മലപ്പുറം: അത്രമേൽ സംഗീതത്തെ സ്നേഹിച്ച ഓർമകളും അനുഭവങ്ങളുമാണ് എഴുത്തുകാരനും അധ്യാപകനുമായ എം.ഡി. മനോജിന്റെ ജീവിതപുസ്തകത്തിലുള്ളത്. കുട്ടിക്കാലത്ത് സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ എല്ലാവരും കളിക്കാൻ ഓടുമ്പോൾ റേഡിയോയിൽ ചലച്ചിത്രസംഗീതം കേട്ടിരിക്കാനായിരുന്നു ഏറെ ഇഷ്ടം.
ഈ ഇഷ്ടം പിന്നീട് സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലടക്കം സംഗീതവുമായി മനോജിനെയെത്തിച്ചു. പഠനശേഷം ജീവിതവഴിയിൽ ഇംഗ്ലീഷ് അധ്യാപകനായി കുട്ടികൾക്ക് അറിവ് പകരാനാണ് നിയോഗം ലഭിച്ചതെങ്കിലും തന്റെ സംഗീതസ്നേഹം കൈവിടാൻ ഒരുക്കമായിരുന്നില്ല.
സംഗീതത്തിന്റെ എഴുത്തുവഴിയിലാണ് പിന്നീട് അതിവേഗം നടന്നുനീങ്ങിയത്. അധ്യാപനമേഖലയിൽ 33 വർഷം പിന്നിടുമ്പോൾ ചലച്ചിത്രസംഗീതവുമായി ബന്ധപ്പെട്ട് മുപ്പതോളം പുസ്തകങ്ങൾ രചിച്ച് അടുത്ത രചനക്കായുള്ള കാത്തിരിപ്പിലാണ്. പാട്ടെഴുത്തും പാട്ടുകാരുടെ ജീവിതവുമെല്ലാം എഴുത്തുകളായി പിറന്നു.
അകാലത്തിൽ വിടപറഞ്ഞ സംഗീതസംവിധായകൻ രവീന്ദ്രനോടുള്ള ഇഷ്ടവും ആരാധനയും ‘രവീന്ദ്രസംഗീതം’ പുസ്തകത്തിന്റെ പിറവിക്ക് ഇടയാക്കി. 2005ൽ പുറത്തിറക്കിയ ഈ പുസ്തകമായിരുന്നു ആദ്യത്തെ സംഗീത എഴുത്ത്. പിന്നീട് പി. ഭാസ്കരൻ, കെ.പി. ഉദയഭാനു, എം.ബി. ശ്രീനിവാസൻ, എ.ആർ. റഹ്മാൻ, കെ. രാഘവൻ, പി. മാധുരി, എം.കെ. അർജുനൻ, ഉണ്ണി മേനോൻ, ശ്യാം തുടങ്ങിയവരുടെ സംഗീതജീവിതവും ഏഴുത്തിലൂടെ വായനലോകത്തെത്തിച്ചു.
മനോജ് എഴുതിയ പുസ്തകങ്ങളുടെ പേരുകളിലെല്ലാം സംഗീതമയമുണ്ട്. ‘മാധ്യമം’ അടക്കമുള്ള വിവിധ പ്രസിദ്ധീകരണങ്ങളിൽ സംഗീതവുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങളും എഴുതി. ഈ വർഷത്തെ പ്രഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ് മനോജിനെ തേടിയെത്തിയത് കഴിഞ്ഞ ദിവസമാണ്.
രണ്ടുതവണ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, മികച്ച പുസ്തക എഡിറ്റിങ്ങിനുള്ള അല അവാർഡ് എന്നിവയും കരസ്ഥമാക്കി. മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ സ്വദേശിയായ മനോജ് ആതവനാട് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സേവനമനുഷ്ഠിക്കുന്നത്. അധ്യാപികയായ ലേഖയാണ് ഭാര്യ. മകൾ: വിസ്മയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.