പരിസ്ഥിതി സംരക്ഷണത്തിൽ ആഗോള മാതൃക തന്നെ തീർക്കുന്ന അബൂദബി അതീവ പ്രാധാന്യമുള്ള മാറ്റൊരു പദ്ധതി ആവിഷ്കരിക്കുന്നു. തദ്ദേശീയ സമുദ്ര പരിസ്ഥിതിയിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണം വിലയിരുത്താന്‍ അബൂദബി പരിസ്ഥിതി ഏജന്‍സിയും അബൂദബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫോര്‍മിറ്റി കൗണ്‍സിലും (ക്യു.സി.സി)കൈകോര്‍ക്കുകയാണ്. എമിറേറ്റിലെ സമുദ്ര പരിസ്ഥിതിയിലെ മൈക്രോ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഇവക്ക് പരിഹാരം കണ്ടെത്തുന്നതിനുമുള്ള പഠനം ഇരുകൂട്ടരും സംയുക്തമായി നടത്തും. ഇതിനായി അബൂദബിയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നായി സമുദ്രത്തിനടിയില്‍ നിന്ന് എക്കലും വെള്ളവും സമുദ്രത്തിനടിയിലെ സസ്യങ്ങളെയും ജീവികളെയും സൂക്ഷ്മജീവികളെയുമൊക്കെ ശേഖരിച്ച് സമഗ്രമായ പഠനം നടത്തും.
ഈ സാംപിളുകള്‍ കര്‍ശനമായ ലബോറട്ടറി പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും വിയേധമാക്കുകയും ചെയ്യും. മൈക്രോപ്ലാസ്റ്റിക്കുകളും ചെറിയ പ്ലാസ്റ്റിക് കഷ്ണങ്ങളുമൊക്കെ പരിസ്ഥിതിയില്‍ ഏറെക്കാലം കിടക്കുകയും ഇതിലൂടെ സമുദ്ര, ഭൗമ ജീവികള്‍ ഭക്ഷിക്കുകയും ഇതിലൂടെ ജീവികള്‍ക്ക് ദോഷം വരുത്തുകയും ആവാസവ്യവസ്ഥക്ക് കടുത്ത ഭീഷണിയാവുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷണിക്കുകയുമാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. മൈക്രോപ്ലാസ്റ്റിക് ഘടകങ്ങളെ തിരിച്ചറിയുന്നതിനും അവയെ അളക്കുന്നതിനും നൂതന സാങ്കേതിക വിദ്യകള്‍ ഇരു ഏജന്‍സികളും ഉപയോഗപ്പെടുത്തും. ഇതിലൂടെ അവയുടെ ഉദ്ഭവവും സമുദ്ര പരിസ്ഥിതിയിലെ വിതരണവും തിരിച്ചറിയാനാവും. സമുദ്ര ഗവേഷണ കപ്പലായ ജയ് വുന്‍ ഉപയോഗിച്ചാണ് ഈ സര്‍വേ നടത്തുന്നത്. സര്‍വേയിലൂടെ അബൂദബിയുടെ സമുദ്രത്തിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യവും അവ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഏജന്‍സികള്‍ കണ്ടെത്തും.
യു.എസ് സംഘടനയുമായി സഹകരിച്ച് അബൂദബി ആസ്ഥാനമായ കമ്പനി കഴിഞ്ഞ വർഷം കടലില്‍ നിന്ന് നീക്കിയത് ഒരുലക്ഷം പൗണ്ടിലേറെ പ്ലാസ്റ്റിക് മാലിന്യമാണ്. അബൂദബി ആസ്ഥാനമായ നിക്ഷേപ കമ്പനിയായ മള്‍ട്ടിപ്ലൈ ഗ്രൂപ് ആണ് യു.എസ് ആസ്ഥാനമായ ‘4 ഓഷ്യന്‍’ എന്ന സംഘടനയുമായി സഹകരിച്ച് സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ദൗത്യം നടത്തിയത്. ആഗോള പാരിസ്ഥിതിക അജണ്ടയോടുള്ള പ്രതിബദ്ധത അടിവരയിടുന്ന ഈ നീക്കം കോപ് 28 യു.എ.ഇ ലക്ഷ്യങ്ങള്‍ക്കും അനുസൃതമായവയാണ്.
സമുദ്രമലിനീകരണത്തിന്റെ 80 ശതമാനവും പ്ലാസ്റ്റിക്കാണ്. ഓരോ വര്‍ഷവും 80 ലക്ഷം മുതല്‍ ഒരുകോടി മെട്രിക് ടണ്‍ പ്ലാസ്റ്റിക് ആണ് സമുദ്രത്തില്‍ തള്ളപ്പെടുന്നത്. ഇത് സമുദ്രജീവികള്‍ക്കു പുറമേ മനുഷ്യാരാഗ്യത്തിനും ഹാനികരമാണ്. 2023 ആദ്യം മള്‍ട്ടിപ്ലൈ ഗ്രൂപ്പ് ജീവനക്കാരും മറ്റ് വളന്റിയര്‍മാരും ചേര്‍ന്ന് അല്‍ നൂഫ് തീരം മാലിന്യമുക്തമാക്കാന്‍ യത്നിക്കുകയും 420 പൗണ്ട് പ്ലാസ്റ്റിക് നീക്കുകയും ചെയ്തിരുന്നു. ഓരോ വര്‍ഷവും ഏകദേശം 13 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ലോകത്തെ സമുദ്രങ്ങളില്‍ വന്നടിയുന്നതായിട്ടാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. അബൂദബിയില്‍ ചത്ത ഹോക്‌സ്ബില്‍ ആമകളില്‍ 80 ശതമാനത്തിലും പ്ലാസ്റ്റിക് കണ്ടെത്തിയതായി പരിസ്ഥിതി ഏജന്‍സി അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 2008 മുതല്‍ നൂറുകണക്കിന് ഒട്ടകങ്ങളുടെ മരണത്തിനും പ്ലാസ്റ്റിക് കാരണമായതായി പഠനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.