'ബംഗ്ലാദേശിൽ മുസ്‌ലിംകൾ കൊലപ്പെടുത്തിയ ഹിന്ദു കുടുംബം'; മരിച്ച മുസ്‌ലിം കുടുംബത്തിന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാപക വിദ്വേഷ പ്രചാരണം -FACT CHECK

ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ മറവിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ, വിദ്വേഷ പ്രചാരണങ്ങൾ തകൃതിയാണ്. അത്തരത്തിലൊന്നാണ് ബംഗ്ലാദേശിൽ പ്രക്ഷോഭകാരികളായ മുസ്‌ലിംകൾ ഹിന്ദു കുടുംബത്തിലെ നാല് പേരെ കൊന്ന് കെട്ടിത്തൂക്കിയെന്നത്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പ്രചരിപ്പിക്കുന്നത്.

'മുസ്‌ലിം ജിഹാദികൾ കൊലപ്പെടുത്തിയ ബംഗ്ലാദേശിലെ ഹിന്ദു കുടുംബം' എന്ന അടിക്കുറിപ്പോടെ നിരവധി പേർ 28 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ഒരു മുറിയിൽ നാല് മൃതദേഹങ്ങൾ തൂങ്ങിക്കിടക്കുന്ന വിഡിയോ ആണിത്. 'ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിക്കുക' (Save Bangladeshi Hindus) എന്ന ഹാഷ് ടാഗുമുണ്ട്.

 

ബംഗ്ലാദേശിൽ ഹിന്ദു ജനതയെ വംശഹത്യ ചെയ്യുകയാണെന്നും ഇന്ത്യൻ സർക്കാർ ഇടപെടണമെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർ ആവശ്യപ്പെടുന്നുണ്ട്. Salwan Momika എന്ന എക്സ് പ്രൊഫൈലിന്‍റെ ഈയൊരു പോസ്റ്റ് ഒമ്പത് ലക്ഷത്തോളം പേർ കാണുകയും 12,000 പേർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ 100 കോടി വരുന്ന ഹിന്ദുക്കൾ എന്താണ് നിശ്ശബ്ദമായിരിക്കുന്നത് എന്നും ഇയാൾ ചോദിക്കുന്നു.

 

വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഈ വിഡിയോ ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. ബംഗ്ലാദേശിൽ മുസ്‌ലിംകൾ കൊലപ്പെടുത്തിയ ഹിന്ദു കുടുംബം എന്ന പേരിലാണ് പ്രചാരണം.

 

ഫാക്ട് ചെക്കിങ് വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്' ഈ വിഡിയോയെ കുറിച്ച് ഫാക്ട് ചെക്ക് നടത്തി. ബംഗാളി കീവേഡുകൾ ഉപയോഗിച്ചുള്ള ഗൂഗ്ൾ സെർച്ചിൽ, ബംഗ്ലാദേശ് ദിനപത്രമായ ദൈനിക് ഇത്തീഫാകിൽ ജൂലൈ 28ന് പ്രസിദ്ധീകരിച്ച ഒരു വാർത്ത ഇവർക്ക് ലഭിച്ചു. ബംഗ്ലാദേശിലെ ബ്രഹ്മൻബാരിയയിൽ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി എന്നായിരുന്നു വാർത്ത. സൊഹാഗ് മിയ, ജന്നത്തുൽ ബീഗം, ഇവരുടെ മക്കളായ ഫരിയ, ഫഹീമ എന്നിവരായിരുന്നു മരിച്ചത്.

മറ്റൊരു പത്ര റിപ്പോർട്ടിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ ലഭിച്ചു. സൊഹാഗ് മിയ ഒരു ചെറുകിട വ്യാപാരിയായിരുന്നെന്നും കടബാധ്യതയെ തുടർന്ന് ഇയാൾ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നുമെന്നുമാണ് റിപ്പോർട്ട്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഇയാൾ കടുംകൈ ചെയ്തതെന്നും പറയപ്പെടുന്നു.

Full View

യൂട്യൂബിൽ ഇവരുടെ മരണവുമായി ബന്ധപ്പെട്ട വിഡിയോകളും ലഭിച്ചു. പൊലീസും ബന്ധുക്കളും സംഭവത്തെ കുറിച്ച് സംസാരിക്കുന്നുമുണ്ട്. സംഭവത്തിന് എന്തെങ്കിലുമൊരു വർഗീയനിറമുണ്ടെന്ന് ആരും പറയുന്നില്ല എന്ന് മാത്രവുമല്ല, മരിച്ചത് മുസ്‌ലിം കുടുംബമാണ്.

ബംഗ്ലാദേശിലെ ബ്രഹ്മൻബാരിയയിൽ ജൂലൈ 28ന് മരിച്ച നിലയിൽ കണ്ടെത്തിയ മുസ്‌ലിം കുടുംബത്തിന്‍റെ വിഡിയോയാണ്, പ്രക്ഷോഭത്തിൽ മുസ്‌ലിംകൾ കൊലപ്പെടുത്തിയ ഹിന്ദു കുടുംബം എന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്നത് എന്ന് വ്യക്തം. ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന്‍റെ മറപിടിച്ചുള്ള നിരവധി വ്യാജ പ്രചാരണങ്ങളുടെ കൂട്ടത്തിലുള്ളതാണ് ഇതും. 

Tags:    
News Summary - Bangladesh: footage falsely viral as killing of Hindus by ‘Jihadists’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.