ഗൂഡല്ലൂർ: ഓസ്കർ തിളക്കത്തിൽ മുതുമല തെപ്പക്കാട് ആന ക്യാമ്പ്. ക്യാമ്പിലെ കുട്ടിയാനയെയും പരിപാലിക്കുന്ന പാപ്പാന്മാരെയും കുറിച്ച് കാർത്തികി ഗോൾസാൽവേസ് സംവിധാനം ചെയ്ത ‘ദ എലഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യുമെന്ററിക്കാണ് ഹ്രസ്വചിത്ര വിഭാഗത്തിൽ ഓസ്കർ ലഭിച്ചത്. മുതുമല തെപ്പക്കാട് ക്യാമ്പിലെ കുട്ടിയാന രഘു, പാപ്പാൻ ബൊമ്മൻ സഹായിയായി നിയമിച്ച ഭാര്യ ബെള്ളി എന്നിവരെ കുറിച്ചാണ് മനുഷ്യനും മൃഗവും തമ്മിലുള്ള അതുല്യമായ ബന്ധം പറയുന്ന ഡോക്യുമെൻററി കാർത്തികി ഗോൾസാൽവേസ് തയാറാക്കിയത്.
കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ വനത്തിൽ നിന്നാണ് 2017 ജൂലൈയിൽ 10 മാസം പ്രായമുള്ള ആനക്കുട്ടിയെ രക്ഷപ്പെടുത്തി മുതുമല ക്യാമ്പിൽ എത്തിച്ചത്. ആനപാപ്പാൻ ബൊമ്മനെയാണ് പരിപാലന ചുമതല ഏൽപിച്ചത്. ‘രഘു’ എന്ന പേര് വിളിച്ച ഈ ആനക്കുട്ടി പരിക്കുകളോടെ വളരെ തളർന്ന അവസ്ഥയിലായിരുന്നു. മുലപ്പാൽപോലും കിട്ടാതെ കഷ്ടപ്പെടുന്ന രഘുവിന് ലാക്ടോജനും ഗ്ലൂക്കോസും നൽകി 24 മണിക്കൂറും സ്നേഹപൂർവം നിരീക്ഷിച്ച ബൊമ്മനെ സഹായിക്കാൻ ഭാര്യ ബെള്ളിയും ഒപ്പമുണ്ടായിരുന്നു.
ആനക്കുട്ടിക്കുവേണ്ടി ബൊമ്മനും ബെള്ളിയും തങ്ങളുടെ ജീവിതം സമർപ്പിച്ചു. ഇപ്പോൾ ആറു വയസ്സുള്ള ആന ഒരു കുട്ടിയെപ്പോലെ ഇവരോട് ഇണങ്ങി കഴിയുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തും. മനുഷ്യനും മൃഗവും തമ്മിലുള്ള അതുല്യമായ അപൂർവമായ ബന്ധത്തെക്കുറിച്ചാണ് ഡോക്യുമെൻററിയിലൂടെ സംവിധായിക പ്രതിപാദിക്കുന്നത്. പാപ്പാന്മാരുടെ പേരക്കുട്ടി സഞ്ജനയും ഡോക്യുമെൻററിയിൽ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.