അബ്ദുൽ സലീം

മുറിയാതെ ഓർമകൾ

പാട്ടുകളെ പ്രണയിച്ചു തുടങ്ങിയത് എന്നാണെന്ന് ഓർക്കുന്നില്ല. ആഗ്രഹിച്ചും അല്ലാതെയും കാതിൽവീണ അസംഖ്യം സിനിമാഗാനങ്ങളിലൂടെയാണ് ഉള്ളിൽ സഹൃദയത്വം നിറഞ്ഞത് എന്നറിയുന്നു. ആകാശവാണിയുടെ ഔദാര്യത്തിൽ, ചിത്രഹാറിന്റെയും ചിത്രഗീതത്തിന്റെയും കാരുണ്യത്തിൽ, പാട്ടുകൾ ഉള്ളിൽ കിനിഞ്ഞിറങ്ങി.

ഒരിഷ്ടഗാനം രണ്ടാമതൊന്ന് കേൾക്കാൻ മറ്റെന്തായിരുന്നു മാർഗം? വല്ലപ്പോഴുമുള്ള ബസ് യാത്രകളിൽ ഒട്ടുമിക്കപ്പോഴും ഓരോ പാട്ടുകൾ എന്നെ തേടിവന്നുകൊണ്ടിരുന്നു, ചില വരികൾ മാത്രം കേൾപ്പിച്ച് കൊതിപ്പിച്ചുകൊണ്ടിരുന്നു. 'അനുരാഗിണി ഇതാ എൻ...' എന്ന ജോൺസൺ മാസ്റ്റർ ഗാനം ഞാൻ ആദ്യം കേൾക്കുന്നത് ഒരു ബസ് യാത്രയിലാണ്. ഇന്നിപ്പോൾ ഒരു പ്രിയഗാനം തപ്പിയെടുക്കാൻ യുട്യൂബ് എന്ന കടലിലേക്ക് തിരച്ചിലിന്റെ ചൂണ്ടയിൽ ഒരു കുഞ്ഞുവാക്കിന്റെ പാതിമാത്രം ഇരകോർത്താൽ ധാരാളമായി!

പിന്നീട് തറവാട്ടിലെ ചുവരുറാക്കിൽ, പ്രൗഢിയിൽ വിരാജിച്ച ടേപ്പ് റെക്കോഡറിലേക്ക് പറവകണക്കെ കൂടുകൂട്ടിയ കാസറ്റുകളിലൂടെ യേശുദാസ് എനിക്കായി ആവർത്തിച്ചു പാടാൻ തുടങ്ങി. വീണ്ടും മുതിർന്നപ്പോൾ പാട്ടിനൊപ്പിച്ച് മൂളാനും ചിലപ്പോഴൊക്കെ അതേറ്റുപാടാനും സാഹസം കാട്ടി. 'കരോക്കെ' എന്ന ഊന്നുവടി ഇല്ലാത്ത കാലമായതിനാൽ നിരന്തരം വീണു. ബാത്ത്‌റൂമിന്റെ ചുവരിന്റെ കോണിൽ സൃഷ്ടിക്കപ്പെടുന്ന മുഴക്കത്തിൽ സ്വയം യേശുദാസായി അഭിരമിക്കാൻ തുടങ്ങി. കൗമാരത്തിന്റെ അന്ത്യത്തിലും യൗവനത്തിന്റെ തുടക്കത്തിലും ഹൃദയത്തിൽ നിറയെ പാട്ടുകളായിരുന്നു, പാട്ടുകൾ മാത്രമായിരുന്നു. ആ നാളുകളിലൊന്നിലാണ് ഞാൻ സലീംക്കയെ കണ്ടുമുട്ടുന്നത്. കോഴിക്കോട് കക്കോടി അങ്ങാടിയുടെ പിന്നാമ്പുറത്ത് കൊല്ലന്റെ ആലയുടെ അരികിലായി തകരഷീറ്റ് മേഞ്ഞ ഒരു ഹോളോബ്രിക് കുടുസ്സുമുറിയുടെ ചുവരിൽ ഇങ്ങനെ ഒരു ബോർഡ് തൂങ്ങിയിരുന്നു, 'ശ്രുതി സ്കൂൾ ഓഫ് മ്യൂസിക്'. ഉറ്റ സ്നേഹിതൻ അനിയുടെ കൂടെയാണ് അവിടെ ആദ്യമായി കാലുകുത്തുന്നത്. അവൻ അവിടത്തെ പതിവുസന്ദർശകൻ, ഗായകൻ, ട്രിപ്പിൾ ഡ്രം വാദകൻ എന്നീ നിലകളിൽ സുപരിചിതൻ. ആ പരിമിതവൃത്തത്തിൽ ഒരു ഗാനസദസ്സ് കൊഴുക്കുന്നുണ്ടായിരുന്നു.

