുമ്പോൾ ഏത് ജന്മവും അതിനടിപണിയുമെന്ന് അദ്ദേഹം ഒരു പാട്ടിലെഴുതി. മൗനം-മൊഴി, മൗനം-മോഹം എന്നീ ദ്വന്ദ്വങ്ങൾ ബിച്ചു തിരുമലയുടെ ഗാനങ്ങളിൽ ബഹുസ്വരമായ സൗന്ദര്യബോധത്തെ വിതാനിക്കുന്നുണ്ട്.
‘‘മൗനങ്ങളെ ചാഞ്ചാടുവാൻ മോഹങ്ങളാം തൂമഞ്ചൽ തരൂ’’,
‘‘മൗനരാഗക്കിളികൾ മിഴിയിലും മൊഴിയിലും കൂടുകൂട്ടുവാൻ,’’
‘‘മൗനങ്ങൾ തോറും മൊഴിയായി നീ’’,
‘‘മൗനം മയങ്ങുന്ന മോഹങ്ങളാണോ’’
-ഇങ്ങനെ നീളുന്നു ആ മൗനനിരകൾ.
‘‘തുമ്പിയായ് തുള്ളുന്നെൻ മൗനം’’, ‘‘പാതിരാക്കിളി എന്തിനീ മൗനം’’, ‘‘മഞ്ഞുകൂട്ടിലെ നിലാക്കിളി മയങ്ങൂ മൗനമായി’’, ‘‘വിരഹഗാനം വിതുമ്പിനിൽക്കും വീണപോലും മൗനമായ്’’, ‘‘നളിനനാഭിയിൽ മയങ്ങും മൗനമേ’’, ‘‘സിന്ദൂര സന്ധ്യക്ക് മൗനരാഗം’’, ‘‘മനസ്സിന്റെ മഞ്ചലിൽ തനിയേ മയങ്ങുന്ന മൗനമേ’’, ‘‘നോവിൻ മൗനം നിറയുമ്പേൾ’’, ‘‘പൂച്ചങ്ങലയ്ക്കുള്ളിൽ രണ്ടു മൗനങ്ങൾപോൽ’’ അങ്ങനെയങ്ങനെ വാക്കുകളുടെ അർഥവും പ്രാണമിടിപ്പും അനുഭവങ്ങളുടെ ആഴവുമെല്ലാം മൗനത്തിന്റെ വിഭിന്നരൂപ വ്യാപ്തികളായി പാട്ടിൽ പതിഞ്ഞുകിടക്കുന്നു.
പ്രത്യക്ഷമായ സ്ഥലകാല വ്യവഹാരങ്ങൾക്കപ്പുറത്തുള്ള മൗനത്തിന്റെ ഘടികാരം ബിച്ചു തിരുമലയുടെ പാട്ടുകളിൽ സദാ മിടിക്കുന്നുണ്ട്. അനുരാഗത്തിന്റെ ആത്മഹർഷം മൗനത്താൽ നിറയുന്ന നിമിഷങ്ങൾ ബിച്ചു തിരുമലയുടെ ചലച്ചിത്ര ഗാനങ്ങളിൽ നിരവധിയാണ്. വരികളിൽ നിറയുന്ന മൗനനേരങ്ങളെ ലോകയുക്തികൊണ്ട് സാമാന്യവത്കരിക്കുകയാണ് ബിച്ചു തിരുമല. അനാദിയായ പ്രപഞ്ചമൗനത്തിന്റെ ഒരനുസ്യൂതി ആശയങ്ങളെ അഗാധമായി വഹിച്ചൊഴുകുന്ന ഊർജപ്രവാഹമായി പാട്ടിൽ നിറയുന്നു. ലോകവും കാലവും മനസ്സും തമ്മിലുള്ള സ്വരൈക്യമാണ് പാട്ടിൽ മൗനമാകുന്നത്. പാട്ടിലെ ആന്തരിക ശ്രുതിയിണക്കമായി മൗനത്തെ നാം അറിയുന്നു. പ്രണയമൗനത്തെ പ്രകൃതിയോട് ചേർത്തുവെച്ചായിരുന്നു ബിച്ചു തിരുമല പാട്ടുകൾ ആവിഷ്കരിച്ചത്. ഇങ്ങനെ മൗനം എന്ന ഏക കേന്ദ്രത്തിന് ചുറ്റും ഭ്രമണംചെയ്യുന്ന ഒന്നായി ബിച്ചുവിന്റെ പാട്ട് മാറുകയാണ്. ഇന്ദ്രിയബദ്ധമായ ഓർമകളെയും കാലാനുഭവങ്ങളെയും കൂട്ടിയിണക്കി പാട്ടിന്റെ ഘടനയിൽ അഗാധമായ മൗനസ്വരങ്ങൾ ഇഴപാകി അദ്ദേഹം.
‘‘ആയിരം മൗനങ്ങൾക്കുള്ളിൽനിന്നുള്ളതും അജ്ഞാത സൗന്ദര്യം’’ (‘ആലിലകുരുവികൾ’ എന്ന സിനിമയിലെ ഗാനം) ആയിരുന്നു ബിച്ചുവിന്റെ പാട്ടുകൾ. പാട്ടിന്റെ ജാലകങ്ങൾ ഒന്നൊന്നായി തുറന്നുതരുമ്പോൾ സ്വത്വസംസ്കൃതിയുടെ താളങ്ങളും പ്രകൃതിയിലെ ജനിതക സ്വരങ്ങളും ചേർന്ന ജീവിതത്തിന്റെ സിംഫണിയിൽ മൗനം എന്നത് ഏറ്റവും വലിയ സ്വരമായി മാറുകയായിരുന്നു. ബിച്ചു തിരുമലയുടെ പാട്ടുകൾക്ക് മേൽപറഞ്ഞ പ്രസ്താവന അടിവരയിടുന്നു. കാലം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇത്രയേറെ ജനകീയമായിത്തീരുന്നത് മൗനത്തിന്റെ സൗന്ദര്യഭദ്രമായ പരിചരണംകൊണ്ടാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.