മലയാളിയായ ശാലിനി ഉണ്ണികൃഷ്ണൻ ഫാത്തിമ ബേ ആയി മതംമാറി ഐ.എസിൽ എത്തി എന്ന രീതിയിൽ വിഡിയോ പ്രചരിക്കുന്നു. സംഘപരിവാർ ഹാൻഡിലുകളാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിക്കുന്നത്. ട്വിറ്ററിൽ ആയിരക്കണക്കിനുപേരാണ് വിഡിയോ കണ്ടത്. വിഡിയോയുടെ ഉറവിടത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ സിനിമ ടീസറാണ് ഇത്തരത്തിൽ വ്യാജ പ്രചരണത്തിന് ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പർദ്ദധരിച്ച യുവതി തന്റെ കഥ പറയുന്ന രീതിയിലാണ് വിഡിയോ എടുത്തിരിക്കുന്നത്. ശാലിനി ഉണ്ണികൃഷ്ണന്‍ എന്നാണ് തന്റെ പേരെന്നും താൻ മതം മാറി ഫാത്തിമ ബേ എന്ന് പേര് മാറ്റിയെന്നും യുവതി പറയുന്നു. മലയാളിയായ താനിപ്പോൾ അഫ്ഗാൻ ജയിലിലായെന്നും ഇവർ പറയുന്നുണ്ട്. കേരളത്തിനെതിരേ വ്യാജ ആരോപണങ്ങളും യുവതി ഉന്നയിക്കുന്നുണ്ട്. പെൺകുട്ടികളെ ഐസിസ് തീവ്രവാദികളാക്കുന്ന അപകടകരമായ കളി കേരളത്തിൽ നടക്കുന്നു എന്നാണ് ഇവർ പറയുന്നത്. സംസ്ഥാനത്തുനിന്ന് 32,000 പെൺകുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്നും അവർ ഐ.എസിലേക്ക് പോയെന്നുള്ള വ്യാജ ആരോപണവും വിഡിയോയിലുണ്ട്.
വിഡിയോയുടെ യാഥാർഥ്യം
സുദീപ്‌തോ സെൻ സംവിധാനം ചെയ്ത 'ദ കേരള സ്‌റ്റോറി' എന്ന സിനിമയുടെ ടീസറാണ് സംഘപരിവാർ വ്യാജ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സിനിമ നിർമിച്ചിരിക്കുന്നത് വിപുൽ അമൃത്‌ലാൽ ഷായാണ്. കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നാണ് അണിയറക്കാർ പറയുന്നത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇവർ അവകാശപ്പെടുന്നു.
ചിത്രത്തില്‍ നായികയായി എത്തുന്ന അദാ ശര്‍മ, ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നഴ്സ് ആയി ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ശാലിനി തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെൺവാണിഭത്തില്‍പ്പെടുകയായിരുന്നു എന്നാണ് ടീസർ പറയുന്നത്. തുടര്‍ന്ന് ഫാത്തിമാ ബാ ആയി മാറിയ അവര്‍ ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിതയായി. ഇപ്പോള്‍ താൻ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നു എന്നും ഈ കഥാപാത്രം പറയുന്നുണ്ട്.
ടീസറിനെതിരേ സെൻസർ ബോർഡിൽ പരാതി
ടീസറിലെ വിദ്വേഷ പ്രചരണത്തിനെതിരേ മാധ്യമപ്രവർത്തകനായ ബി.ആർ. അരവിന്ദാക്ഷൻ സെൻസർ ബോർഡിൽ പരാതി നൽകി. സിനിമ നിരോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജവിവരങ്ങൾ യാഥാർഥ്യമെന്ന തരത്തിൽ ചിത്രം അവതരിപ്പിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.