ആകാശവാണി കോഴിക്കോട്... ചെലവൂർ കെ.സി.അബൂബക്കറും സംഘവും പാടുന്ന മാപ്പിളപ്പാട്ടുകൾ കേൾക്കാം...
-ഒരു കാലത്ത് ആകാശവാണിയിൽ നിന്ന് കേട്ടു പതിഞ്ഞ അനൗൺസ്മെന്‍റ്റായിരുന്നു ഇത്.
മാപ്പിളപ്പാട്ട്, കളരിയഭ്യാസം, ആധാരമെഴുത്ത്, മീൻപിടിത്തം തുടങ്ങിയ മേഖലകളിൽ മുദ്ര ചാർത്തിയാണ് കെ.സി ചെലവൂർ എന്ന കൊടക്കാട്ട് ചോലമണ്ണിൽ അബൂബക്കർ വിടപറഞ്ഞത്. രാഷ്ടീയ, സാമൂഹ്യ രംഗത്തിന്‍റെ നേർസാക്ഷ്യം കൂടിയായിരുന്നു കെ.സിയുടെ ഗാനങ്ങൾ. മാപ്പിളപ്പാട്ട് രംഗത്ത് ക്ലാസിക്കൽ യുഗത്തിനും കാമ്പ് നഷ്ടപ്പെട്ട തട്ടുപൊളിപ്പൻ ആധുനിക ഗാനങ്ങൾക്കുമിടയിൽ പരിവർത്തനത്തിനായി നല്ലഗാനങ്ങൾ കൊണ്ടാണ് കെ.സി മറുപടി നൽകിയത്.
കുട്ടിക്കാലത്ത് പാട്ടിനോടുള്ള ഇഷ്ടം കൂടിയപ്പോൾ ബോംബെയിലേക്ക് നാടുവിട്ടു. കിഷോർ കുമാർ, മുഹമ്മദ് റഫി, തലത്ത് മഹ്മൂദ്, തലത്ത് അസീസ് എന്നിവരുടെ ഗാനങ്ങളിൽ അലിഞ്ഞ് ചേർന്ന് ബോംബെയിൽ ജീവിച്ചു. കോൽക്കളി കളിച്ചും അതിനായി പാട്ടു പാടിയുമാണ് കെ.സിയുടെ രംഗപ്രവേശം. നല്ലൊരു ഭാഗം മുഹമ്മദ് നബിയോടും കുടുംബത്തോടും സ്നേഹാനുരാഗം വഴിഞ്ഞൊഴുകുന്ന ഗാനങ്ങളാണ്.
മാപ്പിളപ്പാട്ട് രചിച്ചും ആലപിച്ചും കല്യാണവീടുകളിലും പാടി തിമിർത്ത കെ.സി, മാപ്പിളപ്പാട്ട് ഓർക്കസ്ട്ര സംഘം തന്നെ രൂപീകരിച്ചിരുന്നു. എരഞ്ഞോളി മൂസ, വി.എം.കുട്ടി, വിളയിൽ ഫസീല, സിബല്ല സദാനന്ദൻ, മണ്ണൂർ പ്രകാശ്, കണ്ണൂർ ശരീഫ്, ഐ.പി സിദ്ദീഖ്, രഹ്‌ന, മൈമൂന തുടങ്ങി നിരവധി പേർ കെ.സിയുടെ ഗാനങ്ങൾ ആലപിച്ച് കൈയ്യടി നേടിയവരാണ്. ആയിരത്തിനടുത്ത് ഗാനം അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും ശേഖരത്തിൽ നിന്ന് പലതും നഷ്ടപ്പെട്ടുപോയി എന്നതാണ് ഖേദകരം. ആകാശവാണിയിൽ നീണ്ട വർഷങ്ങൾ മാപ്പിളപ്പാട്ട് ഗായകനായും അദ്ദേഹം പ്രവർത്തിച്ചു
പ്രഗത്ഭ ഗായികാ ഗായകന്മാമാരെയും ഓർക്കസ്ട്ര ടീമിനേയും അണിനിരത്തി കേരളത്തിലും പുറത്ത് തമിഴ്നാട്, ബോംബെ, ബാംഗളൂരു, ലക്ഷദ്വീപ് എന്നിവിടങ്ങിലും പാട്ടുകച്ചേരികളും അദ്ദേഹം സംഘടിപ്പിച്ചു. ആ സംഘത്തിലെ പലരും സിനിമ ഗായകരും, പ്രശസ്തവാദ്യോപകരണ വായനക്കാരുമായി. മലയാളത്തിന് പുറമെ ഉർദു, ഹിന്ദി, ഭാഷകളിലും കെ.സി പാട്ടെഴുതിയിട്ടുണ്ട്. സാരെ അമ്പിയാ സെ നൂർ പ്യാരെ പൈഗമ്പർ മഹ്മൂദ് എന്നത് പ്രമുഖ ഉർദു രചനയാണ്.