കരളുലക്കുന്ന ഒരു പാട്ടിന്റെ മാധുര്യം അവിടെ ഒഴുകിനിറഞ്ഞു. 'സുറുമയെഴുതിയ മിഴികളെ...'മുഹമ്മദ്ക്കയുടെ ഹാർമോണിയത്തിന്റെ ശോകമധുരിമയുടെ ധന്യതയിലേക്ക് ഒരു തബലയുടെ ഊർജപ്രവാഹം വിടർന്നുയർന്നു. തബലയുടെ പ്രതലത്തിലോടുന്ന കൈകളിലെ വിരലുകൾ ദൃശ്യപ്പെടാത്തവിധം ഒരു മായക്കാഴ്ച. മനോഹരമായി പാടുന്ന ആ പാട്ടുകാരനെ ശ്രദ്ധിക്കാൻ കഴിയാത്തവിധം, തബലയിൽ മന്ത്രം ചൊല്ലുന്ന ആ ഇന്ദ്രജാലക്കാരനിൽ എന്റെ കണ്ണും മനസ്സും പതിഞ്ഞുപോയി. ഇടക്കെപ്പഴോ ശ്രദ്ധയിൽപെട്ടു, ഡഗ്ഗയെ (തബലയുടെ ഇടം വശം) പോഷിപ്പിച്ചുണർത്തുന്ന ആ ഇടംകൈയിലെ തള്ളവിരലിന്റെ അസാന്നിധ്യം.

ആ ജാലവിദ്യക്കാരന്റെ പേരാണ് അബ്ദുൽ സലീം. ഞങ്ങളുടെ സലീംക്ക.

ഗാനം തീർന്നപ്പോൾ അനി എന്നെ സദസ്സിന് പരിചയപ്പെടുത്തി. എനിക്ക് പാട്ടുകളോടുള്ള താൽപര്യവും ഞാൻ അൽപസ്വൽപം പാടാറുള്ള കാര്യവും അവൻ ബോധിപ്പിച്ചു. പിന്നെ സലീംക്കയുടെയും മുഹമ്മദ്ക്കയുടെയും സ്‌നേഹനിർഭരമായ നിർബന്ധത്തിനൊടുവിൽ അവിടത്തെ പാട്ടുപായയിൽ ഞാൻ ചമ്രംപടിഞ്ഞിരുന്നു.

ആ സദസ്സിന്റെ ഊഷ്മളതകൊണ്ടോ, കോഴിക്കോടിന്റെ ഹൃദയസ്പന്ദനത്തിൽ സ്വാഭാവികമായി ഉണരുന്ന വികാരപാരവശ്യം കൊണ്ടോ എന്നറിയില്ല, എനിക്ക് പാടാൻ തോന്നിയത് ബാബുക്കയുടെ എക്കാലത്തെയും അനശ്വരഗാനമായ 'താമസമെന്തേ വരുവാൻ...' എന്ന ഗാനമാണ്. പാട്ടറിഞ്ഞപ്പോൾ സലീംക്കയുടെ മുഖത്ത് നിലാവ് പരക്കുന്നതു ഞാൻ കണ്ടു. ഇക്കയുടെ ഏറ്റവും പ്രിയ ഗാനമാണതെന്ന് പിന്നീട് ഞാൻ അറിഞ്ഞു. തബലയുടെ സൂക്ഷ്മമായ തഴുകലും പിന്തുടരലും ആവശ്യപ്പെടുന്ന ഒരു ബാബുക്ക ക്ലാസിക്. ഭാസ്കരൻ മാഷ് എഴുതിവെച്ചത് വെറും വരികളാണോ, അല്ല നെഞ്ചിൽ കനലുപോലെ നീറിപ്പടരുന്ന കവിതയുടെ കൽക്കണ്ടം.ഉള്ളിൽ നിറഞ്ഞ പരിഭ്രാന്തിയുടെ പെരുമാരിയിലും ഞാൻ പതിയെ പാടിത്തുടങ്ങി.

