വേങ്ങര: തമിഴ്നാട്ടിൽ മുഴുവനും തെക്കൻ കേരളത്തിൽ ചിലയിടങ്ങളിലും റമദാനിൽ നോമ്പ് തുറക്കാൻ വ്യാപകമായി കാണുന്ന മസാലക്കഞ്ഞി എന്നറിയപ്പെടുന്ന ഔഷധക്കഞ്ഞി വേങ്ങരയിലെ കണ്ണാട്ടിപ്പടിയിലും പരിസരങ്ങളിലും നോമ്പുതുറക്ക് വിളമ്പാൻ തുടങ്ങി. ഏറെ ഔഷധ ഗുണമുള്ളതും ക്ഷീണമകറ്റുന്നതുമായ, തമിഴ്നാടിന്റെ ഈ ഇഷ്ടവിഭവം റമദാനിൽ മുഴുവൻ ദിവസങ്ങളിലും കണ്ണാട്ടിപ്പടി മഹല്ലിലും തൊട്ടടുത്ത പ്രദേശങ്ങളിലെ വീടുകളിലുമെത്തും. തമിഴ്നാട്ടിൽ കച്ചവടം നടത്തുന്ന മല അലവി ഹാജിയുടെ മനസ്സിൽ ഉദിച്ച ഒരു ആശയമാണ് നാട്ടിലും മസാലക്കഞ്ഞി വിതരണം തുടങ്ങാൻ കാരണമായത്. നാട്ടുകാരും സഹായത്തിനെത്തിയതോടെ ഇത് ജനകീയ പദ്ധതിയായി മാറുകയായിരുന്നു.
നോമ്പുതുറക്ക് തമിഴ്നാട്ടിൽ ഉപയോഗിക്കുന്ന മസാലക്കഞ്ഞി നാട്ടിലും കൊണ്ടുവരണമെന്ന അലവി ഹാജിയുടെ ആഗ്രഹമാണ് ഇതോടെ നിറവേറിയത്. സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനായ അലവി ഹാജി തന്നെ 10 ദിവസത്തെ കഞ്ഞിക്കാവശ്യമായ പണം നൽകിയാണ് പരിപാടിക്ക് തുടക്കമിട്ടത്. ഇതിനായി കോയമ്പത്തൂരിൽ കഞ്ഞിവെച്ചിരുന്ന പാചകക്കാരൻ റാഫിയും സഹായിയായി ഖാദറും എത്തി. ഔഷധക്കഞ്ഞി പാചകത്തിൽ ഒരു പാട് വർഷത്തെ പരിചയ സമ്പന്നത ഇവർക്കുണ്ട്. റമദാൻ കഴിയുന്നതുവരെ ഇവരിരുവരും ഇവിടെ താമസിക്കുകയാണ്. മതഭേദമന്യേ ആളുകൾ കഞ്ഞിക്കെത്തുന്നുണ്ട്.
ഒരു ദിവസം ഏകദേശം 50 കിലോ അരി കഞ്ഞിക്കായി ഉപയോഗിക്കുന്നു. കഞ്ഞിവിതരണത്തിന് അലവി ഹാജിക്ക് പുറമെ കുളാൻ സൈതലവി, സി.പി. മൂസ, മുഹമ്മദലി വളളിൽ, സമീർ കുളാൻ, പാക്കട മുസ്തഫ, പനക്കൻ അനീസ്, മല അബൂബക്കർ ഹാജി എന്നിവരും സജീവമാണ്. ഇരുകുളം മഹല്ലിൽ തുടങ്ങിയ പദ്ധതി കൂടുതൽ മഹല്ലുകളിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. വൈകുന്നേരം അസർ നമസ്കാരത്തിന് ശേഷമാണ് വിതരണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.