കോട്ടയം: ഈ ആൽബത്തിനുപിന്നിൽ കുട്ടികളാണെങ്കിലും കുട്ടിപ്പാട്ടല്ല ഇത്, കുട്ടിക്കളിയുമല്ല. കഴിഞ്ഞയാഴ്ച യൂട്യൂബിൽ റിലീസ് ചെയ്ത ക്രിസ്തീയ ഭക്തിഗാനത്തെക്കുറിച്ചാണ് പറയുന്നത്. പാടിയത് നാലര വയസ്സുകാരി ഇസബെൽ. സംഗീതം 13കാരൻ ഗിച്ചിനും മിക്സിങ് മാസ്റ്ററിങ് 15കാരൻ റിച്ചിനും. ഇരുവരും സഹോദരങ്ങളുമാണ്. പിന്നണിയിലെ ഈ കുട്ടിക്കൂട്ടങ്ങളുടെ പേരിൽ സംഗീതപ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ് 'ഈശോയെ' എന്നു തുടങ്ങുന്ന ഗാനം.
ഇസബെൽ സേറ അനീഷാണ് കൂട്ടത്തിലെ കുരുന്ന്. നാലര വയസ്സിലാണ് പാട്ടു പാടിയതെങ്കിലും യൂട്യൂബിൽ റിലീസാവുമ്പോൾ പ്രായം ആറ്. മലയാളസിനിമയിലെ സൗണ്ട് എൻജിനീയറായ അനീഷ് പി. ജോസിന്റെയും വടവാതൂർ കേന്ദ്രീയവിദ്യാലയം അധ്യാപിക എമിലിൻ മാത്യുവിന്റെയും മകൾ. രണ്ടര വയസ്സുമുതൽ ഗാനമേളകളിൽ പാടി. ആറുവയസ്സിനിടെ ചെറുതും വലുതുമായ മുപ്പതോളം സ്റ്റേജുകൾ. പാട്ടിന് പുറമെ ഡാൻസ്, ചിത്രകല, അഭിനയം എന്നിവയിലും അഭിരുചിയുണ്ട്. കോട്ടയം കേരള മ്യൂസിക് ക്ലബിൽ രണ്ടുമാസമായി ഓർക്കസ്ട്രക്കൊപ്പവും പാടുന്നു. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽനിന്ന് ബി.എ മ്യൂസിക് കഴിഞ്ഞ ആളാണ് പിതാവ് അനീഷ്. എമിലിനാവട്ടെ 17 വർഷം പള്ളി ക്വയറിലെ ഗായികയുമായിരുന്നു.
രണ്ടുമാസം മുമ്പുമാത്രമാണ് സംഗീതജ്ഞനായ കെ.എ. അനീഷിനു കീഴിൽ അഭ്യസനം തുടങ്ങിയത്. പേരൂർ ജെ.ബി എൽ.പി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഇസബെൽ.
മ്യൂസിക് പ്രൊഡക്ഷൻ, മിക്സിങ്, കാമറ, എഡിറ്റിങ് എല്ലാം നിർവഹിച്ച റിച്ചിൻ, കുഴിക്കാട് മാന്നാനം സെന്റ് എഫ്രേം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. എട്ടാം വയസ്സിൽ പിയാനോ പഠനം ആരംഭിച്ചു. 10 വയസ്സുമുതൽ സംഗീതം ചെയ്തുതുടങ്ങി. ഒപ്പം സിനിമ നിർമാണവും വിഷ്വൽ ഇഫക്ട്സും പഠിച്ചു.
ഗാനത്തിന്റെ സംവിധാനവും സംഗീത സംവിധാനവും നിർവഹിച്ച ഗിച്ചിൻ, കുഴിക്കാട് സെന്റ് എഫ്രേം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മ്യൂസിക് പ്രൊഡക്ഷനും ബീറ്റ് പ്രോഗ്രാമിങ്ങുമാണ് ഇഷ്ടവിനോദങ്ങൾ. തെള്ളകം കുഴിക്കാട് അധ്യാപകനായ അജി കുഴിക്കാടിന്റെയും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥ വത്സല കുഴിക്കാടിന്റെയും മക്കളാണ് റിച്ചിനും ഗിച്ചിനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.