പവിഴപ്പുറ്റുകള്‍ എന്നറിയപ്പെടുന്ന കോറല്‍ റീഫുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഗുരുതര പ്രത്യാഘാതങ്ങളെ നേരിടുകയാണ് എന്ന് അസര്‍ബൈജാനിലെ ബാകു ഉച്ചകോടിയില്‍ എത്തിച്ചേര്‍ന്ന ലോക നേതാക്കള്‍ വിലയിരുത്തി. അതേസമയം ഇക്കഴിഞ്ഞ ആഗസ്ത് മാസത്തില്‍ ഇതുസംബന്ധിച്ച് ലോക് സഭയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് കേന്ദ്ര പരിസ്ഥിതി, വനം/കാലാവസ്ഥാ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രേഖാമൂലം നല്‍കിയ മറുപടി; ‘കോറല്‍ ബ്ലീച്ചിങ് ഇന്ത്യയില്‍ ഇടക്കിടെ നടക്കുന്ന ഒരു സംഭവമാണ്, അത്തരം സംഭവങ്ങള്‍ വിനോദസഞ്ചാരം, മത്സ്യബന്ധനം തുടങ്ങിയ പ്രാദേശിക സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതം ഉണ്ടാക്കില്ല'' എന്നായിരുന്നു. കീര്‍ത്തി വര്‍ധന്‍ സിങ്ങിന്റെ ഉത്തരത്തില്‍, ഒരു ഭരണസംവിധാനം എങ്ങിനെയാണ് ജൈവ ആവാസവ്യവസ്ഥയെ നോക്കിക്കാണുന്നത് എന്നത് സംബന്ധിച്ച ബോധ്യം നമുക്ക് തരുന്നുണ്ട്.
മന്ത്രിയുടെ ഉത്തരത്തില്‍ അതിന് വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട മൂല്യം മാത്രമേയുള്ളൂ എന്ന് വ്യക്തമാണ്. സമാനമായൊരു ചോദ്യം അന്താരാഷ്ട്ര നാണയ നിധിയിലെ (IMF) ശാസ്ത്രജ്ഞരും ഉയര്‍ത്തുകയുണ്ടായി. ‘ഒരു തിമിംഗലത്തിന്റെ (great whale) മൂല്യമെന്താണ്?’ എന്നതായിരുന്നു അവരുടെ ചോദ്യം. അവര്‍ കണ്ടെത്തിയ ഉത്തരം ഒരു തിമിംഗലത്തിന്റെ മൂല്യം 2 മില്യണ്‍ ഡോളര്‍ എന്നായിരുന്നു. ലോകത്തിലെ മൊത്തം തിമിംഗലങ്ങളുടെ കണക്കെടുപ്പിലൂടെ അവര്‍ എത്തിപ്പെട്ട സംഖ്യ 1 ട്രില്യണ്‍ ഡോളര്‍ എന്നും. ഈ കണക്കുകളിലേക്ക് അവര്‍ എത്തിപ്പെട്ടത് പ്രധാനമായും വിനോദ സഞ്ചാരമേഖലയിലെ തിമിംഗലങ്ങളുടെ മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.
ഐ.എം.എഫ് ശാസ്ത്രജ്ഞരും ഇന്ത്യയുടെ പരിസ്ഥിതി-കാലാവസ്ഥാ മന്ത്രിയും ജീവജാതികളുടെയും ജൈവവ്യവസ്ഥകളുടെയും മൂല്യം തിരയുന്നത് അതിന്റെ സാമ്പത്തിക കൈമാറ്റ സാധ്യതകളില്‍ നിന്നുകൊണ്ടാണെന്നത് ആശ്ചര്യമുളവാക്കേണ്ടതില്ല; 'ഹോമോ സാപിയന്‍സി'ല്‍ നിന്നും 'ഹോമോ ഇക്കണോമിക്കസി'ലേക്കുള്ള ഒരു ജീവജാതിയുടെ ബോധവികാസത്തിന്റെ പ്രശ്‌നമാണിത്.
ഇനി നമുക്ക് കോറല്‍ റീഫുകളിലേക്ക് വരാം. പ്രത്യേകിച്ചും കോപ് 29ല്‍ കാര്‍ബണ്‍ പിടിച്ചെടുക്കലി(carbon sequestration)നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുമ്പോള്‍. കാര്‍ബണ്‍ സെക്വസ്‌ട്രേഷനില്‍ പവിഴപ്പുറ്റുകളുടെ സ്ഥാനം അദ്വിതീയമാണെന്നതിന് ശാസ്ത്രജ്ഞര്‍ തെളിവുതരും. ആത്യന്തികമായി പവിഴപ്പുറ്റുകള്‍ എന്നത് കാല്‍ഷ്യം കാര്‍ബണേറ്റ് (CaCO3) തന്നെയാണല്ലോ. നിലവിലെ കണക്കുകള്‍ അനുസരിച്ച് ഒരു ചതുരശ്ര മീറ്റര്‍ പവിഴപ്പുറ്റുകള്‍ പ്രതിവര്‍ഷം 15 കിലോഗ്രാം കാര്‍ബണ്‍ പിടിച്ചെടുക്കും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ മൊത്തം പവിഴപ്പുറ്റു പ്രദേശങ്ങളുടെ അളവ് 2,84,300 ചതുരശ്ര കിലോമീറ്റര്‍ ആണെന്ന് കൂടി അറിയുമ്പോള്‍ കാര്‍ബണ്‍ സിങ്ക് (carbon sink) എന്ന നിലയില്‍ പവിഴപ്പുറ്റുകളുടെ സേവനം എത്രമാത്രം മൂല്യവത്താണെന്ന് മനസ്സിലാകും.
ആഗോള തലത്തില്‍ തന്നെ കോറലുകള്‍ വലിയ തോതില്‍ നാശം നേരിട്ടുകൊണ്ടിരിക്കുന്നതു കാലാവസ്ഥ വ്യതിയാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതമായി അസര്‍ബൈജാനിലെ ബാക്കുവില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ സമ്മേളനത്തില്‍(2024- COP29) ഒത്തുകൂടിയ ലോക നേതാക്കള്‍ വിലയിരുത്തി എന്ന വാര്‍ത്ത ലക്ഷദ്വീപ് എന്ന കോറല്‍ ദ്വീപിലിരുന്ന് കേള്‍ക്കുമ്പോള്‍ ചിത്രങ്ങള്‍ കുറച്ചുകൂടി വ്യക്തമാണ്.
IPCC-യുടെയും ഗ്ലോബല്‍ കോറല്‍ റീഫ് മോണിറ്ററിങ് നെറ്റ് വര്‍ക്കില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റയുടെയും പശ്ചാത്തലത്തില്‍ 892 warm-water reef-building കോറല്‍ സ്പീഷ്യസുകളുടെ പരിരക്ഷണ സ്റ്റാറ്റസ് പുനഃപരിശോധിക്കുമ്പോള്‍ 44% പവിഴപ്പുറ്റുകളും ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ് എന്ന് IUCN കണ്ടെത്തിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം റീഫുകള്‍ നിര്‍മ്മിക്കുന്ന കോറലുകളുടെ നാശത്തിനു കാരണമാവുക വഴി അതുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥക്കും, ഭൂവിഭാഗങ്ങള്‍ക്കും ജനങ്ങള്‍ക്കും പൊതുവില്‍ ജൈവ വൈവിധ്യത്തിനും വലിയ ഭീഷണിയായി മാറും എന്ന് ഐ.യു.സി.എൻ ഡയറക്ടര്‍ ജനറല്‍ ഡോ. ഗ്രേതൽ ആഗ്വിലർ അഭിപ്രായപ്പെടുന്നു. മനുഷ്യരാശിക്ക് സുസ്ഥിരമായ ഒരു ഭാവി സുരക്ഷിതമാക്കണമെങ്കില്‍ ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുന്നതിന് ധീരവും നിര്‍ണ്ണായകവുമായ നടപടി സ്വീകരിക്കണം എന്നാണ് തുടര്‍ന്ന് അദ്ദേഹം നിര്‍ദേശിച്ചത്.
വര്‍ധിച്ച സമുദ്രോപരിതല ഊഷ്മാവ്, ജലമലിനീകരണം, ചുഴലിക്കാറ്റുകള്‍ എന്നിവ മൂലം ആഗോള തലത്തില്‍ തന്നെ ഭീഷണി നേരിടുന്ന റീഫ് ബില്‍ഡിങ് കോറല്‍ വിഭാഗമാണ് അക്രോപോറ (Staghorn coral). 2024 ഏപ്രില്‍, മെയ് മാസങ്ങളില്‍, കവരത്തി, അഗത്തി, കട്മത്ത്, സുഹേലി ദ്വീപുകളിലെ ലഗൂണ്‍ പ്രദേശങ്ങളില്‍ വലിയ തോതില്‍ കോറല്‍ ബ്ലീച്ചിങ്ങിനു വിധേയമായതും അക്രോപോറ ഇനത്തില്‍ പെട്ട കോറലുകള്‍ ആണ് എന്നും ഇവയാവട്ടെ മറ്റ് കോറല്‍ ഇനങ്ങളെ അപേക്ഷിച്ച് കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളവയാണെന്ന് പൊതുവില്‍ കരുതപ്പെടുന്ന സ്പീഷ്യസും ആണ്.
അക്രോപോറ സ്പീഷ്യസ് വേഗത്തില്‍ വളര്‍ച്ചയുള്ളതും വ്യാപന ശേഷിയുള്ളതുമായ റീഫ് ബില്‍ഡിങ് കോറല്‍ ആണ്. പ്രതിവര്‍ഷം 6-15 സെന്റിമീറ്ററോ അതില്‍ കൂടുതലോ വളരുന്ന ഈ സ്പീഷ്യസിന് മലിനീകരിക്കപ്പെടാത്തതും ധാരാളം വെളിച്ചം ലഭ്യമായതുമായ ലഗൂണ്‍ മേഖലകളില്‍ ആണ് നിലനില്‍ക്കാന്‍ കഴിയുക. അവയുടെ സങ്കീര്‍ണ്ണമായ ഘടനയും ദ്രുതഗതിയിലുള്ള വളര്‍ച്ചയും പവിഴപ്പുറ്റിലെ മറ്റ് ജീവജാലങ്ങള്‍ക്ക് അനുയോജ്യമായ ആവാസങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്.
ഒരു പ്രദേശത്തെ പവിഴപ്പുറ്റുകളിലെ താപ സമ്മര്‍ദ്ദത്തിന്റെ വ്യാപ്തിയും ദൈര്‍ഘ്യവും അളക്കുന്ന ഡിഗ്രി ഹീറ്റിംഗ് വീക്ക്‌സ് (DHW) മാനകത്തില്‍ വര്‍ദ്ധിതമായ താപനിലയാണ് 2024 ഏപ്രില്‍ മെയ് മാസങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. കോറലുകളുടെ വളര്‍ച്ചയ്ക്ക് 29 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനില അനുകൂലമാണ്. പക്ഷെ ലക്ഷദ്വീപ് ലഗൂണുകളിലെ താപനില 32°C-36°C വരെ വര്‍ദ്ധിച്ച സാഹചചര്യങ്ങള്‍ ഉണ്ടാവുന്നുവെന്നും, അതിലും വർധിക്കാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു എന്നുമുള്ളത് ഒട്ടും ശുഭകരമായ സൂചനയല്ല.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നിലവിലുണ്ടായ ബ്ലീച്ചിങ്ങിന്റെ വ്യാപ്തി തീവ്രമാണെന്നും (84.6 ശതമാനം) മാസ്സ് ബ്ലീച്ചിങ് നടന്നിട്ടുണ്ട് എന്നും കവരത്തി ആസ്ഥാനമായുള്ള ലക്ഷദ്വീപ് ശാസ്ത്ര സാങ്കേതിക വകുപ്പിലെ ശാസ്ത്രജ്ഞന്‍ ഇദ്രീസ് ബാബുവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രതിരോധ ശേഷിയുള്ള കോറല്‍ ഇനങ്ങള്‍ വരെ ബ്ലീച്ചിങ് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന നിരീക്ഷണം ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.
ആഗോള ആവാസ വ്യവസ്ഥയുടെ ആരോഗ്യ സൂചകങ്ങളാണ് കോറല്‍ ആവാസവ്യവസ്ഥ. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിക്ക് അനുസൃതമായി താപനില വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആണ് പവിഴപ്പുറ്റുകളുടെ നിലനില്‍പ്പിനുള്ള ഒരേയൊരു അവസരം നല്‍കുന്നത്. എന്നാല്‍ യുഎന്‍ഇപി പുറത്തിറക്കിയ 2024-ലെ എമിഷന്‍ ഗ്യാപ് റിപ്പോര്‍ട്ട് 2022-നേക്കാള്‍ ഹരിത ഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ 1.3% അധികമാണെന്നാണ് വിലയിരുത്തുന്നു. അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുന്ന ഒരു സ്‌പോഞ്ചായി സമുദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുമൂലം സമുദ്ര താപനില ഉയരുന്നുവെന്ന് മാത്രമല്ല, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ വർധനവ് സമുദ്രം കൂടുതല്‍ അമ്ലീകരണത്തിന് വിധേയമാകുന്നതിനും സമുദ്രത്തിന്റെ അമ്ലീകരണം പവിഴപ്പുറ്റുകളുടെ രൂപീകരണത്തിന് വിഘാതമാവുകയും ചെയ്യുന്നു. ഒപ്പം വേഗത്തില്‍ വളരാനുള്ള അവയുടെ ശേഷിയെയും പ്രതികൂലമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കോറലുകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ ഫലങ്ങള്‍ നമ്മള്‍ ഇന്ന് അനുഭവിക്കാന്‍ തുടങ്ങിയിട്ടില്ല എന്നതിനര്‍ത്ഥം അതില്ലെന്നോ, ഉണ്ടാവില്ലെന്നോ അല്ല.
ഫോസില്‍ ഇന്ധന ഉപഭോഗം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ നൈതികത ഇല്ലാത്ത ഒരു ഭരണകൂടത്തിന്റെ അധ്യക്ഷതയിലാണ് കോപ് 29 നടക്കുന്നത് എന്നതുകൊണ്ടുതന്നെ ബാക്കുവില്‍ നിന്നുള്ള കോറല്‍ ആശങ്കകള്‍ വലിയ പ്രതീക്ഷയൊന്നും അവശേഷിപ്പിക്കുന്നില്ല. എന്നാല്‍ പൂര്‍ണ്ണമായും കോറലുകളില്‍ നിന്ന് രൂപപ്പെട്ടിട്ടുള്ള ഭൂവിസ്തൃതി കുറവായ, പാരിസ്ഥിതികമായി വളരെ fragile ആയ, പ്രാദേശിക സമ്പദ്‌വ്യവസ്ഥ അത്രയൊന്നും ചലനാത്മകമല്ലാത്ത ലക്ഷദ്വീപിലെ ചെറു ദ്വീപുകളെ സംബന്ധിച്ച് കോറല്‍ ബ്ലീച്ചിങ്, സമുദ്ര അമ്ലീകരണം എന്നിവ ഉണ്ടാക്കുന്ന ദീര്‍ഘവ്യാപകമായ ആഘാതങ്ങള്‍ താങ്ങാന്‍ പ്രാദേശിക പരിസ്ഥിതിക്കോ ഇവിടുത്തെ ജനങ്ങള്‍ക്കോ കഴിയില്ല എന്നത് ബാക്കുവില്‍ നിന്ന് കേള്‍ക്കുന്നതിന് മുന്‍പേ തിരിച്ചറിയുക എന്നതാണ് പാരിസ്ഥിതിക വിവേകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.