കോഴിക്കോട്: കരുതൽ മേഖല പ്രഖ്യാപനത്തിനെതിരെ മലയോര മേഖലയിൽ ശനിയാഴ്ച വൈകീട്ട് മൂന്നിന് ജനകീയ മനുഷ്യമതിൽ. ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപ്പാറ വരെയാണ് മതില് തീര്ക്കുകയെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ടി.പി. രാമകൃഷ്ണന് എം.എൽ.എയുടെ അധ്യക്ഷതയിൽ കെ. മുരളീധരന് എം.പി ഉദ്ഘാടനം ചെയ്യും. മതിലിൽ പതിനായിരം പേര് അണിനിരക്കും.
2022 ജൂണ്‍ മൂന്നിന്റെ സുപ്രീംകോടതി വിധി പ്രകാരം വനാതിര്‍ത്തിക്ക് ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ വന്നാല്‍ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ സമീപ പ്രദേശമായ ചക്കിട്ടപ്പാറ പഞ്ചാത്തിലെ ചക്കിട്ടപ്പാറ, ചെമ്പനോട എന്നീ രണ്ടു വില്ലേജുകളിലെയും ജനവാസ കേന്ദ്രങ്ങള്‍ മുഴുവൻ ബഫര്‍ സോണിലാവും. കൃഷിചെയ്ത് രേഖകളോടെ കൈവശം വെക്കുന്ന സ്ഥലം നഷ്ടപ്പെടുന്ന സ്ഥിതിയാണിപ്പോൾ.
ബഫര്‍ സോണ്‍ വരുന്ന പ്രദേശത്ത് എല്ലാവിധ വന നിയമങ്ങളും ബാധകമാണ്
കേരളത്തിലെ കൂടിയ ജനസാന്ദ്രതയും ശരാശരിയേക്കാള്‍ കൂടിയ വനമേഖലയുമുള്ള സാഹചര്യത്തില്‍ നിയമം പുനഃപരിശോധിക്കണം. നിയമനിർമാണം നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എ. ജോസുകുട്ടി, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റും പ്രതിരോധ സമിതി സ്വാഗതസംഘം ചെയര്‍മാനുമായ കെ. സുനിൽ, ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഇ.എം. ശ്രീജിത്ത്, ബിന്ദു വത്സന് തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.