ഇന്നും നോവായി മധു; സ്മരണാഞ്ജലിയായി 'മുറിവ്'

കൊച്ചി: ഭക്ഷണം മോഷ്​ടിച്ചെന്ന്​ ആരോപിച്ചു ആള്‍ക്കൂട്ടം മർദിച്ചതിനെ തുടർന്ന്​ മരിച്ച ആദിവാസി യുവാവ്​ മധുവിന് സ്മരണാഞ്​ജലിയായി ഇറങ്ങിയ 'മുറിവ്​' എന്ന മ്യൂസിക്കൽ ആൽബം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കോവിഡ് സൃഷ്​ടിച്ച പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മധുവിനൊരു സ്മരണിക തീര്‍ത്തിരിക്കുകയാണ് ഗാനം രചിച്ച മാധ്യമപ്രവര്‍ത്തകനായ നന്ദു ശശിധരനും സംഘവും. നന്ദുവിന്‍റെ വരികള്‍ക്ക്​ സംഗീതം നൽകി ആലപിച്ചിരിക്കുന്നത്​ പ്രമുഖ ഓട്ടന്‍തുള്ളല്‍ കലാകാരനായ മരത്തോര്‍വട്ടം കണ്ണനാണ്. 'തീരം പ്രൊഡക്ഷന്‍സ്' ആണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. യദു കൃഷ്ണന്‍ പശ്ചാത്തല സംഗീതവും മഹേഷ് മോഹന്‍ ശിവ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.

മധുവിന്‍റെയും മധു പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്‍റെയും യാത്രയും പിടച്ചിലും അവസ്ഥയും വരച്ചിടുന്ന കവിതയില്‍ ഇന്നിന്‍റെ സാംസ്‌കാരിക സാഹചര്യങ്ങളെയും പ്രതിപാദിക്കുന്നുണ്ട്​. ഒരുപിടി വറ്റിനായി സ്വന്തം ജീവന്‍ തന്നെ നഷ്​ടപ്പെടുത്തേണ്ടി വന്ന മധുവിനെയും കാടകം കത്തുന്ന വിശപ്പിന്‍റെ ചുറ്റുവട്ടങ്ങളെയുമൊക്കെ സമർഥമായി അടയാളപ്പെടുത്തുന്നുണ്ട് 'മുറിവ്'.

'വിശപ്പിനു മുമ്പിൽ തോറ്റ് കാടിറങ്ങിയ മധു ഒരു കാട്ടുനോവായി മാറിയിട്ട്​ മൂന്ന് വർഷം കഴിഞ്ഞു. 'വിശപ്പിന്‍റെ രക്തസാക്ഷിത്വ'ത്തിന് മൂന്ന് വയസായിട്ടും നീതി മധുവിന് അകലെ തന്നെയാണ് എന്നതാണ് ശ്രദ്ധേയം. ആദിവാസി, ദലിത് വിഭാഗങ്ങൾ നേരിടുന്ന അവഗണന എക്കാലത്തും ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ഇതിനൊരു പരിഹാരം കാണാന്‍ മാറിമാറിവരുന്ന ഭരണ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നത് വേദനാജനകമാണ്. കാട് കൈയ്യേറി നാടാക്കി മാറ്റാന്‍ കാട്ടുന്ന വ്യഗ്രതയില്‍ ധാരാളം മധുമാര്‍ ഉണ്ടാകുന്നത് ആരും കാണുന്നില്ല' -നന്ദു ശശിധരൻ പറയുന്നു. വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തെ ആസ്പദമാക്കിയുള്ള കവിതയാണ് തീരം പ്രൊഡക്ഷന്‍സി​േന്‍റതായി ഇനി പുറത്തുവരുന്നത്. ഇത്തരത്തില്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ ആസ്വാദനതലത്തില്‍ എത്തിക്കാനാണ് തീരം ടീം ലക്ഷ്യമിടുന്നതെന്നും അണിയറപ്രവർത്തകർ പറഞ്ഞു.

Full View

Tags:    
News Summary - Murivu musical album in the memory of Madhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.