ഖത്തറിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി കേരളത്തിൽ നടന്നതാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വിദ്വേഷ പ്രചാരണത്തിന് ശ്രമം. ഫലസ്തീൻ ജനതയ്ക്ക് പിന്തുണപ്രഖ്യാപിച്ച് മലയാളത്തിൽ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ നടന്ന റാലിയാണ് ഇതെന്നും, ഹമാസിന്റെ ശാഖയായി മാറിയിരിക്കുകയാണ് ഇവിടെ എന്നും വീഡിയോ പങ്കുവെച്ച് വിദ്വേഷ പ്രചരണം നടത്തുന്നവർ പറയുന്നു. ഇത്തരത്തിൽ ട്വിറ്ററിൽ ഉൾപ്പെടെ വൻതോതിൽ പ്രചാരണം നടന്നിരുന്നു.
യഥാർത്ഥത്തിൽ, ഖത്തറിൽ മലയാളികൾ ഉൾപ്പെടെ പങ്കെടുത്ത് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയുടേതാണ് വീഡിയോ. ഇതിൽ നിന്നും മലയാളത്തിൽ മുദ്രാവാക്യം വിളിക്കുന്ന ഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലക്കെതിരെ പ്രതിഷേധിക്കാൻ ഖത്തറിൽ ഗ്രാൻഡ് മോസ്ക് പരിസരത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്. മേയ് 15 നായിരുന്നു റാലി നടന്നത്. മലയാള മാധ്യമങ്ങൾ ഉൾപ്പെടെ ഇതിന്റെ വാർത്ത നൽകിയിരുന്നു.
ഐക്യദാർഢ്യ സംഗമത്തെക്കുറിച്ച് മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത ഇവിടെ വായിക്കാം https://www.madhyamam.com/gulf-news/qatar/israeli-attack-large-palestinian-solidarity-meeting-in-qatar-798310
ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇസ്രായേൽ അതിക്രമത്തെ അപലപിച്ചും കേരളത്തിലും രാഷ്ട്രീയകക്ഷികളും നിരവധി വ്യക്തികളും രംഗത്തെത്തിയെങ്കിലും ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഐക്യദാർഢ്യ റാലികൾ ഒന്നും നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.