'താമസമെന്തേ... വരുവാൻ...' ഹാർമോണിയം തഴുകിയുണർത്തി മുഹമ്മദ്ക്ക എന്നിലേക്ക് ഒരു നോട്ടമെറിഞ്ഞു.

'താമസമെന്തേ വരുവാൻ

പ്രാണസഖി എന്റെ മുന്നിൽ,

താമസമെന്തേ അണയാൻ പ്രേമമയീ

എന്റെ കണ്ണിൽ...'

വരികൾക്കൊപ്പം, എന്റെ കേവലസ്വരത്തിന്റെ പരിമിതികളെ ഒളിപ്പിക്കാനെന്നവണ്ണം, തബലയുടെ മായക്കുതിരയെ അഴിച്ചുവിട്ടു സലീംക്ക. എന്റെ ഉള്ളം എത്രമാത്രം തുടിച്ചെന്നോ അപ്പോൾ.

'ഹേമന്തയാമിനി തൻ

പൊൻവിളക്കു പൊലിയാറായ്.

മാകന്ദശാഖകളിൽ

രാക്കിളികൾ മയങ്ങാറായ്...'

ഒരു സുന്ദരമന്ദഹാസത്തിന്റെ മേമ്പൊടിയോടെ, എന്നെ തഴുകുംവണ്ണം ആശ്വാസദായകമായി തബലയോട് സല്ലപിച്ചുകൊണ്ടിരുന്നു സലീംക്ക.

'തളിർമരമിളകി നിന്റെ

തങ്കവള കിലുങ്ങിയല്ലോ,

പൂഞ്ചോലക്കടവിൽ നിന്റെ

പാദസരം കുലുങ്ങിയല്ലോ.

പാലൊളി ചന്ദ്രികയിൽ

നിൻ മന്ദഹാസം കണ്ടുവല്ലോ,

പാതിരാ കാറ്റിൽ നിന്റെ

പട്ടുറുമാലിളകിയല്ലോ...'

എണീറ്റുവന്ന സലീംക്ക എന്റെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. ''ഉഷാറായി ട്ടോ...'' വിശദമായി സംസാരിച്ചുതുടങ്ങിയ ശേഷം എന്റെ ആലാപനത്തിൽ വന്ന പാകപ്പിഴകൾ ഒന്നൊന്നായി പറഞ്ഞുതന്ന് എന്നിലെ പരമാവധി പുറത്തെടുപ്പിക്കാൻ സലീംക്ക ശ്രമിച്ചതിന് കൈയും കണക്കുമില്ല. പിന്നെയങ്ങോട്ട് സലീംക്കയുടെ 'ശ്രുതി സ്കൂൾ ഓഫ് മ്യൂസിക്' എന്റേതുകൂടിയായ നാളുകളിൽ അദ്ദേഹവുമായി കൂടുതൽ അടുത്തു, ആ മനുഷ്യനെ കൂടുതൽ അറിഞ്ഞു. ഒമ്പതാം വയസ്സിൽ തുടങ്ങിയതാണ് സലീംക്കയുടെ തബല അഭ്യസനം. വിൻസന്റ് മാഷ്, വേണുമാഷ് പിന്നെ ആനന്ദകൃഷ്ണൻ മാഷ് എന്നിവർ അദ്ദേഹത്തിന്റെ ഗുരുക്കന്മാരായി.

