ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ മുതിര്‍ന്ന ഗായകനും സംഗീത സംവിധായകനുമായ ജി. ആനന്ദ് (67) കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
ആന്ധ്രപ്രദേശിലെ ശ്രീകുളത്ത് ജനിച്ച ജി. ആനന്ദ് ചെന്നൈയിലാണ് തന്‍റെ സംഗീത ജീവിതം ആരംഭിക്കുന്നത്. 1976ൽ 'അമേരിക്ക അമ്മായി' എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകൻ എന്ന നിലയിൽ പേരെടുക്കുന്നത്. ജി.കെ. വെങ്കിടേഷിന്‍റെ സംഗീത സംവിധാനത്തിൽ ഇറങ്ങിയ ആ സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായതോടെ ആനന്ദിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
പാണ്ഡണ്ടി കാപ്പുറം, ആമേ കാത, കല്‍പ്പന, ധന വീര, ബംഗാരക്ക, പ്രാണം ഖാരീദു തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. പിന്നണി ഗാനരംഗത്ത് നിന്ന് പിന്നീട് ഭക്തിഗാന രംഗത്തും സംഗീത സംവിധാനത്തിലും അദ്ദേഹം തിളങ്ങി. ഗാന്ധിനഗര്‍ രേവണ്ട വീതി, രംഗവല്ലി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 'സ്വരമാധുരി' എന്ന സംഗീതഗ്രൂപ്പിനും അദ്ദേഹം രൂപംനൽകി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 600ലധികം സംഗീതപരിപാടികൾ 'സ്വരമാധുരി' നടത്തിയിട്ടുണ്ട്. നിരവധി പുതുമുഖ ഗായകരുടെ വളർച്ചക്കും 'സ്വരമാധുരി' പങ്കുവഹിച്ചു.
72 മണിക്കൂറിനുള്ളിൽ സിനിമാലോകത്ത് കോവിഡ് ബാധിച്ച് ഏഴുപേരാണ് മരിച്ചത്. സംഗീത സംവിധായകൻ വൻരാജ് ഭാട്ടിയ, തമിഴ്നടന്‍ പാണ്ഡു, ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ, ഗായകന്‍ കോമങ്കന്‍, നടി അഭിലാഷ പാട്ടീല്‍, നടി ശ്രീപ്രദ, എന്നിവരും കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.