റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ 22ാം വാർഷികം ‘കേളിദിനം 2023’ന്റെ ഭാഗമായി ‘കൊക്ക-കോള കേളി മെഗാ ഷോ’ അരങ്ങേറി. അൽഹയർ ഉവൈദ ഫാം ഹൗസ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ പതിനായിരങ്ങളെ സാക്ഷിനിർത്തി പ്രശസ്ത പിന്നണി ഗായിക റിമി ടോമിയും സംഘവും സംഗീത വിരുന്നൊരുക്കി. റിമി ടോമിയോടൊപ്പം ശ്രീനാഥ്, ശ്യാം പ്രസാദ്, നിഖിൽ രാജ് തുടങ്ങിയവർ അവതരിപ്പിച്ച സംഗീതനിശ റിയാദിലെ പ്രവാസി സമൂഹത്തെ സംഗീത ലഹരിയിൽ ആറാടിച്ചു.
കേളിയുടെ 22 വർഷത്തെ ചരിത്രം ഹ്രസ്വചിത്രമായി പ്രഫ. അലിയാരുടെ ശബ്ദത്തിൽ വേദിയിൽ പ്രദർശിപ്പിച്ചു. മുഖ്യരക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു. പുതുവത്സരത്തിൽ കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളിലെ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്ന കേളിയുടെ പുതിയ പദ്ധതിയുടെ പ്രഖ്യാപനവും സാദിഖ് നടത്തി.
കുടുംബവേദി പ്രസിഡൻറ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, രക്ഷാധികാരി കമ്മിറ്റി അംഗവും സംഘാടക സമിതി ചെയർമാനുമായ ഗീവർഗീസ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, ടി.ആർ. സുബ്രഹ്മണ്യൻ, സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, ഫിറോസ് തയ്യിൽ, സുനിൽ കുമാർ, സുനിൽ സുകുമാരൻ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, മധു ബാലുശ്ശേരി, കാഹിം ചേളാരി എന്നിവർ വേദിയിൽ സംബന്ധിച്ചു.
ഉത്സവപ്രതീതി ജനിപ്പിക്കുമാറ് ഒരുക്കിയ കുട്ടികളുടെ പാർക്ക്, കേളി ചരിത്രങ്ങൾ വിളിച്ചോതുന്ന ചിത്രപ്രദർശനം, വിവിധ വ്യാപര സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, ഭക്ഷണശാലകൾ എന്നിവയും ഒരുക്കിയിരുന്നു. റിമി ടോമിക്ക് സെക്രട്ടറി സുരേഷ് കണ്ണപുരവും മറ്റു ഗായകർക്ക് കേളി സെക്രട്ടേറിയറ്റ് അംഗങ്ങളും പ്രശംസാഫലകം സമ്മാനിച്ചു.
കൊക്ക-കോള, ഫ്യൂച്ചർ എജുക്കേഷൻ, ഐക്കൺ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ്, നുസ്കി സ്കൂൾ പ്രോഡക്ട്സ് ആൻഡ് ഹോം ഫർണിഷിങ്, ടി.എസ്.ടി മെറ്റൽസ് ഫാക്ടറി, പെപ്പർ ട്രീ ഇന്ത്യൻ റസ്റ്റാറൻറ്, സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഒയാസിസ് റസ്റ്റാറൻറ്, ഫ്ലൈവേ ട്രാവൽസ്, മൈക്രോ ബിസിനസ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്ക് റിമി ടോമിയും കേളി ഭാരവാഹികളും സംഘാടക സമിതി അംഗങ്ങളും ഫലകങ്ങൾ സമ്മാനിച്ചു. സംഘാടക സമിതി കൺവീനർ സുനിൽ കുമാർ നന്ദി പറഞ്ഞു.
സംഘാടക സമിതി പബ്ലിസിറ്റി കൺവീനർ നൗഫൽ പൂവ്വക്കുറിശ്ശി അവതാരകനായിരുന്നു. സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂരിന്റെ നേതൃത്വത്തിലുള്ള ടീം, മെഗാ ഷോ സംവിധാനം നിർവഹിച്ചു. റിയാസ് പള്ളം, നസീർ മുള്ളൂർക്കര, ബിജു തായമ്പത്ത്, ഫൈസൽ നിലമ്പൂർ എന്നിവർ വിവിധ ഘടകങ്ങളുടെ നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.