കക്കോടിയിലെ അന്നത്തെ കലാകാരന്മാരുടെ ആശ്രയകേന്ദ്രമായിരുന്ന 'വയലാർ സ്മാരക മ്യൂസിക് ക്ലബി'ലാണ് സലീംക്ക തന്റെ പ്രതിഭ തെളിയിച്ചു തുടങ്ങിയത്. ഒരുതരം അഭിനിവേശത്തോടെ തബലയെ പ്രണയിച്ച ആ ബാലനിൽ കുടുംബപ്രാരബ്ധം വലിയ വിലങ്ങുകൾ തീർത്തു, അവനെ ഒരു മരമില്ലിലെ പണിക്കാരനാക്കി. പതിനാറാം വയസ്സിൽ പണിക്കിടയിൽ മരം പീൽ ചെയ്യുന്ന മെഷിൻ അവന്റെ ഇടംകൈയിലെ തള്ളവിരൽ അപഹരിച്ചു. തുടർന്ന് വേദനയുടെയും ആശങ്കയുടെയും ഒരു നീണ്ടകാലം. അപകർഷതകൊണ്ട് കൈയിൽ ടൗവ്വൽ പുതച്ചുനടന്നപ്പോൾ തന്റെ തബലപ്രണയവും മൂടിവെച്ചു അവൻ. കുറെ കാലത്തിനുശേഷം, അവനെ ചികിത്സിച്ചിരുന്ന സ്നേഹസമ്പന്നയായ ഒരു ലേഡി ഡോക്ടർ പതിയെപ്പതിയെ അവനിൽ ആത്മവിശ്വാസം തിരികെയെത്തിച്ചു. തുടർന്ന് അംഗപരിമിതിയുടെ ന്യൂനതയെ പ്രതിഭയുടെയും സമർപ്പണത്തിന്റെയും ഊർജത്താൽ തരണം ചെയ്തു അവൻ.യൗവനം യാത്രകളുടെ കാലമായിരുന്നു അയാൾക്ക്. ഡൽഹി, കൽക്കട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ. കേരളത്തിലുടനീളം എണ്ണിയാലൊടുങ്ങാത്ത സ്റ്റേജ് പ്രോഗ്രാമുകൾ, ഗാനമേളകൾ, വിവാഹ മെഹ്ഫിലുകൾ ഇങ്ങനെ പറന്നുനടന്നു അദ്ദേഹം.

എക്കാലത്തും കലാകാരന്മാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെന്ന ദുര്യോഗം അയാളിലെ കുടുംബനാഥനെ വലച്ചുതുടങ്ങിയപ്പോൾ മരമില്ലിലെ ജോലിയിലേക്ക് കൂടുതൽ മുഴുകാൻ തുടങ്ങി സലീംക്ക. ഇടക്ക് വീട്ടിൽവെച്ച് താൽപര്യമുള്ള കുട്ടികളെ തബല പഠിപ്പിക്കാനും മറന്നില്ല അദ്ദേഹം.

ചില മനുഷ്യരുണ്ട്, കഴിവും പ്രതിഭയും പ്രയത്നശേഷിയും ആവോളമുണ്ടായാലും അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ വിസ്‌മൃതിയിലേക്ക് മറയാൻ വിധിക്കപ്പെട്ടവർ. സലീംക്കയോട് കാലം ചെയ്തത് അങ്ങനെയൊരു നീതികേടാണെന്ന് എന്റെ മനസ്സ് പറയുന്നു. അന്നന്നേക്കുള്ള അന്നത്തിനായി മില്ലിലെ മരത്തടികളോട് പൊരുതിക്കൊണ്ട് ചേളന്നൂരിലെ അമ്പലപ്പാടുള്ള വീട്ടിലുണ്ട് സലീംക്ക. സ്വന്തമായി ഒരു തബല പോലുമില്ല ഇക്കക്ക് ഇപ്പോൾ. തബലയുമായി കാണാൻ വരുന്ന സുഹൃത്തുക്കൾക്കൊപ്പം അവരുടെ ആഗ്രഹഗാനങ്ങളിലേക്ക് സഞ്ചരിക്കുന്ന നിമിഷങ്ങളിൽ അയാളിലെ മാന്ത്രികൻ ഉണരുന്നു, പറക്കുന്നു. കഴിഞ്ഞകാലം വിലപിടിപ്പുള്ളതാവുന്നത് അത് ഒരിക്കലും തിരികെ കിട്ടാത്തവിധം നഷ്ടപ്പെട്ടതാവുന്നതുകൊണ്ടാണ്. പക്ഷേ, ഓർമകളുടെ ആൽബത്തിൽ എന്നേക്കുമായി പതിയുന്ന ചില ചിത്രങ്ങൾ സമ്മാനിച്ചാണ് അതു മറയുന്നത്, ഒരിക്കലും മായാത്ത ചില മാസ്മരിക നിമിഷങ്ങൾ തീർത്ത്. 

Tags:    
News Summary - Unbroken memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.