ആലപ്പുഴ: കേരള നവോത്ഥാന ചരിത്രത്തിൽ വിപ്ലവം രചിച്ച മൂക്കൂത്തി സമരത്തെ അധീകരിച്ച് മൂക്കുത്തിപ്പാട്ട് തയ്യാറായി. ജാതിമേധാവിത്വത്തിനെതിരെ പൊരുതിയ ധീരനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ നേതൃത്വത്തിൽ 1860ൽ നടന്ന സമരം കോളിളക്കം സൃഷ്ടിച്ച മൂക്കുത്തി സമരത്തിെൻറ ഓർമ്മകൾ പുതുക്കുന്ന പ്രശസ്ത പിന്നണി ഗായിക പുഷ്വതി സംഗീതം നൽകി ആലപിച്ച 'മൂക്കുത്തി' ലിറിക് വീഡിയോ വേലായുധപാണിക്കർക്കുള്ള ആദരവ് കൂടിയാണെന്ന് രചന നിർവഹിച്ച കഥാകൃത്തും കവിയുമായ സി.പി. ബൈജു 'മാധ്യമ'ത്തോട് പറഞ്ഞു.
കാലഘട്ടത്തിെൻറ ആവശ്യകതയായ സ്ത്രീമുന്നേറ്റത്തിന് കരുത്ത് പകരുന്ന ഗാനം ആലപിക്കാനായതിൽ സന്തോഷമുണ്ടെന്ന് പുഷ്പവതിയും കൂട്ടിച്ചേർത്തു.
ജാതിയിൽ ഉയർന്നവർക്ക് മാത്രമേ മൂക്കുത്തി ധരിക്കാവൂവെന്ന തിട്ടൂരുത്തിന് വിരുദ്ധമായി പന്തളത്ത് മൂക്കുത്തി ധരിച്ച് പണിക്കെത്തിയ തൊഴിലാളി സ്ത്രീയെ പരസ്യമായി അപമാനിച്ച മേലാളൻന്മാർ അവരുടെ മൂക്കുത്തി ബലമായി പറിച്ചെടുത്തു. മുറിഞ്ഞ മൂക്കുമായി അവരും മറ്റ് സ്ത്രീകളും ഓടി രക്ഷപ്പെടേണ്ടി വന്ന സംഭവം അറിഞ്ഞ് കുതിച്ചെത്തി ആറാട്ടുപുഴ വേലായുധപ്പണിക്കർ പിറ്റേന്ന് പൊതുവീഥിയിലൂടെ നിരവധി സ്ത്രീകൾക്ക് വേണ്ടി മൂക്കുത്തി പണിത് അവ അണിഞ്ഞ് പ്രകടനം നടത്തി. അവർക്ക് സംരക്ഷണമൊരുക്കി കുതിരപ്പുറത്ത് ആറാട്ടുപുഴ േവലായുധപ്പണിക്കരുമുണ്ടായിരുന്നു.
മിന്നുന്ന മൂക്കൂത്തികളുമായി സ്ത്രീകൾ അണിനിരന്ന, പ്രതിഷേധാഗ്നി ജ്വലിച്ച് നിന്ന ആ ജാഥക്ക് നേരെ ചെറുവിരലനക്കാൻ പോലും ആർക്കും ധൈര്യമുണ്ടായിരുന്നില്ല. പണിക്കരുടെ സാന്നിധ്യവും സ്ത്രീകളുടെ പോരാട്ട വീറിനും മുന്നിൽ മേലാള വർഗ്ഗം പത്തി മടക്കിയെന്നാണ് പിൽക്കാല ചരിത്രം രേഖപ്പെടുത്തിയത്. പിന്നീടൊരിക്കലും മൂക്കുത്തി ഇടാൻ ഒരു കേരളീയ വനിതക്കും ഭയമുണ്ടായില്ലെന്നത് ആ സമരത്തെ നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാക്കി മാറ്റി.
കേരള നവോത്ഥാന സമരത്തിന്‍റെ ആദ്യ രക്തസാക്ഷി കൂടിയായാണ് ചരിത്രം ആറാട്ടുപുഴ വേലായുധ പണിക്കരെ അടയാളപ്പെടുത്തുന്നത്. 1825 ജനുവരി ഏഴിന് ജനിച്ച പണിക്കരെ 1874 ജനുവരി മൂന്നിന് കായംകുളം കായലിലൂടെ ബോട്ടിൽ കൊല്ലത്തേക്ക് പോകുമ്പോൾ ശത്രുക്കൾ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അദ്ദേഹത്തിെൻറ ജനനവും മരണവും സംഭവിച്ച ജനുവരിയിൽ തന്നെയാണ് ആൽബം പ്രകാശിതമാകുന്നത്. അന്ധകാരത്തിെൻറ ലോകത്ത് നിന്ന് നവോത്ഥാനത്തിെൻറ വെളിച്ചത്തിലേക്ക് നയിച്ച മൂക്കുത്തി സമരത്തിെൻറ ഓർമ്മകളാണ് പാട്ടിലൂടെ ഇതൾ വിടർത്തുന്നത്. മൂക്കുത്തി പറിച്ചെറിയപ്പെട്ട് മൂക്കു മുറിഞ്ഞ് കരഞ്ഞു കൊണ്ട് ഓടിപ്പോയ അന്നത്തെ ആ സ്ത്രീയുടെ ഇന്നത്തെ തലമുറയിലെ പെൺകുട്ടിയുടെ ചിന്തകളിലൂടെയാണ് മൂക്കുത്തിപ്പാട്ട് മുന്നേറുന്നത്. എല്ലാവർക്കും മൂളി നടക്കാനും ഹൃദയത്തിൽ സൂക്ഷിക്കാനുള്ള ഒന്നായിരിക്കും 'മൂക്കുത്തിപ്പാട്ട്' എന്ന് ആൽബത്തിെൻറ നിർമ്മാതാക്കളായ ഷിബിൽ ഷാ പെരിന്തൽമണ്ണ, ജിഷ്ണു പി.കെ. കരിക്കാട് എന്നിവർ പറഞ്ഞു.
12ന് രാവിലെ 10 ന് കവി ആലങ്കോട് ലീലാകൃഷ്ണൻ ആൽബം യുടൂബിൽ റിലീസ് ചെയ്യും. പാട്ടിെൻറ ലോഞ്ചിങ് പോസ്റ്റർ പ്രമുഖ അഭിനേത്രി നിലമ്പൂർ ആയിഷ ഒക്ടോബർ 18 ന് ഓൺലൈനിൽ നിർവഹിച്ചിരുന്നു.
മൂക്കുത്തി സമരത്തിന് മുമ്പ് 1858-ലെ മേല്‍മുണ്ട് സമരം നടത്തിയ പണിക്കർ നാരായണഗുരു 1888 ൽ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തുന്നതിന് 36 വർഷം മുമ്പ് 1852 ൽ അവർണർക്കായി ക്ഷേത്രം പണിത് ശിവനെ പ്രതിഷ്ഠിച്ച് മറ്റൊരു വിപ്ലവവും രചിച്ചിട്ടുള്ളയാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.