ന്യൂഡൽഹി: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിെൻറ ആരോഗ്യനിലയെ കുറിച്ച് ആരാധകരോട് വിരവങ്ങൾ പങ്കുവെക്കാറുള്ളത് മകൻ എസ്. പി ചരൺ ആണ്. മെഡിക്കൽ സംഘവുമായി സംസാരിച്ച ശേഷം ചരൺ അപ്പയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ വിഡിയോയിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ ചരൺ വിഡിയോയിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനെതിരെ വിമർശനമുയർന്നിരിക്കുകയാണ്. എസ്.പി.ബിയെ പോലെ തമിഴകം നെഞ്ചിലേറ്റിയ വ്യക്തിയെ കുറിച്ച് തമിഴിൽ സംസാരിക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് ചോദ്യമുയരുന്നത്. ഇതിന് മറുപടിയായി ചരൺ മറ്റൊരു വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
''എസ്.പി.ബിയുടെ ആരോഗ്യനിലം സംബന്ധിച്ച പോസ്റ്റുകൾ തമിഴിൽ ഇടാൻ ധാരാളം ആളുകൾ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡാഡിക്ക് രാജ്യമെമ്പാടും ധാരാളം ആരാധകരുണ്ട് എന്നതുകൊണ്ടാണ് ഞാൻ സംസാരിക്കാൻ ഇംഗ്ലീഷ് ഭാഷ തെരഞ്ഞെടുത്തത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ നിരവധി ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. അദ്ദേഹം പാടിയ എല്ലാ ഭാഷകളിലും ആരോഗ്യനില സംബന്ധിച്ച പോസ്റ്റുകൾ ഇടുന്നതിന് വളരെ സമയമെടുക്കും. ഡോക്ടർമാരുമായുള്ള ആശയവിനിമയത്തിനും പ്രാർത്ഥനകൾക്കും ഇടയിലാണ്, അദ്ദേഹത്തിൻെറ ആരാധകർക്കായി അപ്‌ഡേറ്റുകൾ ഇടുന്നത്. അതിനാൽ ദയവായി മനസിലാക്കുക. ഞാൻ പറയുന്നത് മനസിലാക്കാൻ കഴിയാത്തവരുണ്ടെങ്കിൽ, ദയവായി അത് അവർക്ക് വേണ്ടി വിശദീകരിച്ചു നൽകുക''- ചരൺ പറഞ്ഞു.
കോവിഡ് ബാധിച്ചതിനെ തുടർന്ന് ആഗസ്റ്റ് അഞ്ചിനാണ് 74 കാരനായ എസ്.പി.ബിയെ എം.ജി.എം ഹെൽത്ത്കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഡിയോയിൽ എസ്.പി.ബിയുടെ ആരോഗ്യനിലയെ കുറിച്ച് സംസാരിച്ച ചരൺ അദ്ദേഹം സുഖപ്പെട്ടുവരുന്നതായി അറിയിച്ചു. എസ്.പി.ബി ചികിത്സയോട് പ്രതികരിച്ചു തുടങ്ങിയെന്നും 90 ശതമാനവും ബോധാവസ്ഥയിൽ എത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായും ചരൺ വിശദീകരിച്ചു. പിതാവിന് നൽകുന്ന സ്നേഹത്തിനും പ്രാർഥനകൾക്കും നന്ദി അറിയിക്കുന്നതായും മികച്ച ചികിത്സ നൽകാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന ഡോക്ടർമാരോടും കടപ്പാടുണ്ടെന്നും ചരൺ പറഞ്ഞു.
ആഗസ്റ്റ് 13 ന് എസ്.പി.ബിയുടെ നില വഷളാവുകയും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.