നിറതോക്കുകളുമായി നിൽക്കുന്ന സൈനികനെ മുഷ്ടി ചുരുട്ടി ഇടിക്കുന്ന കൊച്ചു പെൺകുട്ടി. ഇടിക്കുന്നതിന് പുറമെ അയാളോട് തനിക്കാവുന്ന ഉച്ചത്തിൽ ആക്രോശിക്കുകയും ചെയ്യുന്നുണ്ട് ആ കൊച്ചു പെൺപുലി. യുക്രെയ്നിലെ ബാലികയുടെ വിഡിയോ എന്ന പേരിലാണ് ഈ ദൃശ്യം ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
എന്നാൽ, ഈ കുരുന്ന് ഫലസ്തീനിലെ പെൺപുലിയായ അഹദ് തമീമിയാണെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ എൻ.ഡി.ടി.വി, ലോകമത് മറാത്തി, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളും ഈ കുട്ടിയുടെ വിഡിയോ പ്രസിദ്ധീകരിച്ചിരുന്നു. "ഈ കൊച്ചു പെൺകുട്ടിയുടെ ധൈര്യം കണ്ടാൽ പുടിന് പോലും പരാജയപ്പെട്ടതായി തോന്നും" എന്നായിരുന്നു ഏഷ്യാനെറ്റിന്റെ തലക്കെട്ട്. അതേസമയം വിഡിയോയുടെ വസ്തുത സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എൻ.ഡി.ടി.വി വ്യക്തമാക്കിയിരുന്നു.
യഥാർഥത്തിൽ സൈനികനോട് ഏറ്റുമുട്ടുന്ന ഫലസ്തീനി പെൺകുട്ടിയുടെ ഈ വീഡിയോയ്ക്ക് 10 വർഷം പഴക്കമുണ്ട്. അന്ന് 11 വയസ്സായിരുന്നു അഹദ് തമീമിയുടെ പ്രായം. ഇസ്രായേൽ സൈനികർ അഹദിന്റെ ജ്യേഷ്ഠനെ അറസ്റ്റ് ചെയ്തപ്പോൾ സൈനികർക്ക് നേരെ പ്രതിഷേധിക്കുന്നതായിരുന്നു പ്രസ്തുത വിഡിയോ. അഹദും ഇസ്രായേൽ സൈനികരും തമ്മിലുള്ള ചൂടേറിയ വാക്കുതർക്കത്തിന്‍റെ മുഴുവൻ ദൃശ്യവും 2012 ഡിസംബറിൽ ഒരു യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2017ലും അഹദ് തമീമി ഒരു ഇസ്രായേൽ സൈനികനെ അടിക്കുന്ന മറ്റൊരു വിഡിയോ വൈറലായിരുന്നു. ഇതിനെ തുടർന്ന് 16കാരിയായ അഹദിനെ എട്ട് മാസം ജയിലിലടച്ചിരുന്നു. 2018ൽ ഇവരെ കുറിച്ച് 'അൽ ജസീറ' ചാനൽ ഒരു വീഡിയോ റിപ്പോർട്ട് സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. അതിൽ സൈനിക ഉദ്യോഗസ്ഥനെ നേരിടുന്ന 2012ലെ ദൃശ്യവും ഉണ്ടായിരുന്നു. അന്ന് അവൾക്ക് 11 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇപ്പോൾ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.