അടുത്തിടെയൊന്നും മലയാളികൾ ഇത്രയധികം ഏറ്റെടുത്ത മറ്റൊരു പാട്ടില്ല. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ 'ദർശന' എന്ന ഗാനം. ഹിഷാം അബ്ദുൽ വഹാബ് സംഗീതം നൽകിയ ഈ പാട്ട് യൂട്യൂബിൽ ഇതുവരെ 96 ലക്ഷത്തിലേറെ പേരാണ് കണ്ടത്. ഇപ്പോൾ, ഹിഷാം സംഗീതം നൽകിയ മറ്റൊരു ഗാനവും ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുകയാണ്. ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' എന്ന സിനിമയിലെ 'മുഹബ്ബത്തിൻ ഇശലുകൾ' എന്നുതുടങ്ങുന്ന ഗാനമാണിത്.
ഹിഷാമിനെ സംബന്ധിച്ച് മറ്റൊരു ആത്മബന്ധം കൂടി ഈ പാട്ടുമായുണ്ട്. ഹിഷാമിന്‍റെ ഉമ്മ ഷക്കീല അബ്ദുൽ വഹാബ് ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. ഹിഷാം തന്നെയാണ് ആലാപനം. ഫുട്ബാൾ പ്രമേയമാക്കിയുള്ള സിനിമയാണ് 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്'. ഫാന്‍റസി സ്പോര്‍ട്‍സ് ഡ്രാമയെന്ന് അണിയറക്കാര്‍ സിനിമയെ വിശേഷിപ്പിക്കുന്നത്. ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ആയിരിക്കും ചിത്രമെന്ന തോന്നലുളവാക്കുന്നതായിരുന്നു ഇതിന്‍റെ ടീസര്‍.
ഫുട്ബാള്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമത്തിലെ കടുത്ത ഫുട്ബാള്‍ പ്രേമിയായ ഒമ്പത് വയസ്സുകാരന്‍റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്‍റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ടി.ജി. രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ.എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്‍സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവര്‍ സിനിമയിൽ വേഷമിടുന്നു.
അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി.എസ് എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം-ഫായിസ് സിദ്ദിഖ്, എഡിറ്റിങ്-നൗഫല്‍ അബ്‍ദുള്ള, ജിത്ത് ജോഷി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ, പ്രൊജക്റ്റ് ഡിസൈനര്‍-അനൂട്ടന്‍ വര്‍ഗീസ്, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രേംനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.