കൊൽക്കത്തയിൽ മുസ്ലിങ്ങളെ മാത്രം ചികിത്സിക്കുന്ന ആശുപത്രിയുണ്ടെന്നാണ് പശ്ചിമബംഗാളിലെ ചിലർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവും കൊൽക്കത്ത മേയറുമായ ഫിറാദ് ഹകിം ആശുപത്രി ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. സംഘ്പരിവാർ കേന്ദ്രങ്ങളാണ് ഈ പ്രചാരണത്തിന് പിന്നിൽ.
മമത ബാനർജി മുസ്ലിങ്ങളെ പ്രീണിപ്പിക്കാനായി അവർക്ക് വേണ്ടി മാത്രമായി തുടങ്ങിയ ഇസ്ലാമിയ ആശുപത്രി മേയർ ഉദ്ഘാടനം ചെയ്യുന്നുവെന്നാണ് പ്രചാരണം. ഫിറാദ് ഹകീമിന്‍റെ ട്വീറ്റും ഇത്തരത്തിൽ പ്രചരിപ്പിക്കുകയാണ്.
യഥാർഥത്തിൽ, കൊൽക്കത്തയിലെ പ്രശസ്തമായ ഇസ്ലാമിയ ആശുപത്രിയിലെ നവീകരിച്ച വിഭാഗം കോവിഡ് ചികിത്സാ സൗകര്യത്തോടെ ഉദ്ഘാടനം ചെയ്യുന്നതിന്‍റെയാണ് ചിത്രങ്ങൾ. കോവിഡ് ബെഡുകളും, ഐ.സി.യു സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മേയർ തന്‍റെ ട്വീറ്റിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, ഇസ്ലാമിയ ആശുപത്രിയിൽ മുസ്ലിങ്ങൾക്ക് മാത്രമായാണ് ചികിത്സയെന്ന് ചിലർ വ്യാജപ്രചാരണം നടത്തുകയായിരുന്നു. 1926 മുതൽ പ്രവർത്തിച്ചു വരുന്നതാണ് ഇസ്ലാമിയ ആശുപത്രി. സർക്കാർ സഹായത്തോടെ 3.75 കോടി ചെലവിട്ടാണ് ആശുപത്രി നവീകരിച്ചത്.
മേയ് 30നാണ് ആശുപത്രി പുതിയ വിഭാഗം തുറന്നു നൽകിയത്. ഇതിന്‍റെ വാർത്തയും ടെലഗ്രാഫ് ഉൾപ്പെടെ പ്രധാന പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'മത-ജാതി വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ആളുകൾക്കും ഒരുപോലെ ചികിത്സ നൽകുന്ന സ്ഥാപനമാണിത്' എന്ന് ആശുപത്രി ജനറൽ സെക്രട്ടറി അമീറുദ്ദീൻ ടെലഗ്രാഫിനോട് വ്യക്തമാക്കുന്നുണ്ട്.
സമൂഹത്തിൽ വിഭജനമുണ്ടാക്കുക ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.