തിയറ്ററുകളെ പിടിച്ചുകുലുക്കി ‘സ്ത്രീ 2’: ജവാനെയും മറികടന്ന് അതിവേഗം 400 കോടി ക്ലബിൽ

മുംബൈ: ബോളിവുഡിൽ കലക്ഷനിൽ പുതുചരിത്രം കുറിക്കുകയാണ് രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും പ്രധാന വേഷങ്ങളിലെത്തിയ ​ഹൊറർ-കോമഡി ചിത്രം ‘സ്ത്രീ 2’. അമർ കൗശികിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമ എട്ടാം ദിവസം 400 കോടിയിലെത്തി ബോക്സ് ഓഫിസിൽ കുതിപ്പ് തുടരുകയാണ്. നിർമാതാക്കളായ മഡോക്ക് ഫിലിംസ് തന്നെയാണ് ചിത്രത്തിന്റെ കലക്ഷൻ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇന്ത്യയിൽനിന്ന് 342 കോടിയും വിദേശത്തുനിന്ന് 59 കോടിയും ചിത്രം നേടിക്കഴിഞ്ഞു.

ആഗസ്റ്റ് 15ന് റിലീസ് ചെയ്ത ചിത്രം, 11 ദിവസംകൊണ്ട് 400 കോടിയിലെത്തിയ ഷാറൂഖ് ഖാന്റെ ജവാൻ, രൺബീർ കപൂറിന്റെ ആനിമൽ എന്നിവയുടെ ആഗോള കലക്ഷൻ റെക്കോഡാണ് മറികടന്നത്. ഷാറൂഖ് ഖാന്റെ തന്നെ പത്താൻ, സണ്ണി ഡിയോളിന്റെ ഗദർ 2 എന്നിവ 12 ദിവസംകൊണ്ടാണ് 400 കോടി ക്ലബിലെത്തിയിരുന്നത്.

സിനിമയിൽ ലീഡ് റോളിലെത്തിയ ശ്രദ്ധ കപൂറിന്റെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമ കൂടിയായി സ്ത്രീ 2. പ്രഭാസ് നായകനായെത്തിയ ‘സാഹോ’ ആയിരുന്നു ഇതുവരെ മികച്ച കലക്ഷ​ൻ നേടിയ ശ്രദ്ധ ചിത്രം. 310.60 കോടിയാണ് സിനിമ നേടിയിരുന്നത്. ഈ വർഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാമതും സ്ത്രീ 2 ഇടം പിടിച്ചു. നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കൽക്കി 2898 എ.ഡി’യാണ് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയത്. 1,100 കോടിയാണ് ചിത്രം ആഗോള ബോക്സോഫിസിൽനിന്ന് സ്വന്തമാക്കിയിരുന്നത്.

2018ലാണ് ‘സ്ത്രീ’യുടെ ആദ്യഭാഗം ഇറങ്ങിയിരുന്നത്. അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി, അപർശക്തി ഖുറാന എന്നിവരാണ് മറ്റു പ്രധാന റോളുകളിൽ എത്തുന്നത്. 

Tags:    
News Summary - 'Stree 2' shakes the theatres: surpasses Jawaan and enters the Rs 400 crore club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.