ഫലസ്തീൻ-ഇസ്രായേൽ സംഘർഷം അനുദിനം കനക്കുമ്പോൾ ഇരുപക്ഷവും വലിയതോതിലുള്ള പ്രചണങ്ങൾക്കുകൂടിയാണ് നേതൃത്വം നൽകുന്നത്. ഇതിന്‍റെ ഭാഗമായി വ്യാജചിത്രങ്ങളും വിഡിയോകളും ചരിത്രമെന്ന വ്യാജേനയുള്ള പ്രൊപ്പഗണ്ടകളും പ്രചരിപ്പിക്കുന്നുണ്ട്. ലോക മാധ്യമങ്ങളിലെ സ്വാധീനംവച്ച് ഇസ്രായേൽ ആണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഇത്തരത്തിലുള്ള ഒരു ചിത്രം ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചിത്രത്തിൽ അർജന്‍റീനൻ ഫുട്ബോളർ ലയണൽ മെസ്സി ഇസ്രായേൽ പതാകയും പിടിച്ച് നിൽക്കുന്നതായാണുള്ളത്. ചിത്രം ഇന്റർനെറ്റിൽ വൈറലായിരുന്നു. ‘ദൈവം ലിയോ മെസ്സിയെ അനുഗ്രഹിക്കട്ടെ, ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിയോണിസ്റ്റ് അനുഭാവികൾ വ്യാപകമായി ചിത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ചിത്രത്തിന്‍റെ യാഥാർഥ്യം
ചിത്രത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഫാക്ട് ചെക്ക് വെബ്സൈറ്റുകൾ കണ്ടെത്തിയ വിവരങ്ങൾ താഴെപ്പറയുംവിധമാണ്. മെസ്സി തന്‍റെ സമൂഹമാധ്യമ അകൗണ്ടുകളിൽ ഒന്നും നിലവിലെ ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ഏതെങ്കിലും ഒരുപക്ഷത്തെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. മെസ്സിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഇസ്രായേലിനെ പിന്തുണച്ച് എന്തെങ്കിലും തരത്തിലുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടില്ല.
റിവേഴ്സ് ഇമേജ് സെർച്ചിൽ 'Icons.com' എന്ന പേരിലുള്ള വെരിഫൈഡ് ഫേസ്ബുക്ക് പേജിൽ ഇപ്പോൾ പ്രചരിക്കുന്നതിന് സമാനമായ ഒരു ചിത്രം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗികമായി മെസ്സി ഒപ്പിട്ട പലതരം സാധനങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഹോം ആണ് ഐക്കൺസ് ഡോട്ട് കോം. ഇവിടെ ഒക്ടോബർ 3-നാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാലീ ചിത്രത്തിൽ മെറ്റാരു പോസ്റ്റർ ആണ് താരം പിടിച്ചിരിക്കുന്നത്. അതിൽ ഐക്കൺസ് ഡോട്ട് കോം എന്നാണ് എഴുതിയിരിക്കുന്നത്. ഇതിനെ എഡിറ്റ് ചെയ്ത് മാറ്റിയശേഷം ഇസ്രായേലി പതാക അവിടെ വയ്ക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.