ആത്മാവുള്ള പാട്ടുകളെ പ്രണയിച്ച ഗായിക

‘എനിക്ക് ആത്മാവുള്ള പാട്ടുകൾ വേണം. പേരിനും പ്രശസ്തിക്കുമുപരി സംഗീതമാണ് എന്നെ എന്നും ആകർഷിക്കുന്നത്’ - വാണി ജയറാം ഒരിക്കൽ പറഞ്ഞു. എന്നും ആത്മാവുള്ള പാട്ടുകൾ പാടി നമ്മെ കൊതിപ്പിച്ചു. മലയാളത്തിൽ ആദ്യമായി 1973ൽ സ്വപ്നം എന്ന സിനിമയിൽ സലിൽ ചൗധരി ‘സൗരയൂഥത്തിൽ..’ എന്ന ഗാനത്തിലൂടെ അവതരിപ്പിച്ച വാണി അതേ ശബ്ദത്തിൽ 2018ൽ ക്യാപ്റ്റൻ എന്ന സിനിമയിലും പാടി നമ്മെ വിസ്മയിപ്പിച്ചു.

ക്യാപ്റ്റനിൽ ‘പെയ്തലിഞ്ഞ നിമിഷം... അതിൽ പൂത്തുലഞ്ഞ ഹൃദയം...’ എന്ന ഗാനം പി. ജയചന്ദ്രനൊപ്പം വാണി പാടുമ്പോൾ നമ്മളും ആ നിമിഷത്തിനൊപ്പം അലിഞ്ഞു ചേരുന്നു. 2016 ഫെബ്രുവരി നാലിന് ഇറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ‘പൂക്കൾ പനിനീർ പൂക്കൾ’ എന്ന ഗാനം യേശുദാസിനൊപ്പം ആലപിച്ച് നമ്മെ പ്രണയത്തിലേക്ക് നയിച്ചു.

ആ ശബ്ദമാധുരിക്ക് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. എം.എസ് വിശ്വനാഥന്റെ സംഗീതത്തിൽ ഒരുങ്ങിയ ‘മലർപോൽ സിരിപ്പതു പതിനറു...മനം പോൽ പറപ്പതു പതിനാറ്’ എന്ന പാട്ട് വാണിയെ കുറിച്ചുള്ളതാണെന്ന് സംഗീത പ്രേമികൾ. എന്നും പതിനാറിന്റെ മാധുര്യമാണ് വാണിയുടെ ശബ്ദത്തിന്. മരിക്കും വരെ കോട്ടം തട്ടാത്ത ശബ്ദമായിരുന്നെന്ന് സംഗീത രംഗത്തു നിന്നുള്ളവർ തന്നെ അനുസ്മരിക്കുന്നു. 19 ഓളം ഭാഷകളിലായി പതിനായിരക്കണക്കിന് കണക്കിന് പാട്ടുകൾ പാടിയ വാണി ജയറാം മലയാളത്തിൽ മാത്രം 600 ഓളം പാട്ടുകൾ പാടിയിട്ടുണ്ട്. 

തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണിക്ക് അമ്മയുടെ സംഗീത താത്പര്യമാണ് ലഭിച്ചത്. സംഗീതജ്ഞൻ കൂടിയായ ഭർത്താവിനെ കൂടി ലഭിച്ചതോടെ അവരുടെ സംഗീത സപര്യ കൂടുതൽ ഊർജ്ജസ്വലമായി. 1971ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ഇറങ്ങിയ ‘ബോലേ രെ പപ്പീ’ എന്ന ഗാനത്തിലൂടെയാണ് അവർ പ്രശസ്തയായത്.

‘ഗുഡ്ഡി’ എന്ന സിനിമയിൽ പുതുതായി എത്തിയ നായികക്ക് വേണ്ടി പുതിയ ശബ്ദം തേടിയ സംവിധായകനോട് സംഗീത സംവിധായകൻ വസന്ത് ദേശായിയാണ് വാണിയെ കുറിച്ച് പറയുന്നത്. ആ പാട്ടിലൂടെ ഇന്ത്യയുടെ ഹൃദയം കവർന്ന വാണിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി പുരസ്കാരങ്ങൾ ആദ്യ ഗാനത്തിലൂടെ തന്നെ വാണി സ്വന്തമാക്കി.

Tags:    
News Summary - Vani Jairam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.