‘ദേവീക്ഷേത്രനടയിൽ ദീപാരാധനാവേളയിൽ...’ -70കളിലെ ഈ പ്രണയഗാനത്തിന് അനിർവചനീയമായൊരു വശ്യതയുണ്ട്. ഈയൊരൊറ്റപ്പാട്ടിലൂടെ ചലച്ചിത്രഗാനരചന രംഗത്ത് ചിരപ്രതിഷ്ഠ നേടിയ കവിയാണ് പരത്തുള്ളി രവീന്ദ്രൻ. ഒരുകാലത്തെ തലമുറ ഈ ഗാനം ഏറ്റുപാടുമ്പോൾ അതെഴുതിയ കവിയെ പലപ്പോഴും നാം അറിയാതെ പോകുന്നുണ്ട്. മലപ്പുറം എടപ്പാൾ ചങ്ങരംകുളത്തിനടുത്ത് കാലടിത്തറയിൽ ജനിച്ച പരത്തുള്ളി രവീന്ദ്രന് കവിതയെഴുത്ത് ശീലത്തെക്കാളുപരി ഒരു ഹരമാണ്. നാടകകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, കഥാകാരൻ, കവി എന്നീ നിലകളിലും പ്രശസ്തനായ ഇദ്ദേഹം നാട്ടുകാർക്കും ഏറെ പ്രിയങ്കരനാണ്.
പ്രഫഷനല്‍ നാടകരംഗത്തും റേഡിയോ നാടകങ്ങളിലും പരത്തുള്ളി രവീന്ദ്രന്റെ സംഭാവനകളുണ്ട്. എല്ലാ മേഖലയിലും ചെറിയ തോതിൽ കൈവെച്ചിട്ടുണ്ട്. എന്നാലും പാട്ടും കവിതകളുമാണ് അദ്ദേഹത്തിന്റെ ജീവവായു. ചാരുതയാർന്ന വരികളാണ് അദ്ദേഹത്തിന്റെ കവിതകളിലേറെയും ദൃശ്യമാവുന്നത്. വിരലിലെണ്ണാവുന്ന സിനിമാ പാട്ടുകളേ എഴുതിയിട്ടുള്ളൂവെങ്കിലും ആ പാട്ടുകളൊക്കെ ഒരുകാലത്തെ തലമുറ മുഴുവൻ ആവർത്തിച്ചു പാടിയ പാട്ടുകളായിരുന്നു. പരത്തുള്ളി രവീന്ദ്രന്റെ വിശേഷങ്ങളിലൂടെ...
നാടകകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, കഥാകാരന്, കവി തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ ഉണ്ടെങ്കിലും പരത്തുള്ളി രവീന്ദ്രൻ തിരിച്ചറിയപ്പെടുന്നത് ‘ദേവീക്ഷേത്ര നടയില്‍, ദീപാരാധനാ വേളയില്‍...’എന്ന ഗാനത്തിന്റെ പേരിലാണ്. 1977ല്‍ ഇറങ്ങിയ ‘പല്ലവി’ എന്ന സിനിമയിലെ ഗാനമാണ് ഇത്. ‘പല്ലവി’യുടെ കഥയും തിരക്കഥയും എല്ലാം പരത്തുള്ളിയുടേതായിരുന്നുവെങ്കിലും ഈ ഗാനമാണ് മേല്‍വിലാസമുണ്ടാക്കിയത് എന്ന് നിസ്സംശയം പറയാം. അത്രക്ക് ഉണ്ടായിരുന്നു അക്കാലത്ത് ഈ ഗാനത്തിന്റെ സ്വീകാര്യത. പാടിയതാകട്ടെ യേശുദാസും. ഈ ഗാനത്തിന് മികച്ച ഗായകനുള്ള ആദ്യത്തെ സംസ്ഥാന അവാർഡും യേശുദാസ് സ്വന്തമാക്കി. എന്നാൽ, മലയാളികൾക്കിടയിൽ ഈ പാട്ടുണ്ടാക്കിയ ഓളം പക്ഷേ പാട്ടെഴുത്തുകാരന് കിട്ടിയില്ല.
