'കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ...' സംഗീതാസ്വാദകരുടെ മനസ്സിനെ എക്കാലവും കുളിരണിയിക്കുന്ന ചുരുക്കം ചില ഗാനങ്ങളിൽ ഒന്നാണ് 'തുമ്പോളി കടപ്പുറം' എന്ന ചിത്രത്തിലെ ഈ ഗാനം.
പ്രശസ്ത ഗായികയും മലയാളത്തിന്‍റെ പ്രിയ കവി ഒ.എൻ.വി കുറുപ്പിന്‍റെ കൊച്ചുമകളുമായ അപർണ രാജീവിന്‍റെ മധുര ശബ്ദത്തിൽ ഈ ഗാനത്തിന് കവർ വേർഷൻ ഒരുങ്ങിയിരിക്കുകയാണ്. ഒരിക്കൽ കൂടി മലയാളി സംഗീത പ്രേമികളെ ശുദ്ധസംഗീതത്തിന്‍റെ പുത്തൻ ആസ്വാദന തലത്തിലേക്ക് നയിക്കുകയാണ് അപർണ.
ഒ.എൻ.വി കുറുപ്പ് രചിച്ച് സലിൽ ചൗധരി സംഗീതം നൽകി, യേശുദാസിന്‍റെയും കെ.എസ്. ചിത്രയുടേയും ശബ്ദത്തിൽ പുറത്തിറങ്ങിയ ഗാനമാണിത്. ജയരാജാണ് ചിത്രം സംവിധാനം ചെയ്തത്.
മലയാളികളുടെ നാവിൻ തുമ്പിലും മനസ്സിലും മായാതെ കിടക്കുന്ന ഹിറ്റ് ഗാനത്തിന് അതിന്‍റെ തനിമ ചോർന്നു പോകാതെ കവർ ഒരുക്കുകയെന്ന അതിസാഹസത്തിൽ അപർണ അനായാസം വിജയിച്ചു. ഗാനരംഗത്തിൽ അപർണ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ആലാപനം പോലെ തന്നെ ഗാനത്തിന്‍റെ ദൃശ്യവിഷ്കാരവും ഏെറ മനോഹരമാണ്. കടലിന്‍റെയും തെങ്ങിൻതോപ്പിന്‍റെയും പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിട്ടുള്ളത്.
ജോബിൻ കായനാട് സംവിധാനവും ചിത്രീകരണവും നിർവഹിച്ച ഗാനരംഗത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് മെൻഡോസ് ആന്‍റണിയാണ്. അനന്തരാമൻ അനിൽ ഓർക്കസ്ട്രഷനും പ്രോഗ്രാമിങ്ങും നിർവഹിച്ച ഗാനത്തിന്‍റെ മിക്സിങ്ങും മാസ്റ്ററിങ്ങും ചെയ്തിരിക്കുന്നത് അനിൽ അർജുനൻ ആണ്.
നേരത്തേയും നിരവധി ഹിറ്റ് മെലഡികൾക്ക് അപർണ കവർ ഒരുക്കിയിരുന്നു. തലയണ മന്ത്രം എന്ന ചിത്രത്തിൽ ജോൺസൺ മാഷിന്‍റെ സംഗീതത്തിൽ പിറന്ന 'തൂവൽ വിണ്ണിൻ മാറിൽ തൂവി', കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്ത് എന്ന ചിത്രത്തിൽ ഗീരീഷ് പുത്തഞ്ചേരി രചിച്ച് വിദ്യാസാഗർ ഈണം പകർന്ന 'കാത്തിരിപ്പൂ കൺമണീ' എന്നീ ഗാനങ്ങളും യോഗേഷ് രചിച്ച് സലിൽ ചൗധരി സംഗീതം പകർന്ന 'കഹി ദൂര് ജബ് ദിൻ ധൽ ജായേ' എന്ന ഹിന്ദി ഗാനവും ഇത്തരത്തിൽ ശ്രദ്ധേയമായവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.