ഭാവാർദ്രസുന്ദരങ്ങളായ നിരവധി ഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച സംഗീത സംവിധായകൻ എം.എസ്. ബാബുരാജിന്‍റെ കൊച്ചുമകൾ നിമിഷ സലിം പിന്നണിഗാന ലോകത്തേക്ക് ചുവടുവയ്ക്കുന്നു. അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന 'തീ' എന്ന ചിത്രത്തിൽ ഉണ്ണി മേനോനോടൊപ്പം നിമിഷ പാടിയ 'ആവണിപ്പൊൻതേരു വന്നൂ...' എന്നു തുടങ്ങുന്ന അതീവ ഹൃദ്യമായ പ്രണയ ഗാനം വിശാരദ് ക്രിയേഷൻസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി.
നാലുവർഷം മുമ്പ് കോഴിക്കോട് ബീച്ചിൽ ടൂറിസം ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയിൽ നിമിഷ പാടിയ ഗസൽ കേട്ടാസ്വദിച്ച കൈതപ്രം, ഒപ്പമുണ്ടായിരുന്ന അനിൽ നാഗേന്ദ്രനോട് 'ബാബുക്കയുടെ കൊച്ചുമകൾ എത്ര മനോഹരമായി പാടുന്നു! അനിലിന്‍റെ അടുത്ത ചിത്രത്തിൽ അവൾക്കൊരു അവസരം കൊടുക്കാൻ നോക്കണം' എന്നാവശ്യപ്പെടുകയായിരുന്നു. അന്ന് നൽകിയ ഉറപ്പു പാലിച്ചുകൊണ്ട് ബാബുക്കയോടും കൈതപ്രത്തോടുമുളള ആദരസൂചകമായി അനിൽ വി. നാഗേന്ദ്രൻ ചിത്രത്തിലെ ശ്രദ്ധേയമായ ഒരു ഭാവഗീതം തന്നെ നിമിഷക്ക് നൽകുകയും ചെയ്തു. നിമിഷ പാടിയ ഗാനത്തിന്‍റെ രചനയും അനിൽ ആണ്. രെജു ജോസഫ് സംഗീതം പകർന്നു. ആദ്യ സിനിമയിൽ തന്നെ ഇഷ്ടഗായകരിൽ ഒരാളായ ഉണ്ണി മേനോനോടൊപ്പം പാടാൻ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിലാണ് നിമിഷ.
യൂ ക്രിയേഷൻസിന്‍റെയും വിശാരദ് ക്രിയേഷൻസിന്‍റെയും ബാനറിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'തീ'യിൽ, പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ആണ് നായകൻ. 'വസന്തത്തിന്റെ കനൽവഴികളിൽ' എന്ന ചിത്രത്തിൽ നായകനായിരുന്ന ഋതേഷ്, ഇന്ദ്രൻസ്, പ്രേംകുമാർ, വിനു മോഹൻ, രമേഷ് പിഷാരടി, ഉണ്ണിമേനോൻ, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, കോബ്ര രാജേഷ്, 'തട്ടിയും മുട്ടിയും' ഫെയിം ജയകുമാർ, വി.കെ. ബൈജു, പ്രസാദ് കണ്ണൻ, സോണിയ മൽഹാർ, രശ്മി അനിൽ, ഗോപൻ കൽഹാരം, ജോസഫ് വിൽസൺ തുടങ്ങിയവരോടൊപ്പം മുൻ എം.പി കെ. സുരേഷ് കുറുപ്പ്, കെ. സോമപ്രസാദ് എംപി, സി.ആർ. മഹേഷ് എം.എൽ.എ, നാടകരംഗത്തെ ആചാര്യൻ ആർട്ടിസ്റ്റ് സുജാതൻ, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, സാഹസിക നീന്തലിൽ ലോക റെക്കോർഡ് ജേതാവായ ഡോൾഫിൻ രതീഷ്, സൂസൻ കോടി, നാടൻപാട്ടുകാരൻ സി.ജെ. കുട്ടപ്പൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
രെജു ജോസഫിന് പുറമേ, അഞ്ചൽ ഉദയകുമാർ, സി.ജെ. കുട്ടപ്പൻ, അനിൽ വി. നാഗേന്ദ്രൻ എന്നിവർ കൂടി ഈണമിട്ട എട്ടു ഗാനങ്ങളുണ്ട് ചിത്രത്തിൽ. ശ്രീകാന്ത്, പി.കെ. മേദിനി, ആർ.കെ. രാമദാസ്, കലാഭവൻ സാബു, മണക്കാട് ഗോപൻ, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, ശുഭ രഘുനാഥ്, സോണിയ ആമോദ്, കെ.എസ്. പ്രിയ, റെജി കെ. പപ്പു, വരലക്ഷ്മി തുടങ്ങിയവരാണ് മറ്റ് ഗായകർ. വാർത്ത പ്രചരണം-എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.