രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ ചർച്ചയിൽ തുടരുന്ന വിവാദങ്ങളിൽ ഒന്നാണ് മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന്‍റെ അശ്ലീല ആംഗ്യവും അതിന് പിന്നിലെ കാരണവും. ഗംഭീർ ആംഗ്യം കാണിച്ചത് കോഹ്‌ലി ആരധകർക്ക് നേരേ ആണെന്ന് ഒരുവിഭാഗം ആരോപിക്കുമ്പോൾ ഗംഭീർ ഉൾപ്പടെയുള്ളവർ പറയുന്നത് ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്ക് നേരേയാണ് താൻ പ്രതികരിച്ചത് എന്നാണ്. വിഷയത്തിൽ ’ഇന്ത്യ ടുഡേ’ നടത്തിയ ഫാക്ട് ചെക്കിൽ പുറത്തുവന്ന വിവരങ്ങൾ ഇവയാണ്.
വിവാദ പശ്ചാത്തലം
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ–നേപ്പാൾ മത്സരത്തിനിടെയാണ് സംഭവം. സ്റ്റേഡിയത്തിൽനിന്നു മടങ്ങുന്ന ഗംഭീറിന്റെ ദൃശ്യങ്ങളാണ് വൈറലായത്. വിഡിയോയിൽ ആർക്കോ നേരേ തിരിഞ്ഞ് അശ്ലീല ആംഗ്യം കാണിക്കുന്ന ഗംഭീറിനെയാണ് കാണുന്നത്. വിരാട് കോലിക്കായി മുദ്രാവാക്യം വിളിച്ചവർക്കുനേരേയാണിതെന്ന് ഉടൻ തന്നെ വാർത്തയും പരന്നു. ഗംഭീർ അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് കോഹ്‌ലി ആരാധകരും രംഗത്തെത്തിയിരുന്നു.
സംഗതി വിവാദമായതോടെ ഗംഭീറും അനുകൂലികളും വിശദീകരണവുമായി രംഗത്തുവിരികയായിരുന്നു. ഇന്ത്യ വിരുദ്ധ മുദ്രാവാക്യം ഉയർത്തിയവർക്കു നേരെയാണു താൻ പ്രതികരിച്ചതെന്നാണ് ഗംഭീർ പറഞ്ഞത്. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്കെതിരായ സ്വാഭാവിക പ്രതികരണം മാത്രമാണു തന്റേതെന്നായിരുന്നു ഗംഭീറിന്റെ നിലപാട്. ‘‘സമൂഹമാധ്യമങ്ങളിൽ കാണുന്ന കാര്യങ്ങൾ ശരിയല്ല. ആളുകൾ അവർക്ക് ആവശ്യമുള്ളതു മാത്രമാണു കാണിക്കുന്നത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയർത്തുമ്പോഴും കശ്മീരിനെക്കുറിച്ചു സംസാരിച്ചാലും ചിരിച്ചുകൊണ്ടു പോകാൻ എനിക്കു സാധിക്കില്ല. ആരായാലും പ്രതികരിക്കും. അതാണു നടന്നത്.’’– ഗംഭീർ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
കഴിഞ്ഞ ദിവസം പാകിസ്താനുമായുള്ള മത്സരത്തിൽ കോഹ്‌ലി അടക്കമുള്ള ഇന്ത്യൻതാരങ്ങൾ പാക് താരങ്ങളുമായി സൗഹൃദം പങ്കിട്ടതിനേയും ഗംഭീർ വിമർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിഡീയോയും പ്രചരിച്ചത്. ‘നിങ്ങൾ എന്നെയോ എന്റെ രാജ്യത്തെയോ അധിക്ഷേപിച്ചാൽ ഞാൻ പ്രതികരിക്കില്ലെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ഞാൻ അത്തരത്തിലുള്ള ആളല്ല’-എന്നാണ് ഗംഭീർ പറഞ്ഞത്.
ഫാക്ട് ചെക്ക്
ഫാക്ട് ചെക്കിൽനിന്ന് മനസിലാകുന്നത് ഗംഭീറും കൂട്ടരും നുണ പറയുന്നതായാണ്. കോഹ്‌ലി കോഹ്‌ലി എന്ന് വിളിക്കുന്ന വിഡിയോയിലാണ് ആരാധകർക്കുനേരേ ഗംഭീർ അശ്ലീല ആംഗ്യം കാണിക്കുന്നത്. പിന്നീട് ബി.ജെ.പി ഐ.ടി സെൽ ഗംഭീറിനെ പിന്തുണക്കാൻ ഒരു വ്യാജ വിഡിയോയും പുറത്തിറക്കി. അതിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വ്യാജമായി ചേർത്തിരുന്നു. ഇതേ മുദ്രാവാക്യങ്ങളാണ് ജെ.എൻ.യു വ്യാജ വീഡിയോയിലും ബി.ജെ.പി ഐ.ടി സെൽ ചേർത്തതെന്നും റിപ്പോർട്ടുണ്ട്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നിരവധിപേരും ഗംഭീർ പറയുന്നത് നുണയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ എവിടേയും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ കേട്ടിരുന്നില്ല എന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.