ഒരുപാട് പാട്ടുകൾ നിർമിച്ചിട്ടുണ്ട്, ഇതുവരെ ഇങ്ങനെ കേട്ടിട്ടില്ല; വിവാദത്തിൽ പ്രതികരിച്ച് ഷാൻ റഹ്മാൻ

മർ ലുലു ചിത്രമായ 'ഒരു അഡാർ ലവി'ലെ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുത്തുവെന്ന ആരോപണത്തിൽ വിശദീകരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. സംഗീതസംവിധായകനും ഗായകനുമായ സത്യജിത്തായിരുന്നു ഷാൻ റഹ്മാനെതിരെ രംഗത്ത് എത്തിയത്. കരിയറിൽ ഒരുപാട് പാട്ടുകൾ ചെയ്തിട്ടുണ്ടെങ്കിലും അടിച്ചുമാറ്റിയെന്ന് കേള്‍ക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഞാൻ സംഗീതം നിർവഹിക്കാത്ത ഒറ്റ പാട്ടിന്റെയും ക്രെഡിറ്റ് ഒരിക്കലും ഏറ്റെടുക്കാറില്ല. 'ഫ്രീക്ക് പെണ്ണേ' പ്രധാനമായും സംഗീതസംവിധാനത്തെ ആശ്രയിച്ചുള്ള പാട്ടാണ്. ഇല്ലെങ്കിൽ അതു വിജയിക്കുമായിരുന്നില്ല. നന്നായി ആസ്വദിച്ചും പൂർണമനസ്സോടെയുമാണത് ഞാൻ ചെയ്തത്. അത് റാപ്പിനുമപ്പുറത്തുള്ള ഒരു പാട്ടാണെന്ന് ഷാൻ റഹ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

'ഒരു അഡാർ ലവ്' ചിത്രത്തിന്റെ സമയത്ത് സംവിധായകൻ ഒമർ ലുലു സോഷ്യൽ മീഡിയയിൽ കണ്ട ഒരു പാട്ട് പരിചയപ്പെടുത്തി. ആ പുതുമുഖത്തിന് ഒരു അവസരം നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അങ്ങനെയാണ് അതുമായി മുന്നോട്ടുപോകുന്നതും സത്യജിത്തിനെ കാക്കനാട്ടുള്ള എന്റെ വീട്ടിൽ വച്ചു കണ്ടുമുട്ടുന്നതും. അവിടെവച്ച് അദ്ദേഹം എന്നെ ആ പാട്ട് പാടിക്കേൾപ്പിക്കുകയും ചെയ്തു. പാട്ട് ഇഷ്ടപ്പെട്ട് (സംഗീത)സംവിധാനം ഞാൻ ഏറ്റെടുത്തു. ഒറിജിനൽ വരികൾ നിർത്തിക്കൊണ്ടുതന്നെ സത്യജിത്തിന്റെ ശബ്ദത്തിൽ എന്റെ സ്റ്റുഡിയോയിൽ പാട്ട് റെക്കോർഡ് ചെയ്തു.

സോഷ്യൽ മീഡിയയിലെ ഒരുപാട് പാട്ടുകളുടെ കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു പാട്ട് നിർമിക്കാൻ സഹായിക്കുക മാത്രമാണ് ഞാനും ഒമറും ചെയ്തത്. ഞാൻ സംഗീതം നിർവഹിക്കാത്ത ഒറ്റ പാട്ടിന്റെയും ക്രെഡിറ്റ് ഞാൻ ഒരിക്കലും ഏറ്റെടുക്കാറില്ല; ഇതേ ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന പാട്ടിന്റെ ഉൾപ്പെടെ.

(റാപ്പ്) പോലെയുള്ള വിഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാരെ റാപ്പർമാരായാണ്, സംഗീത സംവിധായകരായല്ല കണക്കാക്കാറുള്ളത്. ഗായകരുടെയും ഗാനരചയിതാക്കളുടെയും ക്രെഡിറ്റും നൽകും. എമിനെമിനെ റാപ്പറാണെന്നാണല്ലോ, സംഗീതസംവിധാനകനെന്നല്ലല്ലോ വിളിക്കാറുള്ളത്. ജേക്കബിന്റെ സ്വർഗരാജ്യത്തിലെ 'എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ' ചെയ്ത ആർസീ, കിങ് ഓഫ് കൊത്തയിലെ കൊത്ത ടൈറ്റിൽ ഗാനം ചെയ്ത ഫെജോ ഉൾപ്പെടെയുള്ള റാപ്പർമാർക്കൊപ്പമെല്ലാം ഞാൻ ജോലി ചെയ്തിട്ടുണ്ട്. അവർക്കെല്ലാം കൃത്യമായ ക്രെഡിറ്റും നൽകിയിട്ടുണ്ട്.

