ന്യൂഡൽഹി: രാജ്യത്ത് ഇടിമിന്നൽ പ്രഹരത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ 34 ശതമാനം കൂടുതൽ ഇടിമിന്നലാണ് ഇന്ത്യയിൽ ഈ വർഷം ഉണ്ടായതെന്ന് സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്‍റ് (സി.എസ്.ഇ) നടത്തിയ പഠനത്തിൽ വ്യക്തമായതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനവും അനിയന്ത്രിതമായ നഗരവത്കരണവുമാണ് മിന്നൽപിണറുകളുടെ അഭൂതപൂർവമായ വർധനവിന് വഴിയൊരുക്കിയത്. ഡൗൺ ടു എർത്ത് മാഗസിനുമായി സഹകരിച്ചാണ് സി.എസ്.ഇ പഠനം നടത്തിയത്.
2020 ഏപ്രിലിനും 2021 മാർച്ചിനുമിടയിൽ 1.85 കോടി ഇടിമിന്നലാണ് ഇന്ത്യയിലുണ്ടായത്. തൊട്ടുമുമ്പ് ഇതേ കാലയളവിലുണ്ടായിരുന്നത് 1.38 കോടി ഇടിമിന്നലായിരുന്നു. കഴിഞ്ഞ മാർച്ചിനും ഈ ഏപ്രിലിനുമിടയിൽ രാജ്യത്തുടനീളം 1,697 പേർക്കാണ് മിന്നലേറ്റ് ജീവഹാനി സംഭവിച്ചത്. ഇതിൽ 401 പേർ മരിച്ചത് ബിഹാറിലാണ്. ഉത്തർ പ്രദേശിൽ 238ഉം മധ്യപ്രദേശിൽ 228ഉം പേർ മരിച്ചു.
'ലോകത്തുടനീളം ഇടിമിന്നലിന്‍റെ വർധനവിനുപിന്നിൽ കാലാവസ്ഥാ വ്യതിയാനമാണെന്നാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്. അതിദ്രുതമുള്ള നഗരവത്കരണവും ജനസംഖ്യാ പെരുപ്പവും മിന്നലിന്‍റെ വർധനവിനുപിന്നിലെ കാരണങ്ങളാകുന്നുണ്ട്' - ഡൗൺ ടു എർത്ത് മാനേജിങ് എഡിറ്റർ റിച്ചാർഡ് മഹാപാത്ര പറഞ്ഞു.
പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ, പഞ്ചാബ്, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഹിമാചൽ പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ ണവനാ യടുത്ത മാസങ്ങളിൽ ഇടിമിന്നൽ പ്രഹരങ്ങളുടെ എണ്ണത്തിൽ പെടുന്നനെയെന്നോണം വർധനവുണ്ടായിട്ടുണ്ട്. പഞ്ചാബിൽ മാത്രം ഒരു വർഷ കാലയളവിൽ ഇടിമിന്നലിൽ 331 ശതമാനം വർധനവാണുണ്ടായത്. ബിഹാറിൽ 168 ശതമാനം വർധനവും. 2015ൽ കാലിഫോർണിയ യൂനിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ശരാശരി ഭൗമ താപനം ഒരു ഡിഗ്രി സെൽഷ്യസ് വർധിച്ചാൽ ഇടിമിന്നലിന്‍റെ ആവൃത്തി 12 ശതമാനം വർധിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.