കോഴിക്കോട്: മാടായിപ്പാറപോലെ ദേശാടന പക്ഷികളുടെ ഇഷ്ടയിടങ്ങൾ ഇപ്പോൾ പക്ഷി സൗഹൃദമല്ലെന്നും വിനോദസഞ്ചാരികളുടെ ആധിക്യം പക്ഷികളുടെ സാന്നിധ്യത്തെ ബാധിക്കുന്നുണ്ടെന്നും കണ്ടെത്തൽ. പക്ഷിശാസ്ത്രജ്ഞൻ ഡോ. സാലിം അലിയുടെ 128ാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ‘ബേഡ് റേസ് 2024’ൽ പങ്കെടുത്ത വിദഗ്ധ സംഘത്തിന്റെതാണ് വിലയിരുത്തൽ. കടലുണ്ടിയിലും പക്ഷിസൗഹൃദമല്ലാത്ത അവസ്ഥ വന്നു.
മത്സ്യബന്ധന യാനങ്ങളുടെ സാന്നിധ്യം ദേശാടനപ്പക്ഷികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. വലിയ വേലിത്തത്തകളുടെ കേരളത്തിലെ ഏറ്റവും വലിയ പ്രജനനകേന്ദ്രമായ കാങ്കോലിൽ ഈ ഇനങ്ങളുടെ കൂടുകളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് രേഖപ്പെടുത്തി. ആവാസവ്യവസ്ഥയിലുള്ള മാറ്റം മണ്ണ് തുരന്ന് കൂടുണ്ടാക്കുന്ന ഇത്തരം പക്ഷികളെ സാരമായി ബാധിക്കുന്നതായും കണ്ടെത്തി. എന്നാൽ, ആറ്റക്കുരുവികളുടെ 300ലധികം വരുന്ന കൂട്ടത്തെ ഏഴോം ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്.
വടക്കൻ കേരളത്തിൽനിന്ന് 201 ഇനം പക്ഷികളെ സർവേയിൽ കണ്ടെത്തി. ഇതിൽ 54 ഇനങ്ങൾ ദേശാടകരും 14 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയുമാണ്. കോഴിക്കോട് ജില്ലയിൽ കോട്ടൂളി, മാവൂർ തണ്ണീർത്തടങ്ങൾ, കാപ്പാട്, ചെരണ്ടത്തൂർ, വനപർവം, പൊൻകുന്ന് മല തുടങ്ങിയിടങ്ങളിലായിരുന്നു കണക്കെടുപ്പ്. കണ്ണൂരിൽ മാടായിപ്പാറ, ചെമ്പല്ലിക്കുണ്ട്, ഏഴോം, ചെറുതാഴം വയൽ എന്നിവിടങ്ങളിലും, മലപ്പുറം ജില്ലയിൽ, പൊന്നാനി കടപ്പുറം എന്നിവിടങ്ങളിലും വയനാട്ടിൽ മണിക്കുന്നുമലയിലും പക്ഷിനിരീക്ഷകർ ബേഡ് റേസിൽ പങ്കെടുത്തു.
കോഴിക്കോട് കേന്ദ്രമായ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും (എം.എൻ.എച്ച്.എസ്), വിങ്സ് ബേഡ്സ് ഓഫ് ഇന്ത്യയും എച്ച്.എസ്.ബി.സിയും ചേർന്നാണ് വടക്കൻ കേരളത്തിൽ പക്ഷിനിരീക്ഷണ സർവേ നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പക്ഷിയിനങ്ങളിൽ കുറവ് രേഖപ്പെടുത്തി. 50 ഇനം നീർപ്പക്ഷികളെ കണ്ടെത്തി. കടലുണ്ടിയിലും പരിസരത്തും പക്ഷിയിനങ്ങളിൽ ഗണ്യമായ കുറവുണ്ട്. വടക്കൻ കേരളത്തിൽ വെള്ള വയറൻ കടൽപ്പരുന്തുകളുടെ എണ്ണത്തിൽ ആശങ്കജനകമായ കുറവുണ്ടെന്ന് സംഘം വിലയിരുത്തി.
കോഴിക്കോട് ജില്ലയിൽ ബേഡേഴ്സ് അംഗങ്ങൾ കണക്കെടുപ്പിന് നേതൃത്വം നൽകി. അവലോകനയോഗം ജില്ല സോഷ്യൽ ഫോറസ്ട്രി വിഭാഗം മേധാവി ആർ. കീർത്തി ഉദ്ഘാടനം ചെയ്തു. വടക്കൻ കേരളത്തിലെ തണ്ണീർത്തടങ്ങളും പക്ഷിസാന്നിധ്യവും എന്ന വിഷയത്തിൽ സുവോളജി സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് ജാഫർ പാലോട്ട് ക്ലാസെടുത്തു. എം.എൻ.എച്ച്.എസ് പ്രസിഡന്റ് സി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് റഫീഖ് എ.പി.എം, ഡോ. പി.കെ. അശോകൻ എന്നിവർ സംസാരിച്ചു. ഡോ. കെ. കിഷോർകുമാർ സർവേയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.