പാട്ടാണെങ്കിലും എന്താണെങ്കിലും അതൊരു സങ്കൽപമാണ്. ആ സങ്കൽപത്തിൽ ഭാവന വരുമ്പോഴാണ് ഗാനങ്ങൾ എഴുതാൻ പറ്റുന്നത്. 72ലാണ് ഞാൻ പാട്ടെഴുതാൻ പോയത്. ആ സമയത്ത് 32 വയസ്സ്. പുതിയ കാര്യങ്ങളെല്ലാം പരീക്ഷിക്കാനുള്ള ഒരു ചോരത്തിളപ്പ്. ആ ഭ്രമത്തിൽ സംഭവിച്ചതാണ് ‘പല്ലവി’യിലെ ഈ പാട്ടും. അതിന് മുമ്പും എഴുതുമെങ്കിലും സിനിമക്കായിട്ട് എഴുതുന്നത് ‘പല്ലവി’യിലാണ്. ജനശ്രദ്ധ നേടിയ മറ്റൊരു പാട്ടാണ് ആ സിനിമയിലെ തന്നെ ‘കിനാവിന്റെ കടവില്‍ ഇളനീര്’ എന്ന ഗാനം. 2016ൽ ‘മൂർച്ച’ എന്ന ചലച്ചിത്രത്തിന് തിരക്കഥ രചിച്ചു. ‘ചുണക്കുട്ടികൾ’ എന്നൊരു ചിത്രത്തിനും പാട്ടുകളെഴുതിയിരുന്നു. ആ ഗാനങ്ങളെല്ലാം ഹിറ്റുകളായെങ്കിലും സിനിമ ഇറങ്ങിയില്ല. ശ്രദ്ധിക്കപ്പെടുന്ന പാട്ടുകള്‍ എഴുതിയിട്ടും സിനിമയില്‍ തുടരാന്‍ കഴിയാത്തത് തന്റെ നിലപാടുകളും ആശയങ്ങളും യോജിച്ചുപോകാത്തതിനാലായിരിക്കാം -പരത്തുള്ളി രവീന്ദ്രന് പറയുന്നു.
ഇങ്ങനെയൊരു കഥയെഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കഥ കണ്ടുപിടിക്കാം, കഥാപാത്രങ്ങളെ കണ്ടുപിടിക്കാനാണ് പണി. നമ്മുടെ ഉള്ളിന്റെയുള്ളിൽ ഒരു കഥയുണ്ടാവും. ആ കഥയെ ജീവസ്സുറ്റതാകുന്നത് അതിലെ കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങളെ കണ്ടുപിടിച്ച് ഒരു വഴിക്ക് എത്തിക്കൽ അൽപം ശ്രമകരമായ കാര്യമാണ്. ഞാനും സുഹൃത്തും ജീവിച്ച, അനുഭവിച്ച കഥയുടെ പല അംശങ്ങളും കൂടിച്ചേർന്നാണ് ‘പല്ലവി’ ഉണ്ടായത്. ഇതെക്കുറിച്ച് പറയുമ്പോൾ എന്റെ സുഹൃത്ത് കെ.സി. മുഹമ്മദിനെ പറ്റിയും സംസാരിക്കണം. ‘പല്ലവി’ എന്ന സിനിമ ഞാനും സുഹൃത്തും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ്.
പത്താം ക്ലാസ് രണ്ടാം പ്രാവശ്യം എഴുതി വിജയിച്ചെങ്കിലും തുടര്‍പഠനത്തിന് പോകാൻ വീട്ടിലെ സാഹചര്യം അനുവദിച്ചില്ല. തുടര്‍ന്ന് ചിറ്റ്സ് സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചു. അവിടെ വെച്ചാണ് കെ.സി. മുഹമ്മദുമായുള്ള അടുപ്പം ആരംഭിക്കുന്നത്. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തില്‍ എല്ലാവരും കൈയൊഴിഞ്ഞപ്പോൾ ഈ സുഹൃത്ത് മാത്രമേ സഹായിക്കാൻ ഉണ്ടായിരുന്നുള്ളൂ.
ഞാനും മുഹമ്മദും തമ്മിൽ അത്ര അടുപ്പമായിരുന്നു. ഒരേ ഇലയിൽ ഭക്ഷണം കഴിച്ച് ജീവിച്ചവരാണ്. ‘പല്ലവി’യിലൂടെ ഞങ്ങളുടെ സൗഹൃദം കൊണ്ടുവരാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എം.ജി. സോമൻ ജയഭാരതി, ടി.ആർ. ഓമന, ബഹദൂർ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം.ജി. സോമന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുന്നത് ‘പല്ലവി’യിലെ അഭിനയത്തിനാണ്.
നിർഭാഗ്യവശാൽ പടത്തിന്റെ കോപ്പി എവിടെയും കിട്ടാനില്ല. പലരും അത് അന്വേഷിച്ചെങ്കിലും പാട്ടുകളൊഴികെ ‘പല്ലവി’യുടേതായി രേഖകൾ ഒന്നുമില്ല. അതുകൊണ്ട് തന്നെ ഈ കാലത്തിലെ ആരും തന്നെ പടം കാണാൻ സാധ്യതയില്ല. പാട്ടുകളിൽ ചിലത് മാത്രമാണ് യൂട്യൂബിലും മറ്റുുള്ളത്. ഇറങ്ങിയ സമയത്ത് ഹൗസ് ഫുള്ളായിരുന്നു സിനിമ. എന്നിട്ടും അതിന്റെ കോപ്പിയൊന്നും സൂക്ഷിച്ചില്ല.
‘ദേവീക്ഷേത്രനടയിൽ...’ 1977ൽ ചെന്നൈ ഭരണി സ്റ്റുഡിയോയിലെ റെക്കോഡിങ്ങിനുമുമ്പ് ഗാനഗന്ധർവൻ യേശുദാസ് ചോദിച്ചു. ഇത്ര ലളിതമായ, സുന്ദരമായ ഗാനങ്ങളൊന്നും ഞാൻ അടുത്തൊന്നും കേട്ടിട്ടില്ല. ആരാ ഇതെഴുതിയത്? എന്ന്. സംവിധായകൻ ബി.കെ. പൊെറ്റക്കാട് എന്നെ പരിചയപ്പെടുത്തി. പിന്നെ കുറെ സംസാരിച്ചു. എന്നെ അടുത്തിരുത്തി അത്രയും നേരം സംസാരിച്ചത് തന്നെ വലിയ അത്ഭുതമായിരുന്നു. നാലുവരി പല്ലവി മാത്രമാണ് ആദ്യമെഴുതിയത്. പിന്നീട് കണ്ണൂർ രാജനുമായി ചർച്ച ചെയ്തെഴുതിയതാണ് ബാക്കി വരികളൊക്കെ. ഒന്നരമണിക്കൂറുകൊണ്ട് റെക്കോഡിങ് പൂർത്തിയാക്കി. വർഷങ്ങൾക്കുശേഷം യേശുദാസിനെ ഒരു വേദിയിൽ വെച്ച് കണ്ടെങ്കിലും സംസാരിച്ചില്ല. ഒരുപക്ഷേ തന്നെ തിരിച്ചറിഞ്ഞില്ലെങ്കിലോ...
വലിയ തറവാട്ടിലാണ് ജനിച്ചതെങ്കിലും പഠിച്ചതെല്ലാം അടുത്തുള്ള മദ്രസയിലാണ്. രാവിലെ ചായയും പലഹാരവും ഒന്നുമില്ല വീട്ടിൽ. വീടിന്റെ പറമ്പിൽ നിറയെ കപ്പയുണ്ട്. അത് കഴിച്ചാണ് പലപ്പോഴും വിശപ്പടക്കിയിരുന്നത്. വിശന്ന് വലഞ്ഞ അഞ്ച് വയസ്സു കാലത്ത് അനുഭവിച്ച വേദന അത് ഒരിക്കലും വാക്കുകളിൽ ഒതുക്കാൻ പറ്റുന്നതല്ല. ഞാൻ നാടുവിട്ട് പോയിട്ടുണ്ട്. കൂട്ടുകുടുംബം ആണല്ലോ അന്നൊക്കെ. മരുമക്കത്തായത്തിന്റെ പ്രൗഢി നിറഞ്ഞുനിൽക്കുന്ന കാലം. ഒരുപാട് ആളുകൾ... എല്ലാവർക്കും എല്ലാം കിട്ടിക്കൊള്ളണമെന്നില്ല. മക്കളായാലും മരുമക്കളായാലും നിൽക്കാൻ പാടില്ല, ഇരിക്കാൻ പാടില്ല, മിണ്ടാൻ പാടില്ല അതാണ് നിയമം. വിഷമഘട്ടങ്ങളിൽ പാട്ടുകൾ കുറിച്ചിട്ട് പാടുമായിരുന്നു. ആ പാട്ടുകളാണ് പിന്നീട് കവിതയെഴുത്തിന് പ്രേരകമായത്.
നടൻ സുകുമാരന്റെ അമ്മാവനോടാണ് ആദ്യമായി പാട്ടെഴുതാൻ അവസരം ചോദിച്ചത്. അദ്ദേഹം അവസരം തന്നില്ല. അതാണ് പിന്നീട് വാശിയായി മാറിയത്. ഒരു പാട്ടെങ്കിലും എഴുതുമെന്ന് ആ സംഭവത്തിനുശേഷം ഞാൻ മനസ്സിലുറപ്പിച്ചു. വേദനകൾ നിറഞ്ഞ ബാല്യ-കൗമാര കാലഘട്ടം കഴിഞ്ഞ് 79ന്റെ നിറവിൽ നിൽക്കുമ്പോൾ പിന്നിട്ട വഴികളെല്ലാം നിസ്സഹായതയുടെ ഓർമപ്പെടുത്തലുകളാണ്.
ഗിരീഷ് പുത്തഞ്ചേരിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. കുറെ കാലത്തിനുശേഷം കണ്ടാലും പരിഭവമേതുമില്ലാതെ സംസാരിക്കുമായിരുന്നു. അധികം കാണാറില്ലെങ്കിലും സംസാരിക്കാറില്ലെങ്കിലും നല്ല അടുപ്പമായിരുന്നു. അസാധ്യ പാട്ടെഴുത്തുകാരനാണ്. ആ സൗഹൃദത്തിന്റെ ഓർമകൾ ഇന്നും മായാതെ മനസ്സിലുണ്ട്. അത്രയേറെ അടുപ്പമുള്ള മറ്റൊരു മനുഷ്യനാണ് അക്കിത്തം. അക്കിത്തവുമായിട്ട് ഒരുപാട് വേദികൾ പങ്കിട്ടിട്ടുണ്ട്. മനയിലൊക്കെ പോയിട്ടുണ്ട്. പി.എൻ. പള്ളിപ്പാടൻ, സി.വി. ഗോവിന്ദൻ എടപ്പാൾ ഇവരൊക്കെ കവി സൗഹൃദത്തിൽപ്പെട്ട ചുരുക്കം ചിലരാണ്. പൊന്നാനി കവികളുടെ നാടാണല്ലോ. അതുകൊണ്ട് തന്നെ ജനിച്ചുവളർന്ന നാട് തന്ന ഒരു കവി വലയമുണ്ട്. അതിൽ തന്നെ അഭിപ്രായ ഭിന്നതകൾ വന്ന് വഴി മാറിയ സൗഹൃദങ്ങളുമുണ്ട്.
മലപ്പുറം ജില്ലയിൽ എടപ്പാൾ കാലടിത്തറ ദേശത്ത് പരത്തുള്ളി തറവാട്ടിൽ എം.സി. ഗോവിന്ദമേനോന്റെയും പരത്തുള്ളി കുഞ്ഞിലക്ഷ്മിയമ്മയുടെയും മകനായി 1944 സെപ്റ്റംബർ എട്ടിന് ജനനം. മൂന്ന് സിനിമകളിലായി എട്ടു ഗാനങ്ങൾ. അതിൽ രണ്ട് സിനിമകൾ പൂർത്തീകരിച്ചില്ല. ഇറങ്ങിയത് ‘പല്ലവി’ മാത്രം. നാടക രചനയും കവിത എഴുത്തുമായി മുന്നോട്ടുപോകുന്ന ജീവിതത്തിൽ ഒട്ടനവധി അമച്വർ നാടകങ്ങളും റേഡിയോ നാടകങ്ങളും ‘ജ്യോതിർഗമയ’, ‘മനസ്സ് ഒരു മണിവീണ’, ‘അസ്ഥിപൂജ’ എന്നീ പ്രഫഷനൽ നാടകങ്ങളും എഴുതിയിട്ടുണ്ട്. ‘മാപ്പ്’ എന്ന കവിത സമാഹാരം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ കൃതിയാണ്.
69ാത്തെ വയസ്സിലാണ് ‘മാപ്പ്’ ഇറങ്ങുന്നത്. ആൽബങ്ങളിലും പാട്ടെഴുതിയിട്ടുണ്ട്. ‘ഭൂലോകനാഥൻ’, ‘ലീലാകൃഷ്ണൻ’, ‘മാനസകണ്ണൻ’ തുടങ്ങി അനവധി അയ്യപ്പഭക്തിഗാനങ്ങളും പരത്തുള്ളിയുടെ ജീവിതത്തിലെ പ്രധാന ഏടുകളാണ്. ഭാര്യ ചന്ദ്രികയോടൊപ്പം കോഴിക്കോട് രാമനാട്ടുകര കൊണ്ടോട്ടി റോഡിൽ കൈതക്കുണ്ടിലാണ് താമസം. മൂന്ന് മക്കള്‍: രാജീവ്, മഞ്ജുള, പ്രസൂണ്‍. അച്ഛനെപ്പോലെ തന്നെ മക്കളും കലാകാരന്മാരാണ് പാടും, എഴുതും.
‘ആളുകൾ ഇപ്പോഴും എന്നെ തിരിച്ചറിയുന്നു എന്നതിൽ സന്തോഷമുണ്ട്. അംഗീകാരങ്ങൾ കിട്ടാത്തതിൽ ഖേദമൊന്നുമില്ല. ഇന്നും നിങ്ങളുടെ കാലഘട്ടത്തിൽ ഉള്ളവരും ഈ പാട്ടുകളൊക്കെ ചോദിച്ചറിയുന്നുണ്ട്. കേൾക്കുന്നുണ്ട്. എന്നെ അന്വേഷിക്കുന്നുണ്ട്’ -പരത്തുള്ളി രവീന്ദ്രൻ പറഞ്ഞു നിർത്തി.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.