ആലപ്പി രംഗനാഥ്

'സ്വാമി സംഗീതമാലപിക്കും താപസഗായകൻ'; ആലപ്പി രംഗനാഥിനെ അനുസ്മരിച്ച് രവിമേനോൻ

സുഹൃത്തും പ്രശസ്ത സംഗീതസംവിധായകനുമായ ആലപ്പി രംഗനാഥിന്‍റെ വിയോഗം അവിശ്വസനീയമാണെന്ന് സംഗീത നിരൂപകൻ രവി മേനോൻ. ഹരിവരാസനം പുരസ്‌കാരം ശബരിമലയിൽ വെച്ച് ദേവസ്വം മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി രണ്ടു ദിവസത്തിനകമാണ് രംഗൻ മാഷിന്റെ വേർപാട്. സ്വാമി സംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ എന്ന അപൂർവ സുന്ദര ഭക്തിഗാനത്തിലൂടെ, പറയൂ നിൻ ഗാനത്തിൽ, പദേ പദേ ശ്രീ പദ്മദളങ്ങൾ, നാലുമണിപ്പൂവേ തുടങ്ങിയ ആർദ്ര മധുര ലളിതഗാനങ്ങളിലൂടെ, മലയാളികളുടെ ഹൃദയം കവർന്ന ഗാനരചയിതാവ് കൂടിയായ സംഗീത ശില്പിയാണ് ഓർമയായതെന്ന് അദ്ദേഹം അനുസ്മരിച്ചു.

ചിരകാല മോഹത്തിന്‍റെ സാക്ഷാത്കാരം കൂടിയായിരുന്നു രംഗൻ മാഷിന് ദേവസ്വത്തിന്‍റെ അംഗീകാരം. `അവാർഡുകൾക്ക് വേണ്ടി ഒരിക്കലും അലഞ്ഞിട്ടില്ല. എങ്കിലും ചില അവാർഡുകൾ പതിവായി ഒഴിഞ്ഞുപോകുമ്പോൾ സങ്കടം തോന്നും. ഹരിവരാസനം പുരസ്‌കാരം അത്തരത്തിൽ ഒന്നായിരുന്നു'- അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോൾ മാഷ് പറഞ്ഞതായി രവിമേനോൻ ചൂണ്ടിക്കാട്ടുന്നു.

മാഷിന്‍റെ ഓർമ്മയിൽ ഒരു പഴയ കുറിപ്പ് വീണ്ടും-

ഉച്ചത്തിലുള്ള ശരണം വിളികൾക്കും നാമമന്ത്രോച്ചാരണങ്ങൾക്കും മുകളിലൂടെ യേശുദാസിന്‍റെ ഗന്ധർവനാദം: ``സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ, ജപമാലയല്ലെന്‍റെ കൈകളിൽ മന്ദ്ര ശ്രുതിമീട്ടും തംബുരുവല്ലോ...'' ശബരിമല സന്നിധാനത്തിലെ ആൾത്തിരക്കിൽ കണ്ണടച്ച് കൈകൂപ്പി ഏകാഗ്രചിത്തനായി നിന്ന ഭക്തന്‍റെ കാതുകളിൽ അമൃതവർഷമാകുന്നു ആ ഗാനാലാപം. ``ഈശ്വരാ ഇതെന്‍റെ പാട്ടാണല്ലോ.. ''-- അത്ഭുതത്തോടെ, അഭിമാനത്തോടെ മന്ത്രിക്കുന്നു അദ്ദേഹത്തിന്‍റെ മനസ്സ്.