'ഫ്രീക്ക് പെണ്ണേ' പ്രധാനമായും സംഗീതസംവിധാനത്തെ ആശ്രയിച്ചുള്ള പാട്ടാണ്. ഇല്ലെങ്കിൽ അതു വിജയിക്കുമായിരുന്നില്ല. നന്നായി ആസ്വദിച്ചും പൂർണമനസ്സോടെയുമാണത് ഞാൻ ചെയ്തത്. അത് റാപ്പിനുമപ്പുറത്തുള്ള ഒരു പാട്ടാണ്. സത്യജിത് ആണ് അത് എഴുതി അവതരിപ്പിച്ചത്. എന്നാൽ, പാട്ട് റിലീസ് ചെയ്തപ്പോൾ എന്തൊക്കെയോ കാരണങ്ങളാൽ അതിനു ലഭിച്ച വലിയ തോതിലുള്ള എതിർപ്പ് വേദനിപ്പിക്കുന്നതായിരുന്നു. ഓഡിയോ കമ്പനിയായ മ്യൂസിക് 24/7നോട് സത്യജിത്തിന്റെ പേര് സംഗീതസംവിധായകനായി ചേർക്കാൻ ഞാൻ നിർദേശിച്ചിട്ടുണ്ട്. എന്റെ പേര് സംഗീത നിർമാതാവായും. യൂട്യൂബിലെ മാറ്റങ്ങൾ ഇന്നും ഇന്നു ഞായറാഴ്ചയായതിനാൽ ബാക്കി മ്യൂസിക് പ്ലാറ്റ്‌ഫോമുകളിൽ നാളെയും നടക്കും.

ആദ്യദിവസത്തിനുശേഷം പാട്ട് യൂട്യൂബിൽ കാണുന്നത് തന്നെ ഞാൻ നിർത്തി. അത്രയും എതിര്‍പ്പാണ് അതിനുണ്ടായത്. പൊതുവെ ഓഡിയോ കമ്പനികൾക്ക് ക്രെഡിറ്റ് കൊടുക്കുന്നതിന് ഒരു നിർണിതരീതിയുണ്ട്. അതിലുള്ള എല്ലാ പാട്ടിനുമായി ഷാൻ റഹ്മാൻ സംഗീതസംവിധാനവും നിർമാണവുമെല്ലാം നിർവഹിച്ചെന്നാണ് അവർ ചേർത്തത്. സിനിമയിൽ പാട്ടുകാരുടെ പേരുവിവരങ്ങളിലടക്കം ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നുമുതൽ ആ മാറ്റങ്ങൾ വരും. സത്യജിതിന് ആശ്വാസമാകുമെന്നാണു പ്രതീക്ഷ.

നമ്മൾ അവസരങ്ങൾ നൽകുമ്പോൾ ആളുകളതിനു വിലകൊടുക്കാത്തത് വേദനാജനകമാണ്. ഭാവിയിൽ ഇനി ഒരാൾക്ക് അവസരം നൽകുമ്പോൾ രണ്ടുവട്ടം ആലോചിച്ചേ ചെയ്യൂ. മനോഹരമായ പാട്ടുകളുണ്ടാക്കാൻ മികച്ചൊരു കരിയർ സത്യജിത്തിന് ആശംസിക്കുന്നു.

പട്ടണത്തിൽ ഭൂതം തൊട്ട് മലർവാടി, തട്ടത്തിൻമറയത്ത്, ജേക്കബിന്റെ സ്വർഗരാജ്യം, ഗോദ, മിന്നൽ, ജിമിക്കി, കുടുക്ക് ഉൾപ്പെടെ നിങ്ങൾക്കുവേണ്ടി ഒരുപാട് പാട്ടുകൾ ഞാൻ നിർമിച്ചിട്ടുണ്ട്. ഇതിലൊന്നും അടിച്ചുമാറ്റി എന്ന് വാക്ക് ഞാൻ കേട്ടിട്ടില്ല. ഇക്കൂട്ടത്തിൽ ഫ്രീക്ക് പെണ്ണേ അടിച്ചുമാറ്റലാണെങ്കിൽ ഞാനത് തിരുത്തും'- ഷാൻ റഹ്മാൻ കുറിച്ചു.

Tags:    
News Summary - Shaan Rahman React controversial statement About Music Directors Sathya jith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.