2023ലെ ഓസ്കാർ അവാർഡിന് ഷോട്ട്‍ലിസ്റ്റ് ചെയ്യപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിട്ടു. ഡോക്യുമെന്‍റി ഫീച്ചർ ഫിലിം, ഷോട്ട് ഡോക്യുമെന്‍ററി ഫിലിം, ഇന്‍റർനാഷനൽ ഫീച്ചർ ഫിലിം, ആനിമേറ്റഡ് ഷോട്ട് ഫിലിം എന്നിങ്ങനെ 10 വിഭാഗങ്ങളിലെ ചുരുക്കപ്പട്ടികയാണ് പ്രഖ്യാപിച്ചത്. എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആർ.ആർ.ആർ, പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ഛെല്ലോ ഷോ (ലാസ്റ്റ് ഫിലിം ഷോ) എന്നിവയും ഡോക്യുമെന്ററി വിഭാഗത്തിൽ ഷോനക് സെന്നിന്‍റെ ഓൾ ദാറ്റ് ബ്രീത്ത്സ്, ഡോക്യുമെന്ററി ഷോട്ട്ഫിലിം വിഭാഗത്തിൽ കാർത്തികി ഗോൺസാൽവസിന്റെ ദി എലഫന്റ് വിസ്‍പേഴ്സ് എന്നിവയുമാണ് ഇന്ത്യയിൽനിന്ന് പട്ടികയിൽ ഇടം പിടിച്ചത്.
ആർ.ആർ.ആർ ഒറിജിനൽ ഗാന വിഭാഗത്തിലും ഛെല്ലോ ഷോ മികച്ച വിദേശ ഭാഷ ചിത്രം വിഭാഗത്തിലുമാണ് ഇടം പിടിച്ചത്. ആർ.ആർ.ആറിലെ ‘നാട്ടു നാട്ടു’ എന്ന് തുടങ്ങുന്ന ഗാനമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, സഹനടന്‍, വിഷ്വൽ ഇഫക്ട്സ് എന്നിങ്ങനെ 14 വിഭാഗങ്ങളിൽ ആർ.ആർ.ആർ മത്സരിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തിൽ ഒരു വിഭാഗത്തിൽ മാത്രമാണ് ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. എന്നാൽ, മികച്ച ചിത്രം, മികച്ച സംവിധായകൻ വിഭാഗത്തിൽ നോമിനേഷൻ ലഭിക്കാൻ അവസരമുണ്ട്. രാം ചരണും ജൂനിയർ എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആലിയ ഭട്ടും അജയ് ദേവ്ഗണുമായിരുന്നു മറ്റു പ്രധാന താരങ്ങൾ.
സിനിമയിൽ ആകൃഷ്ടനായ ഗുജറാത്തി ബാലന്റെ കഥ പറയുന്ന ചിത്രമാണ് ഛെല്ലോ ഷോ. 2021ൽ ട്രിബെക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. വല്ലഡോലിഡ് ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം ഗോൾഡൻ സ്‌പൈക്ക് പുരസ്‌കാരം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.