ജീവിതം സാർത്ഥകമായി എന്ന് തോന്നിയ അപൂർവം നിമിഷങ്ങളിൽ ഒന്നായിരുന്നു അതെന്ന് പറയുന്നു ആലപ്പി രംഗനാഥ്. ``നമ്മൾ എഴുതുകയും സ്വരപ്പെടുത്തുകയും ചെയ്ത ഗാനം ശാസ്താവിന്‍റെ സന്നിധിയിൽ നിന്നുകൊണ്ട് കേൾക്കാൻ ഇടവരിക എന്നത് ഭാഗ്യമല്ലേ? ആ അനുഭൂതി പറഞ്ഞറിയിക്കാനാവില്ല.'' ശ്രീകോവിൽ നടയിലെ ആൾത്തിരക്കിനിടയിൽ ഏകാകിയായ ഒരു തീർത്ഥാടകന്‍റെ  മനസ്സോടെ യേശുദാസിന്‍റെ ആലാപനം കേട്ടുനിൽക്കേ രംഗൻ മാസ്റ്റർക്ക് ഓർമ്മവന്നത് ആ പാട്ട് ജനിച്ചുവീണ നിമിഷങ്ങളാണ്. ജീവിതത്തിലെ ഏറ്റവും കടുത്ത പരീക്ഷണ ഘട്ടത്തിലായിരുന്നു അതിന്‍റെ പിറവി.

സ്നേഹിച്ചും ലാളിച്ചും വളർത്തിയ അമ്മയുടെ വേർപാട് നൽകിയ ആഘാതത്തിൽ ലോകത്തെ തന്നെ വെറുത്തു തുടങ്ങിയ നാളുകൾ. ``അമ്മയില്ലാത്ത ജീവിതത്തെ കുറിച്ച് അന്നുവരെ ചിന്തിച്ചിട്ടില്ല. ഈശ്വരൻ നിന്നെ കാത്തുകൊള്ളും എന്ന് അനുഗ്രഹിച്ചാണ് അമ്മ പോയത്. അതോടെ ഭൗതികജീവിതത്തിൽ വിരക്തി തോന്നി. ഭഗവാനിൽ എല്ലാം സമർപ്പിക്കാൻ തീരുമാനിച്ചു. നേരെ ചങ്ങനാശ്ശേരിക്കടുത്ത് തൃക്കണ്ണാപുരം ക്ഷേത്രത്തിലേക്ക് ചെന്നു. ഭഗവത് സന്നിധിയിൽ ചമ്രം പടിഞ്ഞിരുന്നു. മനസ്സിൽ ഭക്തി മാത്രം. ചുണ്ടിൽ ഈശ്വര സ്തുതികളും.''

ഒന്നരവർഷമാണ് ക്ഷേത്രസന്നിധിയിൽ രംഗനാഥ് അവധൂതനെ പോലെ കഴിഞ്ഞത്. അമ്പലത്തിലെ പടച്ചോറ് മാത്രമായിരുന്നു ആഹാരം. ലൗകികതയോട് പൂർണ്ണമായും അകന്നു കഴിഞ്ഞ ആ നാളുകളിലും ഉള്ളിലെ കവിയോടും സംഗീതജ്ഞനോടും നിശബ്ദമായി സംവദിച്ചുകൊണ്ടിരുന്നു രംഗനാഥിന്‍റെ മനസ്സ്. അത്തരമൊരു സർഗ്ഗ സംവാദത്തിലാണ് സ്വാമിസംഗീതമാലപിക്കും എന്ന ഗാനത്തിന്‍റെ പിറവി. ആഭേരി രാഗസ്പർശമുള്ള ഒരു ഈണത്തിന്‍റെ അകമ്പടിയോടെ തികച്ചും യാദൃച്‌ഛികമായി മനസ്സിൽ ഒഴുകിയെത്തുകയായിരുന്നു ആ വരികൾ. ``അന്നത്തെ ഞാൻ എന്തായിരുന്നോ അതുതന്നെയായിരുന്നു ആ പാട്ട്. താപസഗായകന്‍റെ നിർമമമായ മാനസികാവസ്ഥയോടെ എഴുതിയത്. മറ്റൊരു ചിന്തയുമില്ലല്ലോ. മന്ദ്ര ശ്രുതി മീട്ടുന്ന ആ തംബുരു എന്‍റെ ഹൃദയം തന്നെ.''

