ന്യൂഡൽഹി: മലിനീകരണം മൂലം ഇന്ത്യയിൽ 2019ൽ 23.5 ലക്ഷം പേർ മരിച്ചതായി പഠനം. ഇതിൽ 16.7 ലക്ഷം മരണവും അന്തരീക്ഷ മലിനീകരണം മൂലം. ലാൻസെറ്റ് ഹെൽത്ത് ജേണലാണ് പഠനം പുറത്തുവിട്ടത്.
ആഗോളതലത്തിൽ, 2019-ൽ 90 ലക്ഷം പേരാണ് മലിനീകരണം മൂലം മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചതും ഇന്ത്യയിൽ. രാജ്യത്തെ 16.7 ലക്ഷം മരണത്തിൽ 9.8 ലക്ഷവും ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പി.എം 2.5 തോത് ഉയർന്നതു മൂലമാണ് 6.1 ലക്ഷം മരണം വീടുകളിലെ വായു മലിനീകരണം മൂലമാണെന്നും ലാൻസെറ്റ് വിശദീകരിക്കുന്നു.
ഇന്ത്യയിലെ 93 ശതമാനം പ്രദേശങ്ങളിലും പി.എം 2.5 മലിനീകരണ തോത് ലോകാരോഗ്യ സംഘടന നിശ്ചയിച്ച അളവിന് മുകളിലാണ്. ഇന്തോ-ഗംഗ സമതലത്തിലാണ് മലിനീകരണം രൂക്ഷം. ഇവിടത്തെ, ഭൂപ്രകൃതി, കാലാവസ്ഥ, വ്യവസായം, കൃഷി, മറ്റു പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നും വലിയതോതിൽ അന്തരീക്ഷം മലിനീകരിക്കപ്പെടുന്നതായി പഠനം വ്യക്തമാക്കുന്നു. വിറകു കത്തിക്കുന്നതും മറ്റും മൂലം വീടുകളിലുണ്ടാകുന്ന മലിനീകരണം ഇന്ത്യയിൽ മരണങ്ങളുയരാൻ പ്രധാന കാരണമാണ്. കൽക്കരി, വിളകൾ കത്തിക്കൽ എന്നിവ മൂലവും അന്തരീക്ഷ മലിനീകരണ തോത് ഉയരുന്നു. വായു മലിനീകരണ നിയന്ത്രണത്തിനാവശ്യമായ ശക്തമായ കേന്ദ്രീകൃത ഭരണസംവിധാനം ഇന്ത്യക്കില്ലെന്നും പഠനം കുറ്റപ്പെടുത്തുന്നു.
ഫോസിൽ-ജൈവ ഇന്ധനങ്ങൾ കത്തിക്കുന്നതുമൂലമുണ്ടാകുന്ന മലിനീകരണം ആഗോളതലത്തിൽ മൊത്തം 6.7 ദശലക്ഷം മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. 2015 ൽ ഇത് 4.2 ദശലക്ഷവും 2000ൽ 2.9 ദശലക്ഷവുമായിരുന്നു.
ആഗോളതലത്തിൽ ഉണ്ടാകുന്ന മലിനീകരണത്തിന്റെ ഭാരം പേറുന്നത് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളാണ്. അന്താരാഷ്ട്ര വികസന അജണ്ടയിൽ മലിനീകരണം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ അവഗണിക്കപ്പെടുന്നതായും ലാൻസെറ്റ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.