മനാമ: വിവിധ ലോകരാജ്യങ്ങളുടെ വൈവിധ്യമാർന്ന രുചികളുമായി ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം. ദിയാർ മുഹറഖിലെ മറാസിയിൽ നടക്കുന്ന ഭക്ഷ്യമേള കാണാനും ലോകരുചികൾ ആസ്വദിക്കാനും ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ)യുടെ ആഭിമുഖ്യത്തിലാണ് ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷൻ തുടങ്ങിയത്.
ഈ മാസം 24 വരെ നീണ്ടുനിൽക്കുന്ന ഭക്ഷ്യമേളയിൽ നൂറിലധികം റസ്റ്റാറന്റുകളും കഫേകളും പങ്കെടുക്കുന്നു. നിങ്ങൾ ഒരിക്കലും രുചിച്ചിട്ടില്ലാത്ത പലഹാരങ്ങളുടെയും മത്സ്യ, മാംസ്യ വിഭവങ്ങളുടെയും വൻ വൈവിധ്യമാണ് ഒരുക്കിയിരിക്കുന്നത്. കണ്ടാൽതന്നെ നാവിൽ വെള്ളമൂറുന്ന അറബിക് പലഹാരങ്ങൾ മുതൽ ഏഷ്യൻ സ്ട്രീറ്റ് ഫുഡ്, ചൈനീസ്, ക്ലാസിക് അമേരിക്കൻ ബർഗറുകൾ അടക്കം നീണ്ട നിര.
ലോകോത്തര വിഭവങ്ങൾ കണ്ടു മനസ്സിലാക്കാനുള്ള അവസരംകൂടിയാണ് മേള. ഒപ്പം ലോകോത്തര ഷെഫുകളെ പരിചയപ്പെടുകയും ചെയ്യാം. ഗ്യാസ്ട്രോണമി ടൂറിസം മാപ്പിൽ ഇപ്പോൾതന്നെ ഇടം പിടിച്ചിട്ടുള്ള ബഹ്റൈൻ ടൂറിസ്റ്റുകളൂടെ ഇഷ്ട ലക്ഷ്യസ്ഥാനമായി മാറാൻ ഫുഡ് ഫെസ്റ്റിവലും കാരണമാകുമെന്ന് ബി.ടി.ഇ.എ സി.ഇ.ഒ, സാറ അഹമ്മദ് ബുഹെജി പറയുന്നു.
17 ദിവസങ്ങളിലായി വിവിധ വിനോദ, കലാപരിപാടികളും മറാസി ബീച്ചിലെ പ്രധാന വേദിയിൽ ഉണ്ടാകും. ഇസ്മായേൽ ദവാസ് ബാൻഡ്, ദി റേവൻസ്, എക്യു ജാസ് എക്സ്പീരിയൻസ്, ഡിജെ സ്വിഫ്, ഒറാക്കിൾ പ്രോജക്ട്, റീലോക്കേറ്റേഴ്സ്, ഫൈവ് സ്റ്റാർ എന്നീ പ്രശസ്ത ബാൻഡുകളും ഒപ്പം പ്രാദേശിക കലാകാരന്മാരും തങ്ങളുടെ കഴിവുകൾ പുറത്തെടുക്കും.
തത്സമയ സംഗീത പ്രകടനങ്ങൾ, ആകർഷകമായ ഗെയിമുകൾ, നിരവധി സമ്മാനങ്ങൾ, കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ കളി സ്ഥലങ്ങൾ എന്നിവയും ഭക്ഷണമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തത്സമയ പാചകമത്സരങ്ങളുമുണ്ട്. മുതിർന്നവർക്കായി ഗ്രേറ്റ് ഐലൻഡ് ഷെഫ് മത്സരവും 12നും 17നും ഇടയിൽ പ്രായമുള്ളവർക്കായി ലിറ്റിൽ ഷെഫ് മത്സരവും നടക്കും.
2023ൽ നടന്ന ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിൽ 14 ദിവസങ്ങളിലായി 1,68,000 സന്ദർശകരാണ് എത്തിയത്. ഇത്തവണ ജി.സി.സിയിൽനിന്നടക്കം ഇതിലും കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.