പിൽക്കാലത്ത് തരംഗിണിക്ക് വേണ്ടി ഒരു അയ്യപ്പ ഭക്തിഗാന ആൽബം ചെയ്യാൻ യേശുദാസ് ആവശ്യപ്പെട്ടപ്പോൾ, മനസ്സിൽ തങ്ങിയ ആ പല്ലവിയിൽ നിന്ന് മനോഹരമായ ഒരു ഗാനം സൃഷ്ടിച്ചു രംഗനാഥ്. തരംഗിണിയിൽ നിന്ന് പുറത്തുവന്ന രണ്ടാമത്തെ അയ്യപ്പഭക്തിഗാന സമാഹാരമായിരുന്നു അത്. വർഷം 1982. ``അതുവരെ കേട്ട അയ്യപ്പഭക്തി ഗാനങ്ങളേറെയും ഭഗവത് സ്തുതികളായിരുന്നു. വിശ്വമാനവികതയുടെ ചില ദർശനങ്ങൾ കൂടി വരികളിൽ ഉൾപ്പെടുത്തിയാൽ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് മനുഷ്യനൊന്നാണെന്ന സത്യം മണികണ്ഠസ്വാമി അരുൾ ചെയ്തു, മതമാത്സര്യങ്ങൾ ഇവിടെ വേണ്ടെന്ന മഹിതോപദേശങ്ങൾ ഞാൻ കേട്ടു എന്ന ചരണം എഴുതിയത്.''

ഒരു നിമിഷം നിർത്തി രംഗനാഥ് കൂട്ടിച്ചേർക്കുന്നു. `` ആ സന്ദേശത്തിന്‍റെ പ്രസക്തി മറ്റെന്നത്തെക്കാൾ തിരിച്ചറിയുന്നു ഇന്ന് നാം.'' അതേ ആൽബത്തിനു വേണ്ടി മോഹനകല്യാണിയിൽ സ്വരപ്പെടുത്തിയ ``എൻ മനം പൊന്നമ്പലം'' എന്ന ഗാനത്തിലും ഉണ്ടായിരുന്നു രംഗനാഥിന് ഏറെ പ്രിയപ്പെട്ട ചില വരികൾ: ``പകലിലും കൂരിരുളിലും ഈ നടയടക്കില്ല, യുഗമൊരായിരമാകിലും ഞാൻ തൊഴുതുതീരില്ല..''

പിന്നീട് എത്രയോ ആൽബം ഗാനങ്ങളും സിനിമാഗാനങ്ങളും ചിട്ടപ്പെടുത്തിയെങ്കിലും ഇന്നും പലരും രംഗനാഥിനെ തിരിച്ചറിയുന്നത് സ്വാമി സംഗീതത്തിന്‍റെ ശിൽപ്പിയായിത്തന്നെ. മറക്കാനാവാത്ത ഒട്ടേറെ ജീവിതാനുഭവങ്ങൾ പകർന്നുതന്ന പാട്ടാണത്. ``വന്ദ്യവയോധികനായ ഒരു യോഗിവര്യനെ കാണാൻ ചെന്നൈയിലെ അദ്ദേഹത്തിന്‍റെ ആശ്രമത്തിൽ ചെന്നത് ഓർക്കുന്നു. ഞാൻ സംവിധാനം ചെയ്ത ``അമ്പാടി തന്നിലൊരുണ്ണി'' എന്ന സിനിമയിലെ നായിക സൗമിനിയാണ് വിളിച്ചു കൊണ്ടുപോയത്. അനുഗ്രഹം സ്വീകരിച്ച് തിരിച്ചു പോകാൻ ഒരുങ്ങവേ സ്വാമിസംഗീതം എന്ന ഗാനത്തിന്‍റെ ശിൽപ്പിയായി ആരോ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തുന്നു. പിന്നീട് നടന്നത് അവിശ്വസനീയമായ കാര്യമാണ്. ഋഷി തുല്യനായ ആ മഹാൻ എന്നെ സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നു. എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നു എനിക്ക്. എന്‍റെ കൈകൾ ചേർത്തുപിടിച്ച് ആ പാട്ടിന്‍റെ വരികൾ പൂർണ്ണമായി പാടിക്കേൾപ്പിച്ചുതന്നു അദ്ദേഹം. സത്യത്തിൽ എന്നെയല്ല, സ്വാമിസംഗീതം എന്ന ഗാനത്തെയാണ് അദ്ദേഹം നമസ്കരിച്ചത്...''. 


Full View


Tags:    
News Summary - Ravi Menon in memory of Alleppey Ranganath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.