‘സ റാ സാംനെ തോ ആവോ ചലിയേ... ചുപ് ചുപ് ചായ്നേ മി ക്യാ റാസ് ഹേ...’ ഈ ഗാനം കേൾക്കാത്തവർ ആ ഒരു തലമുറയിൽ അപൂർവമായേ കാണൂ. അവർക്കിടയിൽ ചെറുതായെങ്കിലും അതൊന്ന് മൂളിപ്പോകാത്തവർ അതി വിരളവും. 1957തൊട്ട്, ‘ജനം ജനം കെ ഫേരെ’ (ജന്മ ജന്മങ്ങളുടെ അലച്ചിൽ) റിലീസായതോടുകൂടി ഇന്ത്യയെങ്ങും ആ ഗാനം മുഴങ്ങിത്തുടങ്ങി. പണ്ഡിറ്റ് ഭരത് വ്യാസിന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് എസ്.എൻ. ത്രിപാഠി എന്ന സംഗീതജ്ഞനാണ്. ത്രിപാഠി ഒരു സകലകലാവല്ലഭനായിരുന്നു. സിനിമാ സംവിധാനവും തിരക്കഥയെഴുത്തും സംഗീതവും തുടങ്ങി എല്ലാ മേഖലയിലും തന്റെ പ്രാഗല്ഭ്യം മാറ്റുരച്ച വ്യക്തിത്വം. പണ്ഡിറ്റ് വ്യാസിെന്റ വരികൾക്ക് ഒരു ട്യൂൺ കണ്ടെത്തേണ്ടി വരാറില്ല എന്ന് പറഞ്ഞത് മറ്റാരുമല്ല.
ദർബാരി രാഗത്തിൽ റഫി ആലപിച്ച ‘ഭഗ് വാൻ... ഭഗ് വാൻ... ഓ ദുനിയാ കേ രഖ്വാലേ...’ (ബൈജു ബാവ്ര-നൗഷാദ്), ലതാജിയുടെ ശുദ്ധ്കല്യാണിൽ ഒഴുകി വന്ന ‘രസിഖ് ബൽമാ...’ (‘ചോരി ചോരി’-1957, ശങ്കർ ജയ്കിഷൻ) പോലെയുള്ള എക്കാലത്തെയും സുവർണ ഹിറ്റ് ഗാനങ്ങൾ പുറത്തുവന്ന ദശകമാണ് 50കൾ. അവയോടൊപ്പം തലയുയർത്തി നിന്ന പാട്ടുകളിലൊന്നാണ് ‘സറാ സാംനെ’യും. ആ വർഷം തുടങ്ങി ‘ബിനാകാ ഗീത് മാല’ എന്ന എക്കാലത്തെയും ജനപ്രിയ സിനിമാറ്റിക് മ്യൂസിക് റേഡിയോ പ്രോഗ്രാമിൽ ഏറ്റവും ടോപ് സ്കോറർ ആയി നിന്ന ഗാനം.
നമ്മുടെ നാട്ടിൻപുറങ്ങളിൽ പന്തലിന്റെ ഒരു കോണിൽ പാട്ടുപെട്ടിയും അനുബന്ധ ഉപകരണങ്ങളും, പുറത്തെ വൃക്ഷത്തലപ്പിൽ കോളാമ്പിയും കാണപ്പെടാത്ത കല്യാണ ചടങ്ങുകൾ അക്കാലത്ത് അതിവിരളമായിരുന്നു. സമ്പന്നർ, ദരിദ്രർ എന്ന വ്യത്യാസംപോലും അക്കാര്യത്തിലുണ്ടായിരുന്നില്ല. എന്റെ ചെറുപ്പത്തിൽ ഉൾനാടൻ ഗ്രാമങ്ങളിൽപോലും കോളാമ്പികളിൽനിന്ന് മുഴങ്ങി കേട്ട പാട്ടുകളിലൊന്നാണീ ‘സറാ സാം നെ തൊ’. എഴുപതുകളുടെ ഒടുവിൽ മുംബൈയിൽ ഞാൻ ലാൻഡ് ചെയ്യുന്നത് ബാന്ദ്രയിലാണ്. വാസം അതിന്റെ ചേരിയായ ഭാരത് നഗർ കോളനിയിലും. അവിടെ താമസിച്ചുവരുന്ന ഏറ്റവും താഴ്ന്ന തട്ടിലുള്ള തൊഴിലാളികളുടെ തീർത്തും അനാർഭാടകരമായ ശാദി സമാരോഹ്കളിലും ടെലിഫോൺ തൂണിൽ കെട്ടിയ കോളാമ്പികളിൽനിന്ന് ഒഴുകിവന്നതിലൊന്നും ആ പാട്ടുതന്നെ. കേട്ടു കേട്ട് ആ വരികൾ ഹൃദിസ്ഥമായി. കല്യാണ ചടങ്ങുകൾക്ക് എപ്പോഴും സന്തോഷം പകരുന്ന പാട്ടുകളാണ് തിരഞ്ഞെടുക്കുക. പക്ഷേ, ഈ പാട്ടിന്റെ ചരണത്തിൽ ഇടക്ക് വേർപാടിന്റെ ഗദ്ഗദങ്ങളുണ്ട്. ഏകാന്തതയുടെ പിടച്ചിലുണ്ട്. പക്ഷേ, അതിന്റെ വമ്പിച്ച ജനപ്രീതിയാവണം അത് തിരസ്കരിക്കപ്പെടാതെ പോകാൻ കാരണമായത്.
‘ഹമെ തുമെ ചാഹേ തും നഹീ ചാഹൊ ഐസാ കഭീ നാ ഹോ സക്താ... പിതാ അപ്നെ ബാലക് സെ ബിച്ചഡ്ക്കെ...
സുഖ് സെ കഭി നാ സോ സക്തേ...’ (ഞാൻ നിന്നെ സ്നേഹിക്കുന്നു/ നീ എന്നെ സ്നേഹിക്കാതിരിക്കുന്നു/ അങ്ങനെയും സംഭവിക്കുമോ?/ ഒരു പിതാവിന് മകനെ വേർപിരിഞ്ഞു സുഖത്തോടെ ഉറങ്ങാനാവുമോ?).
ഭരത് വ്യാസിന്റെ മകൻ ശ്യാംസുന്ദർ ചെറുപ്പത്തിൽ എളുപ്പം ശുണ്ഠിപിടിക്കുന്ന സ്വഭാവക്കാരനായിരുന്നു. ഒരുനാൾ ശ്യാം ആരോടും പറയാതെ വീടുവിട്ട് എങ്ങോട്ടോ പോയി. ഒരുപാട് അന്വേഷണങ്ങൾ, തിരിച്ചുവിളിച്ചുകൊണ്ട് റേഡിയോയിലും പത്രങ്ങളിലും പരസ്യങ്ങൾ. ഗലികളിൽ ഫോട്ടോ സഹിതം പോസ്റ്ററുകൾ. ശ്യാം തിരിച്ചു വന്നില്ല. അവനെ ആർക്കും കണ്ടെത്താനുമായില്ല. ആ വ്യസനത്തിൽ ഇരിക്കുമ്പോഴും പലരും അവരുടെ സിനിമകൾക്ക് വരികളെഴുതിക്കിട്ടാൻ
ഭരത് വ്യാസിനെ സമീപിച്ചുകൊണ്ടിരുന്നു. അദ്ദേഹം അവയെല്ലാം തിരസ്കരിച്ചു. കൂട്ടത്തിൽ അന്നത്തെ പ്രശസ്തരായിരുന്ന സുഭാഷ്, മൻമോഹൻ ദേശായിമാരും. അവർ വ്യാസ് തന്നെ പാട്ടെഴുതിത്തരണമെന്ന ശാഠ്യത്തിനും നിന്നു. ഭരത് തുടക്കത്തിൽ വഴങ്ങിയില്ല, വീട്ടുകാർ നിർബന്ധിച്ചിട്ടും. ഞാനിനി എഴുതുകയേയില്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം. അവർ പൊയ്ക്കഴിഞ്ഞ ശേഷമാണ് വ്യാസിന് ആ ആശയം തലയിലുദിച്ചത്.
മകന്റെ വേർപാടിന്റെ വേദന ചില വരികൾ ഭരത് കുറിച്ചുവെച്ചിരുന്നു, മനസ്സിൽ തട്ടിയത്. അതിന് പല്ലവിയും അനുപല്ലവിയും എഴുതിച്ചേർത്ത് പൂർണമാക്കി കൊടുത്താലോ? ആ സിനിമ എത്തുന്നിടത്തൊക്കെ, അത് കാണുന്നവരിലൊക്കെയും ആ സന്ദേശം എത്തും. ഇന്ത്യയുടെ മുക്കിലും മൂലയിലും. ഒരു അച്ഛന്റെ ഹൃദയം നുറുങ്ങുന്ന വേദന, മകൻ ശ്യാം സുന്ദറും തിരിച്ചറിയും. അതവനെ ചലിപ്പിക്കാതിരിക്കില്ല. ഒരു പിതാവിനു മകനോടുള്ള വാത്സല്യം മുഴച്ചുനിൽക്കുന്ന രചന. ദേശായ് സഹോദരർക്ക് അതത്ര കണ്ട് ഇഷ്ടപ്പെട്ടില്ല. അവർക്കു വേണ്ടത് ഒരു പ്രണയ ഗാനം. വിരഹം ആവാം. ഇതറിഞ്ഞ എസ്.എൻ. ത്രിപാഠി അതിലെ ചരണത്തിലെ,
‘പ്രേം കി ഹെ യെ ആഗ് സജൻ ജോ
ഇധർ ഉട്ടെ ഔർ ഉധർ ലഗേ...
പ്യാർ ക ഹെ യെ താർ പിയെ ജോ
ഇധർ സജേ ഔർ ഉധർ ഭജേ...’
എന്ന വരികൾ അദ്ദേഹം ഉദ്ദേശിച്ച ട്യൂണിൽ ഒന്ന് പാടിക്കേൾപ്പിച്ചപ്പോൾ അത് തന്നെ മതി എന്നായി ദേശായിമാർ. പ്രതീക്ഷിച്ചതിലുമപ്പുറം സിനിമ ഓടി. ‘സറാ സാംനെ...’ ഗാനം ഗ്രാമഗ്രാമാന്തരാളങ്ങളിൽ തരംഗം സൃഷ്ടിച്ചു. അന്നത്തെ യുവതയുടെ ചുണ്ടുകളിൽ അത് ഒരു ലഹരിയായി പടർന്നു. എന്നാൽ, ശ്യാംസുന്ദർ തിരിച്ചെത്തിയില്ല.
ഏറെ ഖിന്നനായി ഇരിക്കവെയാണ് മറ്റൊരു അവസരംകൂടി ഭരതിനെ തേടിയെത്തുന്നത്. റാണി രൂപ്മതി. അത് മറ്റാരിൽനിന്നുമല്ല. തന്റെ ഉപദേശകൻകൂടിയായ എസ്.എൻ. ത്രിപാഠിയിൽനിന്ന്. ഭരത് വ്യാസിന് മറിച്ചുചിന്തിക്കാനില്ല. അദ്ദേഹം സന്ദർഭത്തെ ഒരിക്കൽകൂടി ഉപയോഗിക്കാൻ തീരുമാനിച്ചു. ലതയുടെയും മുകേഷിന്റെയും സോളോ ആയി ഇന്നും, തലമുറകൾക്കിപ്പുറവും മുഴങ്ങിക്കേൾക്കുന്ന ഗാനം. വരികളിൽ പ്രകൃതിയെ ആവോളം വർണിച്ച് അവക്കിടയിൽ കവിയുടെ ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ കോർത്ത ഒരു മനോഹര കാവ്യ ശിൽപം.
‘ലോട്ട് കെ ആ... ലോട്ട് കെ ആ...
ആ ലോട്ട് കെ ആജാ മേരെ മീത്ത്
തുജേ മേരെ ഗീത്ത് ബുലാ ത്തെ ഹെ...’
(വരൂ, മടങ്ങി വരൂ എന്റെ പ്രിയ മിത്രമേ... ഇതാ എന്റെ ഗീതം നിന്നെ വിളിച്ചുകൊണ്ടിയിരിക്കുന്നൂ. എന്നിലെ സംഗീതം വരണ്ടുപോയിക്കൊണ്ടിരിക്കുന്നു. അത് തീർത്തും വന്ധ്യമായി പോകുന്നതിനു മുമ്പ് നീ തിരിച്ചുവരൂ. നിന്നെ എന്റെ ഗീതം ഇതാ വിളിക്കുന്നു. മൂടിക്കെട്ടി പെയ്യുന്ന ആകാശംപോലെ നിറഞ്ഞുതൂവുന്ന എന്റെ കണ്ണുകൾ... ഒരുവേള ചിരിപ്പിക്കുകയും ഒരു വേള കരയിപ്പിക്കുകയും ചെയ്യുന്ന ജീവിതത്തിന്റെ കളി എങ്ങനെയുണ്ട്! ഒരു വേള കണ്ടുമുട്ടിക്കുകയും മറുവേള വേർപിരിക്കുകയും ചെയ്യുന്ന ഈ ലോകം എന്നത് രണ്ടു നാളത്തെ ഒരുമേള മാത്രമാണ്. അതിനാൽ ഈ നിമിഷം കൊഴിഞ്ഞുപോകാനനുവദിക്കരുത്. നിന്നെ ഇതാ എന്റെ ഗീതം വിളിക്കുന്നു. നീ പുറപ്പെട്ടുവരൂ, മടങ്ങി വരൂ...)
പണ്ഡിതനും കവിയും സംഗീതജ്ഞനും, അക്കാലത്തെ ഉത്തരേന്ത്യൻ മെഹ്ഫിലുകളിലെ താരവുമായ പണ്ഡിറ്റ് ഭരത് വ്യാസ് ഹിന്ദി സിനിമയുടെ 50, 60കളിൽ തിളങ്ങിനിന്ന ഗാനരചയിതാവുകൂടിയായിരുന്നു. എഴുതിയതിലേറെയും പ്രാർഥനാ ഭക്തിരസനിർഭരമായ കാവ്യങ്ങളാണ്.
അക്കാലത്തിറങ്ങിയ പ്രധാനപ്പെട്ട കോസ്റ്റ്യൂം ഡ്രാമ, ക്ലാസിക് സിനിമകൾക്ക് ഗാനരചന നിർവഹിച്ചത് വ്യാസാണ്. ‘ചന്ദ്രലേഖ’, ‘ശ്രീ ചൈതന്യ മഹാപ്രഭു’, ‘മാതാ മഹാകാളി’, ‘സതി സാവിത്രി’, ‘റാംരാജ്യ’, ‘സന്ത് ഗ്യാനേശ്വർ’ തുടങ്ങി ‘മൊരി അടരിയാ പേ കാകാ ബോലേ’ എന്ന ഗാനവും ഇതേ തൂലികയിൽനിന്ന് പിറവികൊണ്ടതാണ്. പണ്ഡിറ്റ് ഭരത് വ്യാസിന്റെ രചനകളിൽ, ‘ചന്ദാ മാമ ദൂർ സെ ഖുവെ പകായെ ബൂർ സെ... ബച്പൻ’ (1955), ‘ഊഞ്ചി ഹവേലി’ (1955)യിലെ ‘ദൗലത് കെ ജൂലേ നശേ മേ ചൂർ...’ റഫി ആലപിച്ച ഗാനത്തിലെ ചരണത്തിലെ, ‘അജി ഐസാ ഏക് ദിൻ ആയേഗാ.. മാട്ടി മെ സബ് മിൽ ജായേഗാ.. ബലായി കാ ഫൽ രഹ് ജായേഗാ.. ഭാക്കി സബ് മിട്ടി മിൽ ജായേഗാ...’ എന്ന ഗാനം ഹിന്ദിയിലെ പ്രശസ്ത തത്ത്വചിന്താപരമായ പാട്ടുകളിലൊന്നായി പരിഗണിക്കപ്പെടുന്നു.
1918ൽ രാജസ്ഥാൻ ബിക്കാനീറിലെ ചെറുഗ്രാമത്തിൽ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ഭരത് വ്യാസ് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൊൽക്കത്തയിൽ പോയി സ്വയം ജോലിചെയ്ത് പഠിച്ചാണ് ഡിഗ്രി കരസ്ഥമാക്കുന്നത്. ബംഗാൾ സിനിമയിൽ കയറിക്കൂടാൻ ശ്രമിച്ചെങ്കിലും നാടകങ്ങളിലേ അവസരം ലഭിച്ചുള്ളൂ. അവിടന്ന് പുണെയിലേക്ക് വണ്ടികയറി. തുടർന്ന് മുംബൈയിലെത്തി. 1943ൽ ‘ദുഹായ്’ എന്ന സിനിമക്ക് പാട്ടെഴുതിയാണ് തുടക്കം. 1949ൽ ഇറങ്ങിയ ‘രംഗീല’ രാജസ്ഥാൻ സിനിമക്ക് ഗാനങ്ങളെഴുതി സ്വയം കമ്പോസ് ചെയ്തു. 1950ൽ മദൻ മോഹൻ ചിട്ടപ്പെടുത്തിയ ദേവേന്ദ്ര ഗോയലിന്റെ ‘ആംഖേം’ എന്ന സിനിമയിലെ ഗാനങ്ങൾ ഹിറ്റായി. 52ലെ ശ്രദ്ധേയ സിനിമ ഫാനി മസുംദാറുടെ ‘തമാശ’, 53ൽ ഇറങ്ങിയ ബിമൽ റോയിയുടെ ‘പരിണീത’, 57ൽ ഇറങ്ങിയ ‘തൂഫാൺ ആർ ദിയ’, വി. ശാന്താറാമിന്റെ ‘ദോ ആംഖേം ബാറാഹ് ഹാഥ്’ തുടങ്ങിയവ പണ്ഡിറ്റ് ഭരത് വ്യാസ് ഗാനങ്ങൾ രചിച്ച ഏതാനും സിനിമകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.