ആറാട്ടുപുഴ: ഓരുവെള്ളം ഒഴുകുന്ന കായലിെൻറയും തോടിെൻറയും തീരത്ത് മനോഹരമായൊരു ഫലവൃക്ഷത്തോട്ടമുണ്ട്. ഐ.ടി വിദഗ്ധനായ ബിമൽ ബി. ചന്ദ്രെൻറ സ്വപ്ന സാഫല്യമാണിത്. മധുരം കിനിയുന്ന നിരവധി ഫലങ്ങൾ ഇവിടെ വിളഞ്ഞുകിടക്കുന്നത് കണ്ണിന് കുളിർമ നൽകുന്നു.
ഐ.ടി രംഗത്ത് പണിയെടുക്കുമ്പോഴും ആറാട്ടുപുഴ പഞ്ചായത്ത് മൂന്നാം വാർഡിൽ മുതുകുളം വടക്ക് സദനത്തിൽ ബിമൽ ബി. ചന്ദ്രൻ (37) ചെറുപ്പം മുതൽ കൊണ്ടുനടന്ന സ്വപ്നമാണ് വീട്ടുമുറ്റത്തൊരു ഫലവൃക്ഷ തോട്ടം ഒരുക്കുകയെന്നത്. പഠനത്തിെൻറ തിരക്കിൽ വീടുവിട്ടുനിൽക്കേണ്ടി വന്നപ്പോഴും കൃഷിയോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിച്ചു. അഞ്ചുവർഷമായി വിദേശ കമ്പനിക്ക് വേണ്ടി വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട സാഹചര്യം വന്നപ്പോഴാണ് ബിമലിെൻറ മനസ്സിലെ കൃഷിക്കാരൻ ഉണർന്നത്.
ഓരുവെള്ളം നിറഞ്ഞുനിൽക്കുന്ന കായംകുളം കായലും തോടും അതിരിടുന്ന ഭൂമിയിൽ ഫലവൃക്ഷങ്ങൾ വളരുന്നതിന് പ്രതികൂല ഘടകങ്ങൾ ഏറെയുണ്ടെങ്കിലും ബിമലിെൻറ ആഗ്രഹ സഫലീകരണത്തിന് അതൊന്നും തടസ്സമായില്ല. അഞ്ചുവർഷംകൊണ്ട് ഗവേഷണ മനസ്സോടെ താൻ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം വീടിനോട് ചേർന്നുള്ള 40 സെൻറിൽ ഈ യുവാവ് യാഥാർഥ്യമാക്കി. 10 ഇനം മാവ്, ഏഴിനം സപ്പോട്ട, വിവിധയിനം പേര, റമ്പൂട്ടാൻ, മിറക്കിൾ ഫ്രൂട്ട്, പുലാസ, മിൽക്ക് ഫ്രൂട്ട് , ഡ്രാഗൺ ഫ്രൂട്ട് , അബിയു, മുന്തിരി, സീതപ്പഴം, മധുരപ്പുളി, മൂന്നിനം ഞാവൽ, മൾബറി, ചെറി, മാങ്കോസ്റ്റിൻ, ഓറഞ്ച്, ബാർബ, ലുബി, മാതളനാരകം തുടങ്ങി വിദേശി-സ്വദേശി ഇനത്തിൽപെട്ട നൂറോളം ഇനത്തിൽപെട്ട 250ഓളം ഫലവൃക്ഷങ്ങളാണ് പറമ്പിൽ നിറഞ്ഞുനിൽക്കുന്നത്. 60 ഇനം ചാമ്പകൾതന്നെയുണ്ട്. 30 എണ്ണം ഫലം തരാൻ തുടങ്ങി. പലവർണങ്ങളിലും രുചികളിലും വലുപ്പത്തിലുമുള്ള ചാമ്പകളാണിത്.
വിവിധ ഇനത്തിൽപ്പെട്ട ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിലും തീരപ്രദേശം ആയതിനാൽ എല്ലാവിധ ഫലവൃക്ഷങ്ങളും ഫലപ്രദമായി വളരില്ല. ചാമ്പ, പേര, സപ്പോട്ട, മാവ് എന്നിവ തീരപ്രദേശങ്ങളിലും നന്നായി ഉണ്ടാകും. അതുകൊണ്ടാണ് ഇവക്ക് പ്രാധാന്യംനൽകിയത്. സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയാണ് വിവിധ വിവിധ ഇനങ്ങൾ സ്വന്തമാക്കിയത്. ഓരുവെള്ള ഭീഷണി നാളിതുവരെ ഉണ്ടാകാത്ത തരത്തിൽ ഇക്കൊല്ലം രൂക്ഷമായത് നിരവധി വൃക്ഷങ്ങൾ നശിക്കാൻ കാരണമായെന്നും ഈ യുവകർഷകൻ സങ്കടത്തോടെ പറയുന്നു. മാതാപിതാക്കളായ ബി. ബാലചന്ദ്രനും ശോഭനയും ഭാര്യ അഞ്ജന എം. രാജീവും മകൾ വേദിക വിമലും തോട്ടത്തിെൻറ പരിപാലനത്തിനായി ബിമലിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.