50 വർഷം മുമ്പ് പിതാവ് സംഗീതം നൽകിയ മറ്റൊരു ഗാനം കൂടി പുനരാവിഷ്കരിച്ച് യുവഗായകൻ നജീം അർഷാദ്. വാപ്പ ഷാഹുൽ ഹമീദ് ഈണമിട്ട 'യാ റബ്ബിൽ ആലമീനേ' എന്ന് തുടങ്ങുന്ന ഇസ്ലാമിക ഭക്തിഗാനമാണ് സംഗീതാസ്വാദകർക്കുള്ള ബലിപ്പെരുന്നാൾ സമ്മാനമായി നജീം പുറത്തിറക്കിയത്. ഷാഹുൽ ഹമീദിന്‍റെ സുഹൃത്ത് വടശ്ശേരി ഖാദർ ആണ് ഈ ഗാനത്തിന്‍റെ വരികൾ എഴുതിയത്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. പഴയ ഗാനത്തിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തി പുതിയ രീതിയിലാക്കിയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഗാനരചനയിൽ നജീമിന്‍റെ മൂത്ത സഹോദരൻ ഡോ. അജിംഷാദും അണിനിരന്നു.
ഈ പാട്ടിന്റെ കുടുംബ വിശേഷം ഇനിയുമുണ്ട്. ഇതിന്‍റെ മിക്സിങ് നിർവഹിച്ചിരിക്കുന്നത് നജീമിന്‍റെ രണ്ടാമത്തെ സഹോദരൻ സജീം നൗഷാദ് ആണ്. നജീമിന്‍റെ ഔദ്യോഗിക യുട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഗാനം ഇതോടകം സംഗീതപ്രേമികൾ നെഞ്ചിലേറ്റി കഴിഞ്ഞു. സൂഫി ശൈലിയിലുള്ള ഈ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരവും ഏറെ ആകർഷണീയമാണ്. കണ്ണൂർ അറക്കൽ പള്ളിയും പരിസരവും തലശ്ശേരി ബീച്ചും പശ്ചാത്തലമാക്കി സച്ചു സുരേന്ദ്രൻ ആണ് ഇതിന്‍റെ സംവിധാനവും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത്. സാദിഖ് സാക്കിയുടെ നേതൃത്വത്തിലുള്ള മാഡ് മാക്സ് ടീമിന്‍റെ സൂഫി നൃത്തച്ചുവടുകളും ഗാനത്തിന് മിഴിവേകുന്നു.
ക്യാമറ- ദാസ് കെ. മോഹനൻ, ഹെലിക്യാം- ഷമിൻ ഷണ്മുഖൻ, മാസ്റ്ററിങ്- ജോനാഥൻ ജോസഫ്, സോങ് പ്രോഗ്രാമർ- സിബി മാത്യു അലക്സ്, അഡീഷണൽ പ്രോഗ്രാമിങ്- ശ്രീരാഗ് സുരേഷ്, റിഥം- സുരേഷ് കൃഷ്ണൻ, ട്രാവൽ- അനീഷ് വിജയ്, ഡിസൈൻസ്- സുനീർ മുഹമ്മദ് എന്നിവരാണ് അണിയറ പ്രവർത്തകർ.
അടുത്തിടെ പിതാവ് ഷാഹുൽ ഹമീദ് അരനൂറ്റാണ്ട് മുമ്പ് ഈണം പകർന്ന 'ഹിമബിന്ദു പൊഴിയും നിലാവിൽ, അതിലോലമൊഴുകുന്ന പുഴയിൽ...' എന്നുതുടങ്ങുന്ന പ്രണയഗാനവും നജീം പുനരാവിഷ്കവരിച്ചിരുന്നു. കാലോചിതമായ മാറ്റം വരുത്തി പുറത്തിറക്കിയ ആ ഗാനത്തിന് വരികളെഴുതിയതുംഡോ. അജിംഷാദ് ആണ്. സജീം നൗഷാദ് ഇതിന്‍റെ റെക്കോർഡിങും മിക്സിങും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.