ലക്ഷദ്വീപിലും മാലിയിലും അവിടുത്തുകാരുടെ പ്രാദേശിക ഭാഷയിലെഴുതപ്പെട്ട ഗാനത്തിന് സംഗീതം നൽകിയും കെ.സി പാട്ട് ആലപിച്ചു. മാലി വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ആ ഗാനത്തിന്‍റെ അകമ്പടി അടുത്ത കാലം വരെ കേട്ടിരുന്നു.പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിനെതിരേയും കെ.സി പാടികൊണ്ടിരുന്നു.
1960 മുതൽ 2000 വരെയാണ് ഗാനരംഗത്തെ സുവർണ കാലം. കാസർകോട് കവി ഉബൈദ് ട്രോഫി (1978), മോയിൻകുട്ടി വൈദ്യർ അവാർഡ് (2013), കേരള മാപ്പിള കലാ അക്കാദമി അവാർഡ് (2009), അമാനുല്ലാ ഖാൻ കാനഡയുടെ പുരസ്കാരം (2014), ചെലവൂർ വോഴ്സ് വാട്സ് ആപ്പ് ഗ്രൂപ് ആദരം എന്നിവ ലഭിച്ചു. ഐ.പി.എച്ച്.എൻ സൈക്ലോപീഡിയ കെ.സിയെ കുറിച്ച് ജീവിത രേഖയും പ്രസിദ്ധീകരിച്ചു.
നല്ലൊരു കളരി അഭ്യാസി കൂടിയായിരുന്നു കെ സി. പൊക്കളത്തെ തറവാടു വീടിന്‍റെ മുറ്റത്തുവെച്ചാണ് അതിന്‍റെ ബാലപാഠം ആരംഭിച്ചത്. ചെലവൂർ ഉസ്താദ് സി.എം.എം ഗുരുക്കൾ സ്ഥാപിച്ച ചൂരകൊടി കളരി സംഘത്തിന്‍റെ ആദ്യകാല സെക്രട്ടറിയും സ്ഥാപകരിൽ ഒരാളുമാണ്. 1982- 83 ൽ കളരി സംഘത്തിന്‍റെ സംസ്ഥാന ഭരണ സമിതിയിലും അംഗമായി.
ആധാരമെഴുത്തായിരുന്നു ജീവിതമാർഗം. ആധാരഭാഷ പോലെ സങ്കീർണമായ സ്ഥലങ്ങളുടെ വീതംവെപ്പ് പ്രശ്നം കെ.സിയെ ഏൽപ്പിച്ചാൽ തീർത്തുതരുമെന്ന് ആളുകൾ പറയും വിധം വൈദഗ്ധ്യം തെളിയിച്ചിരുന്നു. 50 വർഷം ഈ മേഖലയിൽ പ്രവർത്തിച്ചതിനുള്ള ആദരം ഏറ്റുവാങ്ങിയ കെ.സി. അതിൻ്റെ ജില്ലാ പ്രസിഡന്‍റുമായിരുന്നു.
1926ൽ പൊക്കളത്ത് ഹസ്സൻകുട്ടി-കൊടക്കാട്ട് ബീമകുട്ടി എന്നിവരുടെ മകനായാണ് ജനനം. ഫാത്തിമാബി, സുഹറാബി എന്നിവരാണ് ഭാര്യമാർ. വിദ്യാഭ്യാസ പ്രവർത്തകനും എറണാകുളം ചേരാനല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലുമായ ഫസൽ, മർകസ് നോളജ് സിറ്റി എക്സിക്യൂട്ടീവ് ഡയറക്ടറും വിദ്യാഭ്യാസ പ്രവർത്തകനുമായ അമീർ ഹസൻ (ഓസ്ട്രേലിയ), ബൽകീസ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.