മലയാളികളിലെ ഒരു തലമുറക്ക് ഗൃഹാതുരത്വം കലർന്ന ഓർമ്മയാണ് ഓഡിയോ കാസറ്റുകൾ. പാട്ടുകളും കഥാപ്രസംഗവും നാടകവും സിനിമ ശബ്ദരേഖയുമൊക്കെ കാസറ്റുകളിൽ ആസ്വദിച്ചിരുന്ന നാളുകൾ. ഏതുപാട്ടും വിരൽത്തുമ്പിൽ കിട്ടുന്ന ഇക്കാലത്തും അന്നത്തെ കാസറ്റ് ശേഖരം പൊന്നുപോലെ സൂക്ഷിക്കുന്നവരും നിരവധി. കാസറ്റുകളുടെ ആ പഴയ പ്രതാപകാലം തിരികെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് 'ഹൃദയം' ടീം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന 'ഹൃദയം' സിനിമയിലെ പാട്ടുകളെല്ലാം ഓഡിയോ കാസറ്റായും ഓഡിയോ സീഡി രൂപേണയും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ. അതിന് പ്രചോദനമായതാകട്ടെ, ഇസ്തംബൂളിലെ തിരക്കേറിയ ഒരു തെരുവിലെ കാസറ്റുകടയും.
ഗായകനും സംഗീത സംവിധായകനുമായ ഹിഷാം അബ്ദുൽ വഹാബ് ആണ് 'ഹൃദയ'ത്തിലെ പാട്ടുകൾക്ക് സംഗീതം പകർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇസ്താംബുളിലെ സ്റ്റുഡിയോയിലാണ് ഇതിന്‍റെ കേമ്പാസിങ് നടന്നത്. ഒരു ദിവസത്തെ വർക്കിനുശേഷം വിനീതും ഹിഷാമും നടക്കാനിറങ്ങിപ്പോഴാണ് തിരക്കേറിയ ഒരു തെരുവിൽ പ്രവർത്തിക്കുന്ന ഓഡിയോ കാസറ്റ്-ഓഡിയോ സീഡി ഷോപ്പ് കാണുന്നത്. ഇരുവരെയും അത് കാസറ്റുകളുടെ പ്രതാപകാലത്തിന്‍റെ ഓർമ്മകളിലേക്ക് നയിച്ചു. എന്നാണ് ഇനി പുതിയൊരു ആൽബം കാസറ്റിൽ കേൾക്കാൻ കഴിയുക, കാസറ്റുകളുടെ കാലം നമുക്ക് തിരികെ കൊണ്ടുവരാൻ പറ്റുമോ തുടങ്ങിയ ചർച്ചകളിലായി പിന്നീട് ഇരുവരും. ആ ചർച്ചയാണ് 'ഹൃദയ'ത്തിലെ പാട്ടുകൾ ലിമിറ്റഡ് എഡിഷൻ ഓഡിയോ കാസറ്റുകളിലും ഓഡിയോ സീഡികളിലും ഇറക്കാം എന്ന ആലോചനയിലേക്കെത്തിച്ചത്.
സിനിമയുടെ പാട്ടുകളുടെ അവകാശം സ്വന്തമാക്കിയ തിങ്ക് മ്യൂസിക് ഇന്ത്യയുടെ പിന്തുണ കൂടി ആയതോടെ ഇത് യാഥാർഥ്യമാകുകയാണ്. പുതിെയാരു പാട്ടാസ്വാദന അനുഭവം ഇത് സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു. 15 പാട്ടുകളാണ് സിനിമക്കുവേണ്ടി ഹിഷാം അബ്ദുൽ വഹാബ് ഒരുക്കിയിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. നടൻ പൃഥ്വിരാജ്, വിനീതിന്‍റെ ഭാര്യ ദിവ്യ എന്നിവരും കെ.എസ്. ചിത്ര, ഉണ്ണി മേനോൻ, ശ്രീനിവാസൻ തുടങ്ങിയ മുതിർന്ന ഗായകരും ശ്വേത അശോകിനെ പോലുള്ള പുതുമുഖങ്ങളുമൊക്കെയാണ് പാട്ടുകൾ പാടിയിരിക്കുന്നത്.
'ടേപ്പ് റെക്കോർഡറും വാക്മാനുമൊക്കെ പൊന്നുപോലെ സൂക്ഷിച്ച്, പഴയ ഓഡിയോ കാസറ്റ് പ്ലേ ചെയ്തു പാട്ടു കേൾക്കുന്നവർ ഇപ്പോഴും ഇവിടെ ഉണ്ട്. ഇത് കേവലം നൊസ്റ്റാൾജിയയല്ല. എല്ലാം ഡിജിറ്റലിലേക്കു മാറുന്ന ഈ കാലത്ത് നമ്മുടെ ഹൃദയത്തിൽ തൊടാനുള്ള ഒരു ക്വാളിറ്റി അനലോഗിന് ഉണ്ട് എന്ന് അനുഭവിച്ചറിഞ്ഞവരാണിവർ. ഇവർക്കുള്ള ഞങ്ങളുടെ സ്നേഹസമ്മാനമാണ്'- 'ഹൃദയ'ത്തിലെ പാട്ടുകൾ കാസറ്റിൽ ഇറക്കുന്നതിനെ കുറിച